'പ്രവാചകനെ അധിക്ഷേപിച്ച് സുഹൃത്തിന് വാട്‌സ്ആപ്പ് മെസ്സേജ് അയച്ചു'; പാകിസ്ഥാനില്‍ യുവതിക്ക് വധശിക്ഷ

പ്രവാചകനിന്ദ, ഇസ്ലാമിനെ അപമാനിക്കല്‍, സൈബര്‍ ക്രൈം നിയമലംഘനം എന്നീ കുറ്റങ്ങളാണ് അനികയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


റാവല്‍പ്പിണ്ടി: പ്രവാചകനെ അധിക്ഷേപിച്ച് സുഹൃത്തിന് വാട്‌സ്ആപ്പ് സന്ദേശമയച്ചെന്ന കേസില്‍ യുവതിയെ വധശിക്ഷയ്ക്ക് വിധിച്ച് പാകിസ്ഥാന്‍ കോടതി. അനിക ആത്തിക് എന്ന യുവതിയെയാണ് റാവല്‍പ്പിണ്ടി കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. 2020ലാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. സുഹൃത്തായ ഫാറൂഖ് ഹസന്താണ് പരാതിയുമായി രംഗത്തെത്തിയത്. 

പ്രവാചകനിന്ദ, ഇസ്ലാമിനെ അപമാനിക്കല്‍, സൈബര്‍ ക്രൈം നിയമലംഘനം എന്നീ കുറ്റങ്ങളാണ് അനികയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. അനികയും ഫാറൂഖും സുഹൃത്തുക്കളായിരുന്നു. പ്രവാചകനെ അധിക്ഷേപിക്കുന്ന തരത്തില്‍ അനിക തനിക്ക് മെസ്സേജ് ചെയ്‌തെന്നും തുടര്‍ന്ന് തമ്മില്‍ പ്രശ്‌നമുണ്ടായെന്നും ഫാറൂഖ് ആരോപിച്ചു. 

ഫെയ്‌സ്ബുക്ക് വഴി ഇത്തരത്തിലുള്ള മെസ്സേജുകള്‍ അനിക സ്ഥിരമായി പ്രചരിപ്പിക്കാറുണ്ടെന്നും ഇയാള്‍ ആരോപിച്ചു. മെസ്സേജ് ഡിലീറ്റ് ചെയ്ത് മാപ്പു പറയാന്‍ ആവശ്യപ്പെട്ടിട്ടും അനിക തയ്യാറായില്ലെന്നും ഇയാള്‍ പറഞ്ഞു. അനിക മനപ്പൂര്‍വ്വം മുസ്ലിം മതത്തെ അപമാനിച്ചെന്നും പ്രവാചക നിന്ദ നടത്തിയെന്നും ചാര്‍ജ് ഷീറ്റില്‍ പറയുന്നു. 

താന്‍ ഫാറൂഖുമായുള്ള സൗഹൃദം തുടരാന്‍ കൂട്ടാക്കാതെ വന്നതോടെയാണ് ഇയാള്‍ ഇത്തരമൊരു പരാതി കെട്ടിച്ചമച്ചത് എന്നാണ് അനിക കോടതിയില്‍ വാദിച്ചത്. 

പാകിസ്ഥാനില്‍ മതനിന്ദ ആരോപിച്ച് വധശിക്ഷ വിധിക്കുന്നതും ആള്‍ക്കൂട്ട ആക്രമണങ്ങളും പതിവുള്ളതാണ്. കഴിഞ്ഞവര്‍ഷം ഒരു ശ്രീലങ്കന്‍ പൗരനെ ആള്‍ക്കൂട്ടം തീവെച്ച് കൊന്നത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com