രജപക്‌സെയെ അജ്ഞാത കേന്ദ്രത്തിലെത്തിച്ച് സൈന്യം, അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷം; പ്രക്ഷോഭത്തില്‍ മരിച്ചവരുടെ  എണ്ണം എട്ടായി

 ശ്രീലങ്കയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി
ശ്രീലങ്കയില്‍ പ്രസിഡന്റിന്റെ ഓഫീസിന് മുന്നിലെ  പ്രക്ഷോഭകാരികളെ അടിച്ചോടിക്കുന്ന സര്‍ക്കാര്‍ അനുകൂലികളുടെ കൂട്ടത്തില്‍ ബുദ്ധ സന്യാസി, എപി
ശ്രീലങ്കയില്‍ പ്രസിഡന്റിന്റെ ഓഫീസിന് മുന്നിലെ പ്രക്ഷോഭകാരികളെ അടിച്ചോടിക്കുന്ന സര്‍ക്കാര്‍ അനുകൂലികളുടെ കൂട്ടത്തില്‍ ബുദ്ധ സന്യാസി, എപി

കൊളംബോ:  ശ്രീലങ്കയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. വിവിധ നഗരങ്ങളില്‍ നടന്ന സംഘര്‍ഷത്തില്‍ 200 ആളുകള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ചിലരുടെ നില ഗുരുതരമാണ്.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ കഴിഞ്ഞ ദിവസമാണ് മഹിന്ദ രജപക്‌സെ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചത്. ഇതിന് മണിക്കൂറുകള്‍ക്ക് മുന്‍പ്‌
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ക്ക് നേരെ രാജപക്‌സെയുടെ അനുയായികള്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു. ഇരുപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടല്‍
രൂക്ഷമായതിനെ തുടര്‍ന്ന് രാജ്യത്ത് ദേശവ്യാപകമായി കര്‍ഫ്യൂ ഏര്‍പ്പെടുത്തി. സുരക്ഷാ ഉറപ്പാക്കാന്‍ സൈന്യത്തെ വിവിധ സ്ഥലങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്.

രജപക്‌സെയെ സൈന്യം രക്ഷിച്ച് അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റി. പ്രക്ഷോഭകര്‍ ഔദ്യോഗിക വസതി കയ്യേറാന്‍ ശ്രമിച്ചതോടെയാണ് രജപക്‌സെയെ സൈന്യം അജ്ഞാത കേന്ദ്രത്തില്‍ എത്തിച്ചത്. അതിനിടെ രജപക്‌സെയെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ആഹ്വാനം ചെയ്തു. കലാപത്തിന് പ്രേരിപ്പിച്ചു എന്ന കുറ്റമാണ് രജപക്‌സെയ്‌ക്കെതിരെ നേതാക്കള്‍ ആരോപിക്കുന്നത്.

സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്ക് നേരെ സര്‍ക്കാര്‍ അനുകൂലികള്‍ ആക്രമണം അഴിച്ചുവിട്ടതിന് പിന്നില്‍ രജപക്‌സെയുടെ പ്രസംഗമാണ്. ആയിരക്കണക്കിന് സര്‍ക്കാര്‍ അനുകൂലികള്‍ക്ക് മുന്‍പാകെ കലാപത്തിന് പ്രേരിപ്പിക്കുന്ന തരത്തില്‍ രജപക്‌സെ പ്രസംഗിച്ചതായി പ്രതിപക്ഷ നേതാക്കള്‍ ആരോപിക്കുന്നു. രജപക്‌സെയെ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് എം എ സുമന്തിരന്‍ ആവശ്യപ്പെട്ടു. 

കഴിഞ്ഞദിവസം ഭരണപക്ഷ നേതാക്കളുടെ വീടുകള്‍ക്ക് പ്രതിഷേധക്കാര്‍ തീയിട്ടിരുന്നു. പലയിടത്തും സമരക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. 

കര്‍ഫ്യു പ്രഖ്യാപിച്ചിട്ടും ആയിരങ്ങള്‍ തെരുവില്‍ തുടരുകയാണ്. പ്രസിഡന്റ് ഗോതബായ രജപക്‌സേയും രാജിവയ്ക്കണമെന്നാണ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരുടെ ആവശ്യം. മഹിന്ദ രജപക്‌സെയുടെ വസതി ഉള്‍പ്പെടെ നിരവധി ഭരണപക്ഷ നേതാക്കളുടെ വീടുകള്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ അഗ്‌നിക്കിരയാക്കി. രാജ്യത്തിന്റെ പല ഭാഗത്തും പൊലീസും സമരക്കാരും തമ്മിലും അതിരൂക്ഷമായ ഏറ്റുമുട്ടല്‍ തുടരുന്നുവെന്നാണ് ശ്രീലങ്കയില്‍ നിന്നും പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

മഹിന്ദ രജപക്‌സെയുടെയും കെഗല്ലയില്‍ എംപി മഹിപാല ഹെറാത്തിന്റെയും വീടുകള്‍ക്കാണ് പ്രതിഷേധക്കാര്‍ തീവെച്ചത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച ജനക്കൂട്ടത്തിന് നേരെ പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. മുന്‍ മന്ത്രി നിമല്‍ ലന്‍സയുടെ വീടും അഗ്‌നിക്കിരയാക്കി. മറ്റൊരു എംപിയായ അരുന്ദിക ഫെര്‍ണാണ്ടോയുടെ വീടും തീവെച്ച് നശിപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com