ഇന്ധനവില വര്‍ധനവില്‍ കത്തി കസാഖിസ്ഥാന്‍; തെരുവിലിറങ്ങി ജനങ്ങള്‍, അക്രമത്തില്‍ ഡസന്‍ കണക്കിന് മരണം, സര്‍ക്കാര്‍ രാജിവച്ചു (വീഡിയോ)

സ്വാതന്ത്ര്യാനന്തരം കസാഖിസ്ഥാന്‍ സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ പ്രക്ഷോഭമാണ് ഇപ്പോള്‍ നടക്കുന്നത്
കസാഖിസ്ഥാനില്‍ നടക്കുന്ന പ്രക്ഷോഭം/ട്വിറ്റര്‍
കസാഖിസ്ഥാനില്‍ നടക്കുന്ന പ്രക്ഷോഭം/ട്വിറ്റര്‍

സാഖിസ്ഥാനില്‍ ഇന്ധനവില വര്‍ധനവിന് എതിരെയുള്ള പ്രക്ഷോഭത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നേരെ വ്യാപക ആക്രമണം നടന്നതായും നിരവധി പൊലീസ് ഓഫീസര്‍മാര്‍ കൊല്ലപ്പെട്ടതായും വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്തു. 

ഒരു പൊലീസുകാരനെ തലയറുത്ത നിലയിലാണ് കണ്ടെത്തിയതെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ഏറ്റവും വലിയ നഗരമായ അല്‍മതിയില്‍ രാത്രിയോടെ അക്രമം പൊട്ടിപ്പുറപ്പെടുകയായിരുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. മേയറുടെ ഔദ്യോഗിക വസതി പ്രക്ഷോഭകാരികള്‍ പിടിച്ചെടുത്ത് അഗ്നിക്കിരയാക്കി. 353 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും 12പേര്‍ കൊല്ലപ്പെട്ടതായും സര്‍ക്കാര്‍ ചാനലായ ഖബര്‍ ന്യൂസ് 24 റിപ്പോര്‍ട്ട് ചെയ്തു. 

സ്വാതന്ത്ര്യാനന്തരം കസാഖിസ്ഥാന്‍ സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ പ്രക്ഷോഭമാണ് ഇപ്പോള്‍ നടക്കുന്നത്. ഇന്ധനവില വര്‍ധവിന് എതിരെയാണ് സമരം ആരംഭിച്ചത്. രാജ്യത്തിന്റെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ ആരംഭിച്ച പ്രക്ഷോഭം അതിവേഗം പടര്‍ന്നുപിടിക്കുകയായിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 

എന്നാല്‍ പ്രതിഷേധം കനക്കുകയും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നേരെ ജനങ്ങള്‍ വ്യാപകമായ അക്രമം നടത്തുകയും ചെയ്തു.ബാങ്കുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെയും അക്രമം നടന്നു. പ്രതിപക്ഷ പാര്‍ട്ടികളും പിന്തുണയുമായി രംഗത്തെത്തി. സ്ഥിതി കൈവിട്ട അവസ്ഥിയില്‍ കസാഖിസ്ഥാന്‍ സര്‍ക്കാര്‍ രാജിവച്ചു. ഇതിന് പിന്നാലെ ക്രമസമാധാനം പുനസ്ഥാപിക്കാനായി പ്രസിഡന്റ് കാസിം-ജോമാര്‍ട്ട് ടോകയേവ് റഷ്യന്‍ സഖ്യസേനയുടെ സഹായം തേടിയിരിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com