കടിയേറ്റത് 173 തവണ, പ്രതിരോധിക്കാന്‍ വിഷം സ്ഥിരമായി കുത്തിവെച്ചു; ഒരേ സമയം 10,000 പാമ്പുകളെ പരിപാലിച്ച മനുഷ്യന്റെ ജീവിത കഥ 

അമേരിക്കയില്‍ ശാസ്ത്രജ്ഞനില്‍ നിന്ന് പാമ്പ് പരിപാലനത്തിലേക്ക് വഴിമാറിയ ബില്‍ ഹാസ്റ്റിന് പാമ്പ് കടിയേറ്റത് 173 തവണയെന്ന് റിപ്പോര്‍ട്ട്
ബില്‍ ഹാസ്റ്റ്
ബില്‍ ഹാസ്റ്റ്

ന്യൂയോര്‍ക്ക്: ശാസ്ത്രജ്ഞനില്‍ നിന്ന് പാമ്പ് പരിപാലനത്തിലേക്ക് വഴിമാറിയ ബില്‍ ഹാസ്റ്റിന് പാമ്പ് കടിയേറ്റത് 173 തവണ.  2008 വരെ സജീവമായിരുന്ന കാലയളവിലേറ്റ ആക്രമണത്തില്‍ 20 തവണയും മാരകമായിരുന്നു. നൂറ് വയസ് വരെ ജീവിച്ച അദ്ദേഹം 2011ലാണ് ജീവിതത്തോട് വിട പറഞ്ഞത്.

ഒരേ സമയം 10,000 പാമ്പുകളെ വരെ ബില്‍ ഹാസ്റ്റ് കൈകാര്യം ചെയ്തിട്ടുണ്ടെന്ന് ഇദ്ദേഹത്തിന്റെ ജീവിത കഥ വിവരിച്ചു കൊണ്ടുള്ള വാഷിംഗ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവയെയെല്ലാം സ്വന്തമാക്കിയാണ് പരിപാലിച്ചു പോന്നിരുന്നത്. 200 ഇനത്തില്‍പ്പെട്ട പാമ്പുകളുടെ വിഷം ലോകത്തൊട്ടാകെ വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതില്‍ മൂര്‍ഖന്‍, കടല്‍പ്പാമ്പ്, റാറ്റില്‍ സ്‌നേക്, എട്ടടിവീരന്‍, അണലി തുടങ്ങിയവ ഉള്‍പ്പെടുന്നു. 

മെഡിക്കല്‍ ഗവേഷണത്തിനാണ് പാമ്പുകളില്‍ നിന്ന് വിഷം വേര്‍തിരിച്ചെടുത്തത്. പാമ്പ്് കടിയേറ്റവര്‍ക്ക് ആന്റിവെനം നല്‍കുന്നതിന്റെ ഭാഗമായാണ് ഗവേഷണം. നിരന്തരം പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ട ആന്റിബോഡി സമ്പന്നമായ രക്തം ഇദ്ദേഹം ദാനം ചെയ്യുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

60 വര്‍ഷം കൊണ്ടാണ് ഇദ്ദേഹം രോഗപ്രതിരോധ ശേഷി ആര്‍ജ്ജിച്ചത്. 32 ഇനത്തില്‍പ്പെട്ട പാമ്പുകളുടെ വിഷം എല്ലാദിവസും ഇടകലര്‍ത്തി ശരീരത്തില്‍ കുത്തിവെച്ചാണ് പ്രതിരോധശേഷി കൈവരിച്ചത്.  പാമ്പുകടിയെ പ്രതിരോധിക്കാന്‍ ശരീരത്തില്‍ വിഷം കുത്തിവെയ്ക്കുന്ന രീതി അദ്ദേഹം തെരഞ്ഞെടുക്കുകയായിരുന്നു. ഇതിലൂടെയാണ് ഇദ്ദേഹം കൂടുതല്‍ ശക്തനായത്. 12-ാം വയസിലാണ് ഇദ്ദേഹത്തിന് ആദ്യമായി മാരകമായ കടിയേറ്റത്. കുട്ടിക്കാലത്ത് തന്നെ പാമ്പുകളോട് പ്രത്യേക താത്പര്യമാണ് ബില്‍ ഹാസ്റ്റ് കാഴ്ചവെച്ചത്. 

1929ലെ മാന്ദ്യത്തെ തുടര്‍ന്ന് പാന്‍ അമേരിക്കന്‍ വേള്‍ഡ് എയര്‍വെയ്‌സില്‍ ഫ്‌ളൈറ്റ് എന്‍ജിനീയറായി ജോലി ചെയ്യാന്‍ അദ്ദേഹം നിര്‍ബന്ധിതനായി.ഈസമയത്ത് നിരവധി തവണം വിഷമുള്ള പാമ്പുകളെ കടത്തിയതായി അദ്ദേഹം തന്നെ സമ്മതിക്കുന്നു. 1946ലാണ് പാമ്പ് വളര്‍ത്തല്‍ കേന്ദ്രം അദ്ദേഹം ആരംഭിച്ചത്.

ഓരോ വര്‍ഷവും പാമ്പിന്‍വിഷം അടങ്ങിയ 36000 സാമ്പിളുകളാണ് ഫാര്‍മസ്യൂട്ടിക്കല്‍ ലാബുകള്‍ക്ക് അയച്ചുകൊടുത്തത്.മൂര്‍ഖന്‍ പാമ്പ് നിരവധി തവണ കടിച്ചതിനെ തുടര്‍ന്ന് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായെങ്കിലും മരണം വരെ ആന്റിവെനം വാക്‌സിനേഷന്‍ അദ്ദേഹത്തിന് വേണ്ടി വന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com