ഇന്ത്യയുടെ ആശങ്ക തള്ളി; ചൈനീസ് കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി ശ്രീലങ്ക

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th August 2022 07:47 PM  |  

Last Updated: 13th August 2022 07:47 PM  |   A+A-   |  

Yuan Wang Class ship

ചൈനീസ് കപ്പല്‍ യുവാന്‍ വാങ് ക്ലാസ് ഷിപ്പ്

 

കൊളംബോ: ചൈനീസ് ചാരക്കപ്പല്‍ യുവാന്‍ വാങ്-5ന് നങ്കൂരമിടാന്‍ അനുമതി നല്‍കി ശ്രീലങ്ക. ചൈനീസ് കപ്പല്‍ ലങ്കന്‍ തീരത്തെത്തുന്നതില്‍ ഇന്ത്യ ഉന്നയിച്ച ആശങ്കകള്‍ വകവെയ്ക്കാതെയാണ് ശ്രീലങ്കയുടെ നടപടി. ശ്രീലങ്കയില്‍ ചൈനീസ് മേല്‍നോട്ടത്തിലുള്ള ഹംബന്‍തോട്ട തുറമുഖത്ത് ഓഗസ്റ്റ് 16 മുതല്‍ 22 വരെ നങ്കൂരമിടാനാണ് അനുമതി നല്‍കിയിരിക്കുന്നത്. 

എന്തുകൊണ്ട് അനുമതി നല്‍കരുതെന്ന ശ്രീലങ്കയുടെ ചോദ്യത്തിന് ഇന്ത്യ തൃപ്തികരമായ മറുപടി നല്‍കിയില്ലെന്നും അതുകൊണ്ടാണ് അനുമതി നല്‍കാനുള്ള നടപടികളുമായി മുന്നോട്ടുപോയതെന്ന് ശ്രീലങ്കന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പ്രതികരിച്ചു.

യുവാന്‍ വാങ്-5 കപ്പല്‍ ഗവേഷണത്തിനും സര്‍വേയ്ക്കുമായാണ് ഉപയോഗിക്കുന്നത് എന്നാണ് ചൈനയുടെ അവകാശവാദം. എന്നാല്‍ 
ബാലിസ്റ്റിക് മിസൈലുകളും സാറ്റലൈറ്റുകളും ട്രാക്ക് ചെയ്യാന്‍ ശേഷിയുള്ള കപ്പലാണിത്. ഇതാണ് ഇന്ത്യയെ ആശങ്കയിലാക്കുന്നത്.

ഇന്ത്യയുടെ സൈനിക നീക്കങ്ങളുള്‍പ്പെടെയുള്ള വിവരങ്ങള്‍ കപ്പല്‍ ചോര്‍ത്തിയെടുത്തേക്കാമെന്നാണ് ആശങ്ക. ഓഗസ്റ്റ് 11-ന് ശ്രീലങ്കയിലെ ഹംബന്‍തോട്ട തുറമുഖത്ത് നങ്കുരമിടാന്‍ ചൈന ശ്രീലങ്കയോട് അനുമതി തേടിയിരുന്നു. എന്നാല്‍ ഇന്ത്യ ആശങ്കയറിയിച്ചതിനു പിന്നാലെ യാത്ര വൈകിപ്പിക്കണമെന്ന് ശ്രീലങ്ക ചൈനയോട് ആവശ്യപ്പെട്ടിരുന്നു. ഓഗസ്റ്റ് 11 മുതല്‍ 17 വരെയാണ് ശ്രീലങ്കന്‍ തീരത്ത് നങ്കൂരമിടാന്‍ ചൈനീസ് കപ്പല്‍ അനുമതി തേടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ റുഷ്ദിയെ കുത്തിവീഴ്ത്തിയത് ഇരുപത്തിനാലുകാരന്‍, വീണ്ടും ചര്‍ച്ചയായി 33 വര്‍ഷം മുമ്പത്തെ ഫത്വ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ