വിലക്ക് നീക്കി; ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് നേരിട്ട് കാനഡയിലേക്ക് പറക്കാം 

എയർ കാനഡ വിമാന സർവീസുകൾ നാളെ പുനരാരംഭിക്കും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡൽഹി: ഇന്ത്യയിൽനിന്നുള്ള യാത്രാ വിമാനങ്ങൾക്കേർപ്പെടുത്തിയ വിലക്ക് പിൻവലിച്ച് കാനഡ. നാളെ മുതൽ വിമാന സർവീസുകൾ പുനരാരംഭിക്കാനാവും. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗാമായി ഏർപ്പെടുത്തിയ വിലക്ക് സെപ്റ്റംബർ 26 വരെ നീട്ടുകയായിരുന്നു. വിലക്ക് അവസാനിപ്പിച്ചതോടെ ഇന്ത്യയിൽനിന്നുള്ള യാത്രക്കാർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി ഇനി കാനഡയിലേക്ക് സഞ്ചരിക്കാം. 

ഇന്ത്യയിൽ നിന്നുള്ള എയർ കാനഡ വിമാന സർവീസുകൾ സെപ്റ്റംബർ 27 ന് പുനരാരംഭിക്കും. എന്നാൽ കാനഡയിലേക്കുള്ള എയർ ഇന്ത്യ വിമാന സർവീസുകൾ സെപ്റ്റംബർ 30ന് മാത്രമെ പുനരാരംഭിക്കൂ. അംഗീകൃത ലബോറട്ടറിയിലാണ് കോവിഡ് പരിശോധന നടത്തേണ്ടത്. നേരിട്ടുള്ള വിമാനങ്ങളിൽ സഞ്ചരിക്കുന്നവർ ഡൽഹിയിലെ ജെനസ്ട്രിങ്‌സ് ലബോറട്ടറിയിൽ നിന്നുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. 

18 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനാഫലമാണ് വേണ്ടത്. വിമാനത്തിൽ കയറുന്നതിന് മുമ്പ് പരിശോധനാഫലം വിമാനക്കമ്പനി അധികൃതരെ കാണിക്കണമെന്നാണ് നിർദേശം. മുമ്പ് കോവിഡ്ബാധിച്ചവർക്ക് രാജ്യത്തെ ഏത് സർട്ടിഫൈഡ് ലബോറട്ടറിയിൽനിന്നുള്ള പരിശോധനാഫലവും കാണിക്കാം. നേരിട്ടുള്ള വിമാനങ്ങളിൽ അല്ല യാത്രചെയ്യുന്നതെങ്കിൽ മൂന്നാമത്തെ രാജ്യത്തുനിന്നുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നതും നിർബന്ധമാണ്. 

യാത്രക്കിടെ കോവിഡ് ബാധിച്ചാൽ പ്രാദേശിക നിയന്ത്രണങ്ങൾ അനുസരിച്ച് ക്വാറന്റീനിൽ പ്രവേശിപ്പിക്കുകയോ തിരിച്ചയയ്ക്കുകയോ ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com