അബുദാബിയില്‍ സ്‌ഫോടനം: മൂന്നു മരണം, ആറുപേര്‍ക്ക് പരിക്ക്; കൊല്ലപ്പെട്ടവരില്‍ ഇന്ത്യക്കാരും (വീഡിയോ)

ഹൂതി വിമതരുടെ ഡ്രോണ്‍ ആക്രമണമാണ് എന്നാണ് പ്രാഥമിക നിഗമനം
ട്വിറ്റര്‍ വീഡിയോ സ്‌ക്രീന്‍ഷോട്ട്
ട്വിറ്റര്‍ വീഡിയോ സ്‌ക്രീന്‍ഷോട്ട്

അബുദാബി: യുഎഇയിലെ അബുദാബിയില്‍ രാജ്യന്തര വിമാനത്താവളത്തിന് സമീപം സ്‌ഫോടനം. നിര്‍മ്മാണ മേഖലയായ മുസ്സാഫയില്‍ മൂന്ന് പെട്രോളിയം ടാങ്കറുകള്‍ പൊട്ടിത്തെറിച്ചു. മൂന്നുപേര്‍ കൊല്ലപ്പെട്ടു. രണ്ട് ഇന്ത്യക്കാരും ഒരു പാകിസ്ഥാന്‍ സ്വദേശിയുമാണ് കൊല്ലപ്പെട്ടത് എന്നാണ് വിവരം. ഹൂതി വിമതരുടെ ഡ്രോണ്‍ ആക്രമണമാണ് എന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു. അബുബാദി സര്‍ക്കാരിന്റെ കീഴിലുള്ള ഇന്ധന കമ്പനിയിലെ ടാങ്കറുകളിലാണ് സ്‌ഫോടന നടന്നത്. യുഎഇയുടെ ഭരണസിരാ കേന്ദ്രമാണ് അബുദാബി.  

അതേസമയം തങ്ങളാണ് ആക്രമണം നടത്തിയതെന്ന് അവകാശപ്പെട്ട് യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതി വിമത സേന രംഗത്തെത്തി. വരും മണിക്കൂറുകളില്‍ തുടര്‍ച്ചയായി ആക്രമണം നടത്തുമെന്ന് ഹൂതി സൈനിക വക്താവ് യഹിയ സറേയി പറഞ്ഞതായി അന്താരാഷ്ട്രാ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഡ്രോണ്‍ ആക്രമണം തന്നെയാണ് നടന്നത് എന്നാണ് അബുദാബി പൊലീസിന്റെ പ്രാഥമിക നിഗമനം. മേഖലയിലെ രണ്ട് സ്ഥലങ്ങളിലായാണ് ഡ്രോണുകള്‍ പതിച്ചത് എന്ന് പൊലീസ് വിലയിരുത്തുന്നു. 

സൗത്ത് കൊറിയന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനത്തിനിടെ ആക്രമണം

ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍-ജെ-ഇന്‍ യുഎഇ സന്ദര്‍ശിക്കുന്നതിനിടെയാണ് ആക്രമണം നടന്നിരിക്കുന്നത്. സൗത്ത് കൊറിയയില്‍ നിന്ന് മിസൈലുകളും ആയുധങ്ങളും വാങ്ങാന്‍ യുഎഇ ധാരണയിലെത്തിയിട്ടുണ്ട്. യുഎഇയുടെ വിദേശ നയങ്ങളിലുള്ള എതിര്‍പ്പാണ് ഹൂതികളുടെ അക്രമത്തിന് പിന്നില്‍ എന്നാണ് സൂചന. 

2015 മുതല്‍ യെമനുമായി യുഎഇ യുദ്ധത്തിലാണ്. ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ക്ക് എതിരെ സൗദി അറേബ്യയ്‌ക്കൊപ്പമാണ് യുഎഇ നിലയുറപ്പിച്ചിരിക്കുന്നത്. നേരത്തെ ബറാഖ് ആണവ കേന്ദ്രത്തിന് നേരെയും അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയും നടന്ന ക്രമണങ്ങള്‍ക്ക് പിന്നില്‍ തങ്ങളാണെന്ന് ഹൂതി സേന അവകാശപ്പെട്ടിരുന്നു. 

യുഎഇയ്ക്കും സൗദി അറേബ്യയ്ക്കും എതിരെ ഹൂതികള്‍ സ്ഥിരമായി ഡ്രോണ്‍ ആക്രമണം നടത്താറുണ്ട്. യുഎഇ-സൗദി പിന്തുണയുള്ള യെമന്‍ സര്‍ക്കാര്‍ കഴിഞ്ഞ മാസം രാജ്യത്തിന്റെ തെക്കന്‍ പ്രവിശ്യയായ ഷബാവ ഹൂതികളില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. ഹൂതികളുടെ മറ്റൊരു ശക്തികേന്ദ്രമായ മരീബിലേക്ക് സൈന്യം നീങ്ങുന്നുണ്ട്. ഇതിന് മറുപടിയായാണ് ഡ്രോണ്‍ ആക്രമണങ്ങള്‍ എന്നാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com