'ഭരിക്കുന്നത് ഭീകരർ, സർക്കാരിനെ പുറത്താക്കി അധികാരം പിടിക്കൂ'- യുക്രൈൻ സൈന്യത്തോട് പുടിൻ

'ഭരിക്കുന്നത് ഭീകരർ, സർക്കാരിനെ പുറത്താക്കി അധികാരം പിടിക്കൂ'- യുക്രൈൻ സൈന്യത്തോട് പുടിൻ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മോസ്ക്കോ: രാജ്യത്ത് പട്ടാള അട്ടിമറി നടത്താൻ യുക്രൈൻ സൈന്യത്തോട് ആ​ഹ്വാനം ചെയ്ത് റഷ്യൻ പ്രസിഡന്റ് വ്ലാടിമിർ പുടിൻ. സൈനിക അട്ടിമറിയിലൂടെ രാജ്യത്തിന്റെ അധികാരം പിടിക്കാനും പുടിൻ ആഹ്വാനം ചെയ്തു. നിലവിലെ യുക്രൈൻ ഭരണകൂടം ഭീകരരുടേതാണെന്ന് പുടിൻ ആരോപിച്ചു. ഭരണ നേതൃത്വത്തിൽ നവ നാസികളും ലഹരിക്ക് അടിമകളായവരുമാണെന്നും പുടിൻ പറഞ്ഞു. 

ജനങ്ങൾക്ക് ആയുധം നൽകുന്ന സർക്കാരിനെ പുറത്താക്കണമെന്നും പുടിൻ യുക്രൈൻ സൈനികരോട് ആഹ്വാനം ചെയ്തു. സൈന്യം അധികാരമേറ്റാൽ ചർച്ചകൾ സു​ഗമമാകുമെന്നും പുടിൻ വ്യക്തമാക്കി. യുക്രൈനോട് ഉപാധികളോടെ ചർച്ചയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് പുടിൻ യുക്രൈൻ സൈന്യത്തോട് അട്ടിമറി നടത്താൻ ആവശ്യപ്പെട്ടിരിക്കുന്നത്. 

'ചർച്ചയ്ക്ക് പ്രതിനിധികളെ അയക്കാം'

ചർച്ചയ്ക്ക് പ്രതിനിധി സംഘത്തെ അയക്കാൻ ഒരുക്കമാണെന്ന് പുടിൻ വ്യക്തമാക്കിയിരുന്നു. ബെലാറസ് തലസ്ഥാനമായ മിൻസ്കിലേക്ക് പ്രതിനിധി സംഘത്തെ അയക്കാമെന്നാണ് റഷ്യ നിലപാടെടുത്തിരിക്കുന്നത്. 

ഉപധികളോടെയുള്ള ചർച്ചയ്ക്കാണ് റഷ്യ സമ്മതം അറിയിച്ചിരിക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങുമായി പുടിൻ ഫോണിലൂടെ സംസാരിച്ചിരുന്നു. ഇരുവരും തമ്മിലുള്ള സംഭാഷണത്തിലാണ് ചർച്ചയ്ക്കുള്ള വഴി തെളിഞ്ഞത്. 

അതിനിടെ പുടിനെതിരെ നിലപാട് കടുപ്പിച്ച് യൂറോപ്യൻ യൂണിയൻ. പുടിനെതിരെ ഉപരോധം ഏർപ്പെടുത്തിയതായി യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി. യൂറോപ്പിലെ പുടിന്റെ സ്വത്തുക്കൾ മരവിപ്പിക്കാനും യൂണിയൻ തീരുമാനിച്ചതായി റിപ്പോർട്ടുകളുണ്ട്. 

യുക്രൈൻ ആയുധം വെച്ച് കീഴടങ്ങിയാൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യ നേരത്തെയും നിലപാടെടുത്തിരുന്നു. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുക്രൈനെ നിരായുധീകരിക്കുകയാണ് ലക്ഷ്യമെന്നും യുക്രൈനെ പൂർണമായും അധീനതയിലാക്കാൻ പുടിൻ ആഗ്രഹിക്കുന്നില്ലെന്നും ലാവ്‌റോവ് പറഞ്ഞു.

കീവ് റഷ്യൻ സൈന്യത്തിന്റെ നിയന്ത്രണത്തിലേക്ക്...

യുക്രൈൻ തലസ്ഥാനമായ കീവ് റഷ്യൻ സൈന്യത്തിന്റെ നിയന്ത്രണത്തിലേക്ക്. രാജ്യത്തിന്റെ വടക്ക്, വടക്കുകിഴക്കൻ മേഖലകളിലൂടെ റഷ്യൻ സേന കീവിലേക്ക് അടുക്കുകയാണെന്ന് യുക്രൈൻ സൈന്യം സ്ഥിരീകരിച്ചു. റഷ്യൻ സേന ഏതു സമയവും കീവ് പിടിച്ചടക്കിയേക്കാമെന്നും റിപ്പോർട്ടുകളുണ്ട്. 

ജനവാസ മേഖലകളും പാർപ്പിട സമുച്ചയങ്ങളും ലക്ഷ്യമിട്ടുള്ള റഷ്യൻ ആക്രമണം വർധിച്ചുവരുകയാണെന്ന് പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്‌കി ആരോപിച്ചു. ആക്രമണം കടുത്തതോടെ സെലെൻസ്കിയെ സുരക്ഷ പരി​ഗണിച്ച് ബങ്കറിലേക്ക് മാറ്റി. 

കീവ് ലക്ഷ്യമിട്ട് കനത്ത ആക്രമണമാണ് റഷ്യ നടത്തുന്നത്. റഷ്യൻ നിയന്ത്രണത്തിലുള്ള കിഴക്കൻ നഗരമായ കൊനോടോപ്പിൽ നിന്നു റഷ്യ സേന തലസ്ഥാനത്തേക്ക് മുന്നറുകയാണെന്നും യുക്രൈൻ സൈന്യം ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി. റഷ്യയുടെ കടന്നുകയറ്റത്തോടെ കീവ് നഗരത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com