അസംസ്‌കൃത എണ്ണവില കുറഞ്ഞു, ആറുശതമാനത്തിന്റെ ഇടിവ്; ബാരലിന് 107 ഡോളര്‍

ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വിലയില്‍ ബാരലിന് ആറുശതമാനത്തിന്റെ വരെ ഇടിവാണ് രേഖപ്പെടുത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറഞ്ഞു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വിലയില്‍ ബാരലിന് ആറുശതമാനത്തിന്റെ വരെ ഇടിവാണ് രേഖപ്പെടുത്തിയത്. എണ്ണവില പിടിച്ചുനിര്‍ത്തുന്നതിന് എണ്ണ ശേഖരത്തിന്റെ ഒരു ഭാഗം വിതരണത്തിന് എത്തിക്കാന്‍ അമേരിക്ക നീക്കം നടത്തുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് വിലയില്‍ പ്രതിഫലിച്ചത്.

നിലവില്‍ ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 107 ഡോളര്‍ എന്ന നിലയിലാണ്. യുക്രൈന്‍- റഷ്യ യുദ്ധത്തിന്റെ തുടക്കത്തില്‍ വില 140 ഡോളര്‍ കടന്നിരുന്നു. യുദ്ധം അവസാനിപ്പിക്കുന്നതിന് ഇരുരാജ്യങ്ങളും സമവായത്തിലെത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സമയത്ത് വില ഒരു ഘട്ടത്തില്‍ നൂറ് ഡോളറില്‍ താഴെ എത്തിയിരുന്നു. എന്നാല്‍ പ്രശ്‌ന പരിഹാരം അകലുന്നത് എണ്ണവിലയില്‍ വീണ്ടും പ്രതിഫലിച്ചു. വീണ്ടും നൂറ് ഡോളര്‍ കടന്ന് എണ്ണവില കുതിച്ചു.

അതേസമയം ഇന്ത്യയില്‍ ഇന്ധനവില വര്‍ധിപ്പിക്കുന്നത് തുടരുകയാണ്. ഇന്ന് സംസ്ഥാനത്ത് പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഒരാഴ്ച കൊണ്ട് പെട്രോളിന് വര്‍ധിപ്പിച്ചത് ആറ് രൂപ 97 പൈസയാണ്. സംസ്ഥാനത്ത് ഡീസല്‍വില 100 രൂപ കടന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com