ഈജിപ്തിൽ ക്രിസ്ത്യൻ പള്ളിയിൽ വൻ തീപിടിത്തം; 41 പേര്‍ വെന്തു മരിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th August 2022 08:09 PM  |  

Last Updated: 14th August 2022 08:09 PM  |   A+A-   |  

church1

ഫോട്ടോ: ട്വിറ്റർ

 

കെയ്‌റോ: ഈജിപ്തിലെ ക്രിസ്ത്യൻ പള്ളിയിലുണ്ടായ വൻ തീപിടിത്തത്തിൽ 41 പേര്‍ വെന്തു മരിച്ചു. അമ്പതോളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഞായറാഴ്ച രാവിലെയാണ് ദുരന്തമുണ്ടായത്. 

ഗ്രേറ്റര്‍ കെയ്‌റോയിലെ ഇംബാബ ജില്ലയിലെ അബു സെഫെയ്ന്‍ പള്ളിയിലാണ് ആരാധന അവസാനിച്ച സമയത്ത് അഗ്നിബാധയുണ്ടായത്. തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് പരിഭ്രമിച്ച് കെട്ടിടത്തില്‍ നിന്ന് പുറത്തു കടക്കാനുള്ള ആളുകളുടെ തിക്കും തിരക്കും അപകടം കൂടുതല്‍ ഗുരുതരമാക്കി. 

മരിച്ചവരില്‍ ഭൂരിഭാഗം കുട്ടികളാണെന്ന് സംശയിക്കുന്നതായും സൂചനകളുണ്ട്. പള്ളിക്കുള്ളിൽ നേഴ്സറി സ്കൂൾ പ്രവർത്തിക്കുന്നുണ്ട്. ഈ കെട്ടിടത്തിലേക്ക് തീ പടർന്നതാണ് മരിച്ചവരിൽ കൂടുതൽ കുട്ടികളാവാമെന്ന സംശയം ബലപ്പെടുത്തുന്നത്. അപകട കാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 

ആരാധനാലയത്തിന്റെ ഉള്‍വശം മുഴുവന്‍ കത്തി നശിച്ചതായി സംഭവ സ്ഥലത്ത് നിന്നുള്ള ചിത്രങ്ങളില്‍ വ്യക്തമാണ്. തീ നിയന്ത്രണ വിധേയമായതായി അഗ്നിരക്ഷാ സേനാ വിഭാഗം അറിയിച്ചു.

അതിദാരുണമായ അപകടമാണ് സംഭവിച്ചിരിക്കുന്നതെന്ന് ഈജിപ്ത് പ്രസിഡന്റ് അബ്ദുള്‍ ഫത്താ അല്‍ സിസി പ്രതികരിച്ചു. അടിയന്തര നടപടികള്‍ക്കായുള്ള നിര്‍ദേശങ്ങള്‍ നല്‍കിയെന്ന് അദ്ദേഹം സാമൂഹിക മാധ്യമ പോസ്റ്റിലൂടെ വ്യക്തമാക്കി. അപകടത്തിനിരയായവരുടെ കുടുംബങ്ങളോട് അദ്ദേഹം അനുശോചനം അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'വിഷമിക്കേണ്ട അടുത്തത് നിങ്ങളാണ്'- വിഖ്യാത എഴുത്തുകാരി ജെകെ റൗളിങിന് വധ ഭീഷണി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ