നിര്‍ണായക നീക്കവുമായി ഇമ്രാന്‍ ഖാന്‍; സുരക്ഷാ സമിതിയുടെ അടിയന്തരയോഗം വിളിച്ചു; വൈകീട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും

ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയം ദേശീയ അസംബ്ലി ചര്‍ച്ചയ്‌ക്കെടുക്കാനിരിക്കെയാണ് നിര്‍ണായക നീക്കങ്ങള്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ നിര്‍ണായക നീക്കവുമായി പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ദേശീയ സുരക്ഷാ സമിതിയുടെ അടിയന്തരയോഗം ഇമ്രാന്‍ ഖാന്‍ വിളിച്ചു. വൈകീട്ട് പാക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. പാകിസ്ഥാന്‍ ദേശീയ അസംബ്ലി ഇന്നു വൈകീട്ട് ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയം ചര്‍ച്ചയ്‌ക്കെടുക്കാനിരിക്കെയാണ് നിര്‍ണായക നീക്കങ്ങള്‍. 

ഇന്നു വൈകീട്ട് അഞ്ചുമണിക്ക് ഇമ്രാന്‍ ഖാന്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്ന് പാക് ആഭ്യന്തരമന്ത്രി ഷെയ്ഖ് റഷീദ് ആണ് വ്യക്തമാക്കിയത്. കഴിഞ്ഞദിവസം രാജ്യത്തോടായി നടത്താനിരുന്ന പ്രസംഗം സൈന്യത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് മാറ്റുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. തന്റെ സര്‍ക്കാരിനെ പുറത്താക്കാന്‍ വിദേശശക്തികള്‍ ശ്രമിക്കുകയാണെന്നാണ് ഇമ്രാന്റെ ആരോപണം. 

ഇമ്രാന്‍ ഖാന്റെ തെഹ്‌രീഖ്ഇ ഇന്‍സാഫ് പാര്‍ട്ടിക്കുള്ള പിന്തുണ സഖ്യകക്ഷിയായ മുത്താഹിദ ഖ്വാമി മൂവ്‌മെന്റ്- പാകിസ്ഥാന്‍ പിന്‍വലിച്ചതിന് പിന്നാലെ രണ്ട് കേന്ദ്രമന്ത്രിമാര്‍ കൂടി രാജിവെച്ചു. എംക്യുഎം പാര്‍ട്ടിയില്‍പ്പെട്ട മന്ത്രിമാരായ ഫറൂഖ് നസീം, അമിനുള്‍ ഹഖ് എന്നിവരാണ് രാജിവെച്ചത്. അവിശ്വാസപ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്യുമെന്നും എംക്യുഎം- പി പ്രഖ്യാപിച്ചിട്ടുണ്ട്. 

രാജ്യത്ത് രൂക്ഷമായ പണപ്പെരുപ്പവും വിലക്കയറ്റവും ചൂണ്ടിക്കാട്ടി ഈ മാസം എട്ടിനാണ് പ്രതിപക്ഷം ദേശീയ അസംബ്ലിയില്‍ അവിശ്വാസപ്രമേയത്തിന് നോട്ടിസ് നല്‍കിയത്. 342 അംഗ അസംബ്ലിയില്‍ ഭരണകക്ഷിയായ തെഹ്‌രിക്-ഇ-ഇന്‍സാഫിലെ 24 എംപിമാര്‍ കാലുമാറിയതിനെ തുടര്‍ന്നായിരുന്നു ഈ നീക്കം. സര്‍ക്കാര്‍ താഴെവീഴുമെന്ന് ഉറപ്പായപ്പോള്‍ പ്രമേയം പരിഗണിക്കുന്നത് പരമാവധി നീട്ടാന്‍ ഇമ്രാന്‍ ഖാന്‍ ശ്രമിച്ചിരുന്നു. അവിശ്വാസപ്രമേയത്തിന്മേല്‍ ഞായറാഴ്ച വോട്ടെടുപ്പുണ്ടായേക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com