ആ കുഞ്ഞ് ഇതാ ഇവിടെയുണ്ട്; സ്വാഗതം 'വിനിസ് മബന്‍സാഗ്'- ലോക ജനസംഖ്യ 800 കോടി തൊട്ടു

കുട്ടിയുടേയും അമ്മയുടേയും ചിത്രങ്ങള്‍ ഫിലിപ്പീന്‍സ് കമ്മീഷന്‍ ഓണ്‍ പോപ്പുലേഷന്‍ ആന്‍ഡ് ഡെവലപ്പമെന്റ് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പങ്കിട്ടു
ചിത്രം: ഫെയ്സ്ബുക്ക്
ചിത്രം: ഫെയ്സ്ബുക്ക്

മനില: ലോക ജനസംഖ്യ 800 കോടി തൊട്ടത് ഫിലിപ്പീന്‍സിലെ മനിലയില്‍. മനിലയിലെ ടോണ്ടോയില്‍ ജനിച്ച പെണ്‍കുഞ്ഞാണ് 800 കോടി എന്ന അക്കത്തിലേക്ക് ലോക ജനസംഖ്യ തികച്ചത്. പ്രാദേശിക സമയം പുലര്‍ച്ചെ 1.29ന് ടോണ്ടോയിലെ ഡോ. ജോസ് ഫബെല്ല മെമ്മോറിയല്‍ ആശുപത്രിയില്‍ ജനിച്ച വിനിസ് മബന്‍സാഗ് എന്ന എന്ന പെണ്‍കുഞ്ഞിനെയാണ് 800 കോടി തൊട്ടതായി പ്രതീകാത്മകമായി കണക്കാക്കുന്നത്. 

കുട്ടിയുടേയും അമ്മയുടേയും ചിത്രങ്ങള്‍ ഫിലിപ്പീന്‍സ് കമ്മീഷന്‍ ഓണ്‍ പോപ്പുലേഷന്‍ ആന്‍ഡ് ഡെവലപ്പമെന്റ് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പങ്കിട്ടു. ലോക ജനസംഖ്യ 800 കോടി എന്ന നാഴികക്കല്ലില്‍ എത്തിയതായും ടോണ്ടോയില്‍ ജനിച്ച പെണ്‍കുഞ്ഞിനെ 800 കോടിയിലെ മനുഷ്യ ജന്മമായി സ്വാഗതം ചെയ്യുന്നതായും പേജില്‍ വ്യക്തമാക്കുന്നു.

ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ലോകജനസംഖ്യ ഇന്ന് 800 കോടി തൊട്ടു. 700 കോടി പിന്നിട്ട് 11 വര്‍ഷം പിന്നിടുമ്പോഴാണ് 800 കോടിയിലേക്ക് ജനസംഖ്യ എത്തിയത്. 2022ലെ ലോകജനസംഖ്യ സംബന്ധിച്ച വീക്ഷണ റിപ്പോര്‍ട്ടിലാണ് നവംബര്‍ 15ന് ലോകജനസംഖ്യ 800 കോടിയാകുമെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കിയത്. 

ജനസംഖ്യാ വളര്‍ച്ചയിലെ നാഴികക്കല്ല് എന്നാണ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഈ ദിവസത്തെ വിശേഷിപ്പിച്ചത്. നിലവില്‍ ചൈനയാണ് ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യം. 145.2 കോടിയാണ് ചൈനയിലെ ജനസംഖ്യ. ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. 141.2 കോടിയാണ് ഇന്ത്യയിലെ ജനസംഖ്യ. അടുത്തവര്‍ഷം ഇന്ത്യ ചൈനയെ പിന്തള്ളി ഒന്നാമതെത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 

ജനസംഖ്യാ വളര്‍ച്ചയുടെ വര്‍ധനവ് പ്രതിവര്‍ഷം ഒരു ശതമാനത്തില്‍ താഴെയാണ്. 2030ല്‍ ലോകജനസംഖ്യ 850 കോടിയും 2050ല്‍ 970 കോടിയുമെത്തിയേക്കാം. 2080കളിലിത് ഏറ്റവും ഉയര്‍ന്ന നിലയായ 1040 കോടിയിലെത്തും. 2100 വരെ ഈ നിലയില്‍ തുടരാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജനനനിരക്കില്‍ ലോകമെമ്പാടുമുള്ള ഇടിവാണ് മന്ദഗതിയിലുള്ള വളര്‍ച്ചയുടെ കാരണം. 

2050 വരെയുള്ള ജനസംഖ്യാവളര്‍ച്ചാ അനുമാനത്തില്‍ പകുതിയും കോംഗോ, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, നൈജീരിയ, പാകിസ്ഥാന്‍, ഫിലിപ്പീന്‍സ്, ടാന്‍സാനിയ എന്നീ എട്ടു രാജ്യങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും. അത്യാധുനിക ആരോഗ്യ സേവനങ്ങള്‍ ലഭിക്കുന്നതിനാല്‍ ലോകത്ത് മരണനിരക്കും വളരെ കുറവാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com