വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് പരസ്പരം അംഗീകരിക്കണം ; രാജ്യാന്തര തലത്തില്‍ പൊതു യാത്രാച്ചട്ടം വേണമെന്ന് മോദി

അഫ്ഗാന്‍ മണ്ണില്‍ ഭീകര സംഘടനകള്‍ താവളമായി ഉപയോഗിക്കുന്നില്ല എന്ന് താലിബാന്‍ ഉറപ്പാക്കണമെന്ന് ഇന്ത്യയും അമേരിക്കയും ആവശ്യപ്പെട്ടു
പ്രധാനമന്ത്രി നരേന്ദ്രമോദി ക്വാഡ് ഉച്ചകോടിയില്‍ / പിടിഐ ചിത്രം
പ്രധാനമന്ത്രി നരേന്ദ്രമോദി ക്വാഡ് ഉച്ചകോടിയില്‍ / പിടിഐ ചിത്രം

ന്യൂയോര്‍ക്ക് : കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന് പരസ്പര അംഗീകാരം നല്‍കുന്നത് അടക്കം, പൊതുവായ അന്താരാഷ്ട്ര യാത്രാ ചട്ടം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്വാഡ് ഉച്ചകോടിയിലാണ് മോദി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ക്വാഡ് നേതാക്കള്‍ ഇന്ത്യയുടെ നിര്‍ദേശത്തെ അനുകൂലിച്ചതായി വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ സിംഗ്ല പറഞ്ഞു. 

വൈറ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ യു എസ് പ്രസിഡന്റ് ജോ ബൈഡന്‍, ഓസ്‌ട്രേലിയ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിദ സുഗ എന്നിവരും പങ്കെടുത്തു. കോവിഡ് വാക്‌സിനേഷന്‍, കാലാവസ്ഥ വ്യതിയാനം തുടങ്ങിയവയും ചര്‍ച്ചയായതായി വിദേശകാര്യ സെക്രട്ടറി പറഞ്ഞു. 

ക്വാഡ് വാക്‌സിന്‍ പങ്കാളിത്തത്തിന്റെ ഭാഗമായി ഒക്ടോബര്‍ അവസാനത്തോടെ ഇന്ത്യ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിന്റെ 8 ദശലക്ഷം ഡോസുകള്‍ ലഭ്യമാക്കും. ഇന്ത്യ ഉള്‍പ്പെടെ എല്ലാ ക്വാഡ് രാജ്യങ്ങളും വാക്‌സിനുകള്‍ക്കായി പണം നല്‍കും. ബയോളജിക്കല്‍ ഇ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന വാക്‌സിന്‍ ഒക്ടോബര്‍ അവസാനത്തോടെ തയ്യാറാകും

ആരോഗ്യരംഗത്ത് പരസ്പര സഹകരണം ഉറപ്പാക്കുന്ന ആരോഗ്യ- ബയോ മെഡിക്കല്‍ സയന്‍സുമായി ബന്ധപ്പെട്ട ധാരണാപത്രവും ക്വാഡ് നേതാക്കളുടെ ചര്‍ച്ചയില്‍ അന്തിമരൂപമായി. ഭാവിയിലെ പകര്‍ച്ച വ്യാധികളുടെ അപകടസാധ്യത കുറയ്ക്കുന്നതിനുള്ള തയ്യാറെടുപ്പും ബയോ മെഡിക്കല്‍ ഗവേഷണവും ഇതിലുള്‍പ്പെടുന്നു. 

അഫ്ഗാനിസ്ഥാന്‍ മണ്ണില്‍ ഭീകരസംഘടനകള്‍ താവളമായി ഉപയോഗിക്കുന്നില്ല എന്ന് താലിബാന്‍ ഉറപ്പാക്കണമെന്ന് ഇന്ത്യയും അമേരിക്കയും ആവശ്യപ്പെട്ടു. അഫ്ഗാനിലെ ഭീകരസംഘടനകള്‍ക്ക് അയല്‍രാജ്യത്തു നിന്നും സഹായം ലഭിക്കുന്നുണ്ടെന്നും, പാകിസ്ഥാന്റെ പേരെടുത്ത് പറയാതെ ഇന്ത്യ സൂചിപ്പിച്ചു. അഫ്ഗാനിലെ സ്ഥിതിഗതികളില്‍ പാകിസ്ഥാന്റെ റോളിലും യോഗം ആശങ്ക പ്രകടിപ്പിച്ചു. യുഎസ് പ്രസിഡന്റ് ജോ ബൈഡനെ ഇന്ത്യ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷണിച്ചതായും വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ സിംഗ്ല വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com