താലിബാനില്‍ ഭിന്നത രൂക്ഷം, സത്യപ്രതിജ്ഞ റദ്ദാക്കി; ധൂര്‍ത്തെന്ന് ന്യായീകരണം ; പാകിസ്ഥാനെതിരായ ശബ്ദസന്ദേശം പുറത്ത്

താലിബാന് ലോകരാജ്യങ്ങള്‍ക്കിടയിലുണ്ടായിരുന്ന മതിപ്പ് പാകിസ്ഥാന്‍ നശിപ്പിച്ചെന്ന് താലിബാന്‍ നേതാവ് ആരോപിച്ചു 
മുല്ല ബരാദര്‍ /ട്വിറ്റര്‍ ചിത്രം
മുല്ല ബരാദര്‍ /ട്വിറ്റര്‍ ചിത്രം

കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് താലിബാനും സഖ്യകക്ഷികളും തമ്മില്‍ ഭിന്നത രൂക്ഷം. ഇതേത്തുടര്‍ന്നാണ് താലിബാന്റെ പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ റദ്ദാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. റഷ്യയിലെ  ടാസ് ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 

അതേസമയം സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്നത് അനാവശ്യ ധൂര്‍ത്താണെന്നാണ് താലിബാന്റെ ന്യായീകരണം. അമേരിക്കയിലെ ഭീകരാക്രമണമുണ്ടായ സെപ്റ്റംബര്‍ 11 ന് താലിബാന്റെ പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് റഷ്യ, ഇറാന്‍, ചൈന, ഖത്തര്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളെ താലിബാന്‍ ക്ഷണിക്കുകയും ചെയ്യിരുന്നു. 

എന്നാല്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് റഷ്യ വ്യക്തമാക്കി. താലിബാന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ആഘോഷം നടത്താനുള്ള തീരുമാനത്തിനെതിരെ അമേരിക്കയും നാറ്റോ സഖ്യകക്ഷികളും രംഗത്തു വന്നിരുന്നു. താലിബാന്‍ ആഘോഷം നടത്തുന്നത് മനുഷ്യത്വ വിരുദ്ധമായ നടപടിയാണെന്നും, ഇതില്‍ നിന്നും പിന്തിരിയാന്‍ താലിബാനെ ഉപദേശിക്കണമെന്നും അമേരിക്ക ഖത്തറിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. 

അതിനിടെ, പാകിസ്ഥാനെതിരായ താലിബാന്‍ നേതാവിന്റെ ശബ്ദസന്ദേശം പുറത്തായി. താലിബാന് ലോകരാജ്യങ്ങള്‍ക്കിടയിലുണ്ടായിരുന്ന മതിപ്പ് പാകിസ്ഥാന്‍ നശിപ്പിച്ചെന്ന് താലിബാന്റെ ഡെപ്യൂട്ടി പ്രതിരോധമന്ത്രി മുല്ല ഫസല്‍ പറയുന്ന ഓഡിയോ ക്ലിപ്പാണ് പുറത്തായത്. പാകിസ്ഥാന്റെ ഇടപെടല്‍ ആഗോളതലത്തില്‍ താലിബാന്റെ മതിപ്പ് നശിപ്പിച്ചു, പാക് ചാരസംഘടനയായ ഐഎസ്‌ഐ മേധാവി കുഴപ്പങ്ങളുണ്ടാക്കുന്നതായും മുല്ല ഫസല്‍ പറയുന്നു. 

താലിബാന്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ ചര്‍ച്ച തുടരുന്നതിനിടെയാണ് ഐഎസ്‌ഐ മേധാവി ഫായിസ് ഹമീദ് കാബൂളിലെത്തുന്നത്. ഹഖാനി, ക്വറ്റഷൂര എന്നിവയെ സര്‍ക്കാരിലേക്ക് നിര്‍ദേശിച്ച ഐഎസ്‌ഐയുടെ നടപടിയെയും മുല്ല ഫസല്‍ വിമര്‍ശിച്ചു. 

ഫായിസ് ഹമീദിന്റെ പേരെടുത്ത് പറയാതെ, പഞ്ചാബി ജനറല്‍ പ്രശ്‌നമുണ്ടാക്കുകയാണെന്ന് താലിബാന്‍ നേതാവ് പറയുന്നു. താജിക്, ഉസ്‌ബെക് തുടങ്ങി അഫ്ഗാനിലെ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന സര്‍ക്കാര്‍ രൂപീകരിക്കാനാണ് താലിബാന്‍ ശ്രമിച്ചത്. എന്നാല്‍ പാക് ചാരമേധാവിയുടെ ഇടപെടല്‍ എല്ലാം തകര്‍ത്തതായും മുല്ല ഫസല്‍ കുറ്റപ്പെടുത്തുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com