കാമുകിയുടെ ചുംബന സെൽഫി; ഫെയ്സ്ബുക്കിലിട്ട ചിത്രം കുരുക്കി; കുപ്രസിദ്ധ ലഹരിക്കടത്തുകാരൻ പിടിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th April 2022 07:25 PM  |  

Last Updated: 18th April 2022 07:25 PM  |   A+A-   |  

el_pitt

ഫോട്ടോ: ട്വിറ്റർ

 

ബൊഗോട്ട: കുപ്രസിദ്ധ മെക്‌സിക്കൻ ലഹരിക്കടത്തുകാരൻ എൽ പിറ്റ് എന്ന പേരിൽ അറിയപ്പെടുന്ന ബ്രയാൻ ഡൊണാസിയാനോ ഓൾഗ്വിൻ വെർഡുഗോ (39) അറസ്റ്റിൽ. മെക്സിക്കൻ ലഹരിമരുന്ന് മാഫിയാ തലവൻ എൽ ചാപ്പോ എന്ന പേരിൽ അറിയപ്പെടുന്ന ജോക്വിൻ ഗുസ്‌മാന്റെ അടുത്ത അനുയായി ആണ് പിടിയിലായ എൽ പിറ്റ്. 

കൊളംബിയയിലെ കാലി നഗരത്തിലുള്ള ആഡംബര അപാർട്‌മെന്റിൽ കാമുകിയുമൊത്ത് കഴിയവേയാണ് ഇയാൾ പിടിയിലായത്. 196 രാജ്യങ്ങളിൽ ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടീസ് നിലനിൽക്കുന്ന ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ ഊർജിതമാകുന്നതിനിടെ എൽ പിറ്റിന്റെ കാമുകി ഫെയ്സ്ബുക്കിൽ പങ്കുവച്ച ചിത്രമാണ് പിടിയിലാകുന്നതിലേക്ക് നയിച്ചത്. 

കഴിഞ്ഞ ഫെബ്രുവരിയിൽ ഇയാൾ കൊളംബിയയിലേക്ക് കടന്നതായി യുഎസ് ഡ്രഗ് ആൻഡ് എൻഫോഴ്‌സ്മെന്റ് ഏജൻസി (ഡിഇഎ) കൊളംബിയൻ അധികൃതരെ അറിയിച്ചിരുന്നു. പിന്നാലെ എൽ പിറ്റിനായി കൊളംബിയൻ പൊലീസ് തിരച്ചിൽ ശക്തമാക്കി.

പ്രശ‌സ്ത മെക്സിക്കൻ മോഡൽ കൂടിയായ കാമുകിയുടെ നിർബന്ധത്തിനു വഴങ്ങി വിനോദസഞ്ചാര കേന്ദ്രമായ ലോസ് ക്രിസ്ടെ‌യ്‍സിൽ വച്ച് എൽ പിറ്റോ കാമുകിക്കൊപ്പം ചുംബന സെൽഫി എടുത്തിരുന്നു. ചിത്രം കാമുകി ഫെയ്‌ബുക്കിൽ പങ്കിട്ടു. ഈ ചിത്രം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് എൽ പിറ്റിനെ കുരുക്കിയത്. യുഎസ് ഡ്രഗ് ആൻഡ് എൻഫോഴ്‌സ്മെന്റ് ഏജൻസി അംഗങ്ങളും കൊളംബിയൻ പൊലീസും ചേർന്നാണ് അറസ്റ്റ് ചെയ്തത്. 

ഗറില്ലാ സംഘമായ റവല്യൂഷണറി ആംഡ് ഫോഴ്‍സസ് ഓഫ് കൊളംബിയയിലെ അംഗങ്ങളുമായി ചേർന്ന് ലഹരിക്കടത്ത് ആസൂത്രണം ചെയ്യാനാണ് ഇയാൾ  കൊളംബിയയിലെത്തിയതെന്നാണ് നിഗമനം. കൊളംബിയയിൽ നിന്ന് യുഎസിലേക്കും മെക്‌സിക്കോയിലേക്കും വൻതോതിൽ ലഹരിക്കടത്തിനും ഇയാൾ പദ്ധതിയിട്ടിരുന്നതായി പൊലീസ് പറയുന്നു. രണ്ടാഴ്ചയിലേറെയായി ഇയാളുടെ നീക്കങ്ങൾ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. അറസ്റ്റ് ഒഴിവാക്കാനായി ഇയാൾ പൊലീസിന് 2.65 ലക്ഷം ഡോളർ കൈക്കൂലി നൽകാൻ ശ്രമിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.

ലഹരിമരുന്ന് കടത്തിന് 196 രാജ്യങ്ങളിലാണ് എല്‍ പിറ്റിനെതിരേയുള്ള ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് നിലവിലുള്ളത്. കൊളംബിയയില്‍ നിന്ന് അറസ്റ്റിലായ ഇയാളെ ഉടന്‍ തന്നെ കാലിഫോര്‍ണയയിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം. കൊക്കെയ്ന്‍ കടത്ത് അടക്കമുള്ള കേസുകളുടെ വിചാരണയ്ക്കായാണ് എല്‍ പിറ്റിനെ യുഎസിന് കൈമാറുന്നത്.

ഈ വാർത്ത വായിക്കാം

അധികാരം വിട്ടൊഴിയാതെ രജപക്‌സെ സഹോദരങ്ങള്‍; ശ്രീലങ്കയില്‍ പുതിയ മന്ത്രിസഭ, കുടുംബത്തില്‍ നിന്ന് ആരുമില്ല

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ