ബൈഡനുമായി 'ഏറ്റുമുട്ടാനില്ല'; ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് പുടിന്‍

പുടിനെ ബഹിഷ്‌കരിക്കുന്നത് അടക്കമുള്ള നീക്കങ്ങള്‍ അമേരിക്ക ആലോചിച്ചിരുന്നു
പുടിൻ/എപി
പുടിൻ/എപി

ന്തോനേഷ്യയില്‍ അടുത്ത ആഴ്ച ആരംഭിക്കുന്ന ജി 20 ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍ പങ്കെടുക്കില്ല. ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ വൃത്തങ്ങളാണ് ഇത് വ്യക്തമാക്കിയത്. യുക്രൈന്‍ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ അമേരിക്ക അടക്കമുള്ളവരുടെ എതിര്‍പ്പ് ഉച്ചകോടിയില്‍ ഉയര്‍ന്നേക്കാം എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുടിന്‍ ഉച്ചകോടിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. 

യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ലോകനേതാക്കള്‍ 15,16 തീയതികളില്‍ ബാലി ദ്വീപില്‍ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കും. ഉച്ചകോടിയില്‍ പങ്കെടുക്കുന്ന റഷ്യന്‍ സംഘത്തെ നയിക്കുന്നത് വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് ആയിരിക്കുമെന്ന് റഷ്യ അറിയിച്ചതായി ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. 

സമ്മേളനത്തില്‍ താന്‍ പങ്കെടുക്കില്ലെന്ന് ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോകോ വിദോദോയെ പുടിന്‍ ടെലഫോണ്‍ സംഭാഷണത്തില്‍ അറിയിച്ചതായും റഷ്യന്‍ തീരുമാനം മാനിക്കുന്നതായും ഇന്തോനേഷ്യന്‍ മന്ത്രി ലുഹുട് ബിന്‍സാര്‍ പന്ത്ജയ്താന്‍ വ്യക്തമാക്കി. എന്നാല്‍ പുടിന്് പകരം ആരാണ് പങ്കെടുക്കുന്നത് എന്നത് സംബന്ധിച്ച് റഷ്യയുടെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും ലഭിച്ചിട്ടില്ല. 

റഷ്യയില്‍ തടവില്‍ കഴിയുന്ന അമേരിക്കക്കാരുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാത്രമാകും പുടിനുമായി ജി 20 ഉച്ചകോടിയില്‍ താന്‍ ചര്‍ച്ചയ്ക്ക് താത്പര്യപ്പെടുകയെന്ന് നേരത്തെ ബൈഡന്‍ പറഞ്ഞിരുന്നു. ഉച്ചകോടിയില്‍ പുടിന്‍ നേരിട്ടോ, അല്ലാതെയോ പങ്കെടുക്കുന്നുണ്ടെങ്കില്‍ റഷ്യയെ എതിര്‍ക്കുന്ന മറ്റു രാജ്യങ്ങളുമായി ചേര്‍ന്ന് അദ്ദേഹത്തെ ഒറ്റപ്പെടുത്താനും പ്രതിരോധത്തിലാക്കാനും അമേരിക്ക പദ്ധതിയിട്ടിരുന്നു. പുടിനെ ബഹിഷ്‌കരിക്കുന്നത് അടക്കമുള്ള നീക്കങ്ങള്‍ അമേരിക്ക ആലോചിച്ചിരുന്നു. 

ഏഷ്യയില്‍ വരുന്ന രണ്ടാഴ്ചകളിലായി പ്രധാനപ്പെട്ട മൂന്നു ഉച്ചകോടികളാണ് നടക്കുന്നത്. ജി 20ക്കൊപ്പം ആസിയാന്‍, ഏഷ്യ-പസപിഫിക് എക്കോണമിക് കോര്‍പ്പറേഷന്‍ ഉച്ചകോടികളും നടക്കും. ആസിയാന്‍ ഉച്ചകോടിക്ക് കംബോഡിയയില്‍ ഇന്ന് തുടക്കമാകും. ആസിയാന്‍, ജി 20 സമ്മേളനങ്ങളില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പങ്കെടുക്കുന്നുണ്ട്.  ബാങ്കോക്കില്‍ നടക്കുന്ന ഏഷ്യ-പസഫിക് എക്കോണമിക് കോര്‍പ്പറേഷന്‍ ഉച്ചകോടിയില്‍ യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ആണ് പങ്കെടുക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com