ഗസയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം; അല്‍ ജസീറ റിപ്പോര്‍ട്ടര്‍ കൊല്ലപ്പെട്ടു, മുഖത്തു വെടിവെച്ചു കൊന്നെന്ന് ഖത്തര്‍ മന്ത്രി

ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് നിര്‍ത്താനോ പിരിഞ്ഞു പോകാനോ ആവശ്യപ്പെടാതെ ഇസ്രയേലി സൈന്യം വെടിവെയ്ക്കുകയായിരുന്നു
ഷിറേന്‍ അബു അഖ്‌ലെ/അല്‍ ജസീറ
ഷിറേന്‍ അബു അഖ്‌ലെ/അല്‍ ജസീറ

ഗസ: ഇസ്രയേല്‍ സൈന്യത്തിന്റെ വെടിയേറ്റ് അല്‍ ജസീറ മാധ്യമപ്രവര്‍ത്തക ഷിറേന്‍ അബു അഖ്‌ലെ കൊല്ലപ്പെട്ടു. ഗസയിലെ ഇസ്രയേലിന്റെ കൈവശമുള്ള വെസ്റ്റ് ബാങ്ക് മേഖലയില്‍ വെച്ചാണ് മാധ്യമ പ്രവര്‍ത്തക കൊല്ലപ്പെട്ടതെന്ന് പലസ്തീന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 

വെസ്റ്റ് ബാങ്കിലെ ജെനിന്‍ നഗരത്തില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ റെയ്ഡ് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ഷിറേന് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഷിറേനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. വെടിയേല്‍ക്കുന്ന സമയത്ത് മറ്റു മാധ്യമപ്രവര്‍ത്തകരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. 

മറ്റൊരു അല്‍ ജസീറ മാധ്യമപ്രവര്‍ത്തകന്‍ അലി അല്‍ സമൗദിക്കും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മുതുകിലാണ് വെടിയുണ്ട തറച്ചത്. അലി അപകട നില തരണം ചെയ്തതായാണ് റിപ്പോര്‍ട്ട്. 

ഇസ്രയേലി സൈന്യം മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ക്കുക യായിരുന്നു എന്ന് അലി പറഞ്ഞു. ഈ സമയത്ത് പലസ്തീന്‍ സൈന്യം പ്രദേശത്ത് ഉണ്ടായിരുന്നില്ല. ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് നിര്‍ത്താനോ പിരിഞ്ഞു പോകാനോ ആവശ്യപ്പെടാതെ ഇസ്രയേലി സൈന്യം വെടിവെയ്ക്കുകയായിരുന്നു എന്ന് അലി പറഞ്ഞു. ആദ്യം വെടിയേറ്റത് തനിക്കാണ്. അതിന് പിന്നാലെ ഷിറേനും വെടിയേറ്റു. ഈ സമയത്ത് പലസ്തീന്‍ സൈന്യത്തിന്റെ സാന്നിധ്യം ഈ മേഖലയില്‍ ഇല്ലായിരുന്നു- അലി കൂട്ടിച്ചേര്‍ത്തു. 

ഷിറേന്‍ അബു അഖ്‌ലെയുടെ മൃതദേഹവുമായി സഹപ്രവര്‍ത്തകര്‍
 

ഷിറേന്‍ വെടിയേറ്റ് വീണതിന് ശേഷവും ഇസ്രയേലി സൈന്യം ആക്രമണം അവസാനിപ്പിച്ചില്ലെന്ന് സംഭവ സ്ഥലത്തുണ്ടായിരുന്ന മറ്റൊരു മാധ്യമപ്രവര്‍ത്തക ഷത ഹനയ്ഷ പറഞ്ഞു. നാല് മാധ്യമ പ്രവര്‍ത്തകരാണ് സ്ഥലത്തുണ്ടായിരുന്നത്. നാലുപേരും പ്രസ് വെസ്റ്റും ഹെല്‍മെറ്റും ധരിച്ചിരുന്നു. എന്നിട്ടും ഇസ്രയേല്‍ സൈന്യം വെടിയുതിര്‍ത്തു.-ഷത കൂട്ടിച്ചേര്‍ത്തു. 

മുഖത്ത് വെടിയേറ്റാണ് ഷിറേന്‍ കൊല്ലപ്പെട്ടതെന്ന് ഖത്തര്‍ വിദേശകാര്യ സഹമന്ത്രി ലോല്‍വാഹ് അല്‍ ഖത്തര്‍ ആരോപിച്ചു. ഇത് ഇസ്രയേലിന്റെ സ്റ്റേറ്റ് സ്‌പോണ്‍സേഡ് തീവ്രവാദം ആണെന്നും അദ്ദേഹം ആരോപിച്ചു. 

'ഷിറേണ്‍ പ്രസ് വെസ്റ്റും ഹെല്‍മെറ്റും ധരിച്ചിരുന്നു. അതിനാല്‍ ഇസ്രയേല്‍ സൈന്യം അവരുടെ മുഖത്ത് വെടിവെച്ചു കൊല്ലുകയായിരുന്നു.'- ഖത്തര്‍ മന്ത്രി ട്വിറ്ററില്‍ ആരോപിച്ചു. ഇസ്രയേലിന്റെ സ്റ്റേറ്റ് സ്‌പോണ്‍സേഡ് തീവ്രവാദം അവസാനിപ്പിക്കണം. ലോകരാജ്യങ്ങള്‍ ഇസ്രയേലിന് നല്‍കിവരുന്ന പിന്തുണ അവസാനിപ്പിക്കണമെന്നും അദ്ദേം ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com