മഹാമാരിക്കിടെ പത്തു സമ്പന്നരുടെ ആസ്തി ഇരട്ടിയായി, 16 കോടി ജനങ്ങള്‍ ദാരിദ്ര്യത്തിലേക്ക് തള്ളപ്പെട്ടു: റിപ്പോര്‍ട്ട് 

ലോകത്തെ പത്തു സമ്പന്നരുടെ ആസ്തി കോവിഡ് മഹാമാരി തുടങ്ങിയ ശേഷം ഇരട്ടിയായി വര്‍ധിച്ചതായി റിപ്പോര്‍ട്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂയോര്‍ക്ക്: ലോകത്തെ പത്തു സമ്പന്നരുടെ ആസ്തി കോവിഡ് മഹാമാരി തുടങ്ങിയ ശേഷം ഇരട്ടിയായി വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ഓഹരികളിലും വസ്തുവകകളിലും ഉണ്ടായ മുന്നേറ്റമാണ് ഇവരുടെ ആസ്തിയുടെ മൂല്യം വര്‍ധിപ്പിച്ചതെന്ന് ഓക്‌സ്ഫാമിന്റെ പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം വര്‍ധിക്കുന്നതിന്റെ സൂചനായാണിതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

കോവിഡ് കാലത്ത് ഉണ്ടായ സാമ്പത്തിക നേട്ടങ്ങള്‍ക്ക് മേല്‍ സ്വത്ത് നികുതി ഏര്‍പ്പെടുത്താന്‍ സര്‍ക്കാരുകളോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. ഒറ്റത്തവണയായി 99 ശതമാനം നികുതി ചുമത്താനാണ് ആവശ്യപ്പെടുന്നത്. മഹാമാരി കാലത്ത് 16 കോടിയില്‍പ്പരം ആളുകള്‍ ദാരിദ്ര്യത്തിലേക്ക് തള്ളപ്പെട്ടു. എന്നാല്‍ വൈറസ് വ്യാപനം മൂലമുണ്ടായ സാമ്പത്തിക പ്രത്യാഘാതം നേരിടുന്നതിന്  സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച ഉത്തേജക പാക്കേജുകളിലൂടെ സമ്പന്നര്‍ വീണ്ടും പണക്കാരായി മാറിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

2030 ഓടേ , പ്രതിദിനം അഞ്ചര ഡോളറില്‍ താഴെ വരുമാനവുമായി ജീവിക്കുന്നവരുടെ എണ്ണം 330 കോടിയായി ഉയരും. മഹാമാരി കാലത്ത് ലോക ജനസംഖ്യയുടെ 99 ശതമാനം ആളുകളുടെയും വരുമാനം കുറഞ്ഞു. എന്നാല്‍ ടെസ്ല കമ്പനിയുടെ ഉടമസ്ഥനായ ഇലോണ്‍ മസ്‌ക് ഉള്‍പ്പെടെ പത്തു സമ്പന്നരുടെ വരുമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. പ്രതിദിനം 130 കോടി ഡോളറായാണ് ഇവരുടെ വരുമാനം വര്‍ധിച്ചത്. ഇലോണ്‍ മസ്‌കിന്റെ സമ്പത്തില്‍ പത്തു മടങ്ങിന്റെ വര്‍ധനയാണ് ഉണ്ടായത്. 

ആമസോണ്‍ സ്ഥാപകനായ ജെഫ് ബെസോസിന്റെ വരുമാനത്തില്‍ 67 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. മഹാമാരി കാലത്ത് 20300 കോടി ഡോളറായാണ് ജെഫ് ബെസോസിന്റെ ആസ്തി വര്‍ധിച്ചത്. ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ വരുമാനം 11800 കോടി ഡോളറായി ഉയര്‍ന്നതായും കണക്ക് വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com