താലിബാനെ പങ്കെടുപ്പിക്കണമെന്ന് പാകിസ്ഥാന്‍, എതിര്‍ത്ത് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ; സാർക് സമ്മേളനം റദ്ദാക്കി

ഇന്ത്യ അടക്കം ഭൂരിപക്ഷം അംഗരാജ്യങ്ങളും പാകിസ്ഥാന്റെ ആവശ്യത്തെ എതിര്‍ത്തു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി : ശനിയാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന സാർക് രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗം റദ്ദാക്കി. അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിച്ച് താലിബാനെ പങ്കെടുപ്പിക്കണമെന്ന് പാകിസ്ഥാന്‍ നിര്‍ബന്ധം പിടിച്ചതോടെയാണ് യോഗം റദ്ദാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ അടക്കം ഭൂരിപക്ഷം അംഗരാജ്യങ്ങളും പാകിസ്ഥാന്റെ ആവശ്യത്തെ എതിര്‍ത്തു. 

ഇതോടെ സമവായം ഇല്ലാത്ത സാഹചര്യത്തില്‍ യോഗം റദ്ദാക്കിയതായി, വിദേശകാര്യമന്ത്രിതല ചര്‍ച്ചയ്ക്ക് ആതിഥേയരായ നേപ്പാള്‍ പ്രസ്താവനയില്‍ അറിയിച്ചു. അഫ്ഗാനിലെ താലിബാന്‍ മന്ത്രിമാരില്‍ പലരും യുഎന്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടവരാണെന്നും, അതിനാല്‍ യോഗത്തില്‍ പങ്കെടുപ്പിക്കാനാവില്ലെന്നുമാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ നിലപാടെടുത്തത്. 

താലിബാനെ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. അമീര്‍ ഖാന്‍ മുത്താഖിയാണ് താലിബാന്റെ ഇടക്കാല സര്‍ക്കാരിലെ വിദേശകാര്യമന്ത്രി. ലോകരാജ്യങ്ങള്‍ താലിബാനെ ഒദ്യോഗികമായി അംഗീകരിക്കാത്ത സാഹചര്യത്തില്‍, അഫ്ഗാന്‍ പ്രതിനിധിയുടെ കസേര സാർക് സമ്മേളനത്തില്‍ ഒഴിച്ചിടണമെന്നും രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. 

യു എന്‍ ജനറല്‍ അസംബ്ലിയുടെ 76-ാം സമ്മേളനത്തിന്റെ ഭാഗമായാണ് സാർക് വിദേശകാര്യമന്ത്രിമാരുടെ യോഗം ചേരാന്‍ തീരുമാനിച്ചത്. ദക്ഷിണേഷ്യയിലെ ഏട്ട് രാജ്യങ്ങളുടെ കൂട്ടായ്മയാണ് സാര്‍ക്ക്. ഇന്ത്യ, ഭൂട്ടാന്‍, നേപ്പാള്‍, മാലദ്വീപ്, പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവയാണ് സാർക് അംഗരാജ്യങ്ങള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com