നഗര കവാടത്തില്‍ മൃതദേഹം ക്രെയിനില്‍ കെട്ടിത്തൂക്കി താലിബാന്‍! ജനങ്ങൾക്ക് താക്കീത്

നഗര കവാടത്തില്‍ മൃതദേഹം ക്രെയിനില്‍ കെട്ടിത്തൂക്കി താലിബാന്‍! ജനങ്ങൾക്ക് താക്കീത്
വീ‍ഡിയോ ദൃശ്യം
വീ‍ഡിയോ ദൃശ്യം

കാബൂള്‍: കുറ്റാരോപിതനായ വ്യക്തിയെ കൊന്ന് മൃതദേഹം കെട്ടിത്തൂക്കി താലിബാന്‍. പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് നഗരത്തിലെ പ്രധാന കവാടത്തിൽ ജനങ്ങള്‍ക്കുള്ള താക്കീത് എന്ന നിലയ്ക്കാണ് താലിബാന്റെ ഈ ക്രൂരത. മൃതദേഹം ക്രെയിനില്‍ കെട്ടിത്തൂക്കിയാണ് പ്രധാന സ്‌ക്വയറില്‍ പരസ്യമായി പ്രദര്‍ശിപ്പിച്ചത്. 

സംഭവത്തിന് സാക്ഷിയായ സ്‌ക്വയറിന്റെ സമീപത്ത് ഫാര്‍മസി നടത്തുന്ന വസീര്‍ അഹമ്മദ് സെദ്ദിഖി അസോസിയേറ്റഡ് പ്രസിനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ നാല് പേരുടെ മൃതദേഹങ്ങള്‍ സ്‌ക്വയറിലേക്ക് കൊണ്ടു വന്നു, മൂന്ന് മൃതദേഹങ്ങള്‍ നഗരത്തിലെ മറ്റ് സ്‌ക്വയറുകളിലേക്ക് പ്രദര്‍ശിപ്പിക്കാന്‍ മാറ്റിയതായും സെദ്ദിഖി വ്യക്തമാക്കി. 

തട്ടിക്കൊണ്ടു പോകല്‍ കുറ്റം ചെയ്തതിനാണ് നാല് പേരെ പൊലീസ് കൊന്നതെന്ന് താലിബാന്‍ സ്‌ക്വയറില്‍ വച്ച് പ്രഖ്യാപിച്ചതായും സെദ്ദിഖി വ്യക്തമാക്കി. ജനങ്ങള്‍ക്കുള്ള മുന്നറിയിപ്പ് എഴുതിയ കടലാസും മൃതദേഹത്തില്‍ താലിബാന്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 

കുറ്റം ചെയ്താല്‍ കൈകള്‍ മുറിച്ചു മാറ്റുക, തൂക്കി കൊല്ലുക തുടങ്ങിയ ശിക്ഷകള്‍ അഫ്ഗാനില്‍ നടപ്പാക്കുമെന്ന് താലിബാന്‍ സ്ഥാപക നേതാക്കളിലൊരാളായ മുല്ലാ നൂറുദ്ദിന്‍ തുറാബി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ശിക്ഷകള്‍ പരസ്യമായി ചെയ്യില്ലെന്നായിരുന്നു ഇയാളുടെ അവകാശവാദം. പിന്നാലെയാണ് മൃതദേഹം കെട്ടിത്തൂക്കിയ സംഭവം പുറത്തു വന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com