കോവിഡ് പൂർണമായി മാറിയിട്ടില്ല; പേടിക്കണം ഒമൈക്രോൺ ഉപവകഭേദത്തെ; ഇളവിൽ മിതത്വം വേണം; മുന്നറിയിപ്പുമായി ഡബ്ല്യുഎച്ഒ

കോവിഡ് പൂർണമായി മാറിയിട്ടില്ല; പേടിക്കണം ഒമൈക്രോൺ ഉപവകഭേദത്തെ; ഇളവിൽ മിതത്വം വേണം; മുന്നറിയിപ്പുമായി ഡബ്ല്യുഎച്ഒ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജനീവ: കൊറോണ വൈറസിന്റെ രൂപാന്തരമായ ഒമൈക്രോണിന്റെ ഉപവകഭേദത്തിനെതിരെ ജാഗ്രത പാലിക്കണമെന്നു മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ഒ). ഒമൈക്രോൺ വകഭേദത്തിന്റെ പശ്ചാത്തലത്തിലുണ്ടായ കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രത കുറഞ്ഞു വരുന്നതിന്റെ ആശ്വാസത്തിലാണു ലോകം. അതിനിടെ പല രാജ്യങ്ങളും നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഡബ്ല്യുഎച്ഒയുടെ മുന്നറിയിപ്പ്. 

‘കൊറോണ വൈറസ് രൂപാന്തരപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഒമൈക്രോണിനു തന്നെ പല ഉപവിഭാഗങ്ങളുണ്ട്. അതിനെ ഞങ്ങൾ പിന്തുടരുകയും പഠിക്കുകയുമാണ്. ബിഎ.1, ബിഎ 1.1, ബിഎ 2, ബിഎ 3 എന്നിവ കണ്ടെത്തിയിട്ടുണ്ട്. ലോകമാകെ വ്യാപിച്ച ഡെൽറ്റ വകഭേദത്തേക്കാൾ, കൂടിയ തോതിലാണ് ഒമൈക്രോണിന്റെ സാന്നിധ്യം. ബിഎ 1 ആണു കൂടുതലും കാണുന്നത്. ബിഎ 2 സാന്നിധ്യവും വർധിക്കുകയാണ്. ബിഎ 2ന് കൂടുതൽ വ്യാപന ശേഷിയുണ്ട്. വളരെ ജാ​ഗ്രത പുലർത്തേണ്ടതുണ്ട് എന്നാണിതു കാണിക്കുന്നത്’– ഡബ്ല്യുഎച്ഒയിലെ കോവിഡ് ടെക്നിക്കൽ ലീഡ് മരിയ വാൻ കെർക്കോവ് പറഞ്ഞു.

കഴിഞ്ഞ ആഴ്ച മാത്രം 75,000 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു എന്ന കുറിപ്പോടെയാണു മരിയ വാൻ കെർക്കോവിന്റെ പ്രസ്താവനയുടെ വീഡിയോ ഡബ്ല്യുഎച്ഒ ട്വിറ്ററിൽ പങ്കിട്ടത്. ഒമൈക്രോൺ വലിയ അപകടകാരിയല്ലെന്ന ശാസ്ത്രജ്ഞരുടെ റിപ്പോർട്ടുകൾക്കു പിന്നാലെ ലോക രാജ്യങ്ങൾ നിയന്ത്രണങ്ങൾ എടുത്തുകളയുന്നതിനെ ഡബ്ല്യുഎച്ഒ എതിർത്തു. 

‘സാധാരണ നിലയിലേക്കു മടങ്ങാനുള്ള ആഗ്രഹത്തെയും സമ്മർദത്തെയും ഞങ്ങൾ മനസിലാക്കുന്നു. പക്ഷേ, മഹാമാരി പൂർണമായും മാറിയില്ലെന്നതു കണക്കിലെടുക്കണം. നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിൽ മിതത്വം പാലിക്കണം’– ഡബ്ല്യുഎച്ഒ ഹെൽത്ത് എമർജൻസീസ് പ്രോഗ്രാം എക്സിക്യൂട്ടീവ് ഡയറക്ടർ മൈക്ക് റയാൻ വ്യക്തമാക്കി. 

ലോകമാകെ 42,03,44,331 പേർക്കാണ് ആകെ കോവിഡ് ബാധിച്ചത്. 34,42,91,442 പേർ രോഗമുക്തരായി. 58,81,994 പേർക്കു ജീവൻ നഷ്ടമായി. വേൾഡോമീറ്ററിലെ ഡാറ്റ അനുസരിച്ചാണ് ഈ കണക്ക്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com