'അതു ഞങ്ങളുടെ പിഴ'; ഏഴു കുട്ടികള്‍ അടക്കം പത്തംഗ കുടുംബം കൊല്ലപ്പെട്ടതില്‍ കുറ്റമേറ്റ് യുഎസ് 

എഴു കുട്ടികള്‍ അടങ്ങുന്ന പത്തംഗ കുടുംബം കൊല്ലപ്പെട്ട സംഭവത്തിലാണ് യുഎസ് കുറ്റ സമ്മതം നടത്തിയിരിക്കുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള സേനാ പിന്മാറ്റം പൂര്‍ത്തിയാകുന്നതിനു മുന്‍പ് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ സിവിലിയന്മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ക്ഷമാപണവുമായി അമേരിക്ക. എഴു കുട്ടികള്‍ അടങ്ങുന്ന പത്തംഗ കുടുംബം കൊല്ലപ്പെട്ട സംഭവത്തിലാണ് യുഎസ് കുറ്റ സമ്മതം നടത്തിയിരിക്കുന്നത്.

ഐഎസ് ഭീകരര്‍ എന്നു കരുതിയാണ് സന്നദ്ധപ്രവര്‍ത്തകനെയും കുടുംബത്തെയും വധിച്ചതെന്നു യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അന്വേഷണത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണു കുറ്റസമ്മതം. ഓഗസ്റ്റ് 29നായിരുന്നു ഡ്രോണ്‍ ആക്രമണം. സമേയരി അക്മദി കാറിന്റെ ഡിക്കിയില്‍ വെള്ളം നിറച്ച കാനുകള്‍ കയറ്റുമ്പോള്‍ നിരീക്ഷണ ഡ്രോണ്‍ അത് സ്‌ഫോടകവസ്തുക്കളാണെന്നു തെറ്റിദ്ധരിച്ചതാണ് ആക്രമണത്തിനു കാരണമായത്.

ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് അമേരിക്കന്‍ കമ്പനിക്കു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന എന്‍ജിനീയറാണെന്നു ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ന്യൂട്രിഷന്‍ ആന്‍ഡ് എജ്യുക്കേഷന്‍ ഇന്റര്‍നാഷനല്‍ എന്ന സന്നദ്ധ സംഘടനയില്‍ ജോലി ചെയ്തിരുന്ന സമെയ്‌രി അക്മദി  യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു റിപ്പോര്‍ട്ട്.

കാബൂള്‍ വിമാനത്താവളത്തിനു നേരെ ആക്രമണം നടത്താന്‍ ഒരുങ്ങുകയായിരുന്ന ഐഎസ് ഖൊറസാന്‍ അംഗങ്ങളെയാണ് ഓഗസ്റ്റ് 29ന് ഡ്രോണ്‍ ആക്രമണത്തില്‍ വധിച്ചതെന്നായിരുന്നു യുഎസ് അറിയിച്ചത്. 

ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് ശരിവയ്ക്കുന്നതാണ് അമേരിക്കയുടെ ഏറ്റുപറച്ചില്‍. ഒപ്പം ജോലി ചെയ്തിരുന്നവരെ വീടുകളില്‍ എത്തിച്ച ശേഷം വൈകിട്ട് 4.50ന് വിമാനത്താവളത്തിനു സമീപത്തുള്ള വീടിന്റെ മുറ്റത്തെത്തിയപ്പോഴാണ് ഡ്രോണില്‍നിന്ന് ഹെല്‍ഫയര്‍ മിസൈല്‍ അദ്ദേഹത്തിനു നേരെ തൊടുത്തതെന്നും പത്രം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സെമായരി വന്നതറിഞ്ഞ് അദ്ദേഹത്തിന്റെ കാറിന് അടുത്തേക്ക് എത്തിയ ഏഴ് കുട്ടികള്‍ അടക്കമുള്ള കുടുംബാംഗങ്ങളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com