ആളാവാന്‍ അണലിയെ 'വിഴുങ്ങി', ഒന്നല്ല മൂന്ന് തവണ; നാക്കില്‍ കടിയേറ്റ് 55കാരന് ദാരുണാന്ത്യം

കര്‍ഷകനായ 55കാരനാണ് അണലിയെ വിഴുങ്ങുന്നതായി കാണിക്കുന്ന അപകടകരമായ പ്രകടനത്തിന് മുതിര്‍ന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഞെട്ടുന്നവരാണ് ഭൂരിഭാഗം ആളുകളും. അപ്പോള്‍ മുന്നില്‍ പാമ്പിനെ കണ്ടാലോ!, പറയുകയും വേണ്ട. പാമ്പിനെ എടുത്ത് അതിസാഹസികത കാണിക്കുന്നവരും ചുരുക്കമല്ല. വിദഗ്ധമായി കൈകാര്യം ചെയ്തില്ലെങ്കില്‍ ജീവന് തന്നെ ഭീഷണിയാണ് എന്ന മുന്നറിയിപ്പുകള്‍ക്കിടയിലും പാമ്പിനെ യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ കൈയിലെടുത്ത് അപകടം വരുത്തി വച്ചവരും നിരവധിയുണ്ട്. അത്തരത്തില്‍ പാമ്പിനെ വിഴുങ്ങാന്‍ ശ്രമിച്ച 55കാരന്‍ അണലിയുടെ കടിയേറ്റ് ദാരുണമായി മരിച്ച വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

റഷ്യയിലാണ് സംഭവം. കര്‍ഷകനായ 55കാരനാണ് അണലിയെ വിഴുങ്ങുന്നതായി കാണിക്കുന്ന അപകടകരമായ പ്രകടനത്തിന് മുതിര്‍ന്നത്. തണ്ണിമത്തന്‍ പാടത്തെ ജീവനക്കാര്‍ക്ക് മുന്നില്‍ സാഹസിക പ്രകടനം നടത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്.മുന്‍പ് രണ്ടു തവണ അണലി പാമ്പിനെ വിഴുങ്ങുന്നതായി കാണിച്ച് 55കാരന്‍ ആളുകളെ അമ്പരിപ്പിച്ചിരുന്നു. സമാനമായി മൂന്നാമത്തെ തവണ അണലി പാമ്പിനെ വിഴുങ്ങാന്‍ പോകുന്നത് പോലെ കാണിക്കുന്നതിനിടെയാണ് കടിയേറ്റത്. നാക്കിലാണ് പാമ്പ് കടിച്ചത്. 

മണിക്കൂറുകള്‍ക്കകം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടിയേറ്റതിന്റെ ഫലമായി ഉണ്ടായ അലര്‍ജി മൂലം നാക്കും തൊണ്ടയും നീര് വന്ന് വീര്‍ത്തു. പിന്നാലെ ശ്വാസ തടസ്സം അനുഭവപ്പെടുകയും 55 കാരന് ജീവന്‍ നഷ്ടപ്പെടുകയുമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. റഷ്യയില്‍ കണ്ടുവരുന്ന സ്റ്റെപ്പി വൈപ്പര്‍ ഇനത്തില്‍പ്പെട്ട പാമ്പിനെയാണ് പ്രകടനത്തിനായി ഉപയോഗിച്ചത്. ഇതിന്റെ വിഷം മനുഷ്യര്‍ക്ക് ഹാനികരമല്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ 55കാരന് കടിയേറ്റതിനെ തുടര്‍ന്ന് ഉണ്ടായ അലര്‍ജിയാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com