യൂറോപ്പില്‍ ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട ഭീകരന്‍; സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് കമാന്‍ഡറെ വധിച്ചെന്ന് അമേരിക്ക

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th April 2023 05:27 PM  |  

Last Updated: 04th April 2023 05:27 PM  |   A+A-   |  

ISIS_SYRIA

2019ലെ സൈനിക നീക്കത്തില്‍ ഐഎസ് മേഖലയില്‍ നിന്ന് പ്രദേശവാസികളെ ഒഴിപ്പിക്കുന്നു/എഎഫ്പി ഫയല്‍

 

സിറിയയില്‍ സഖ്യ സേന നടത്തിയ ആക്രമണത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ്‌സിന്റെ പ്രധാന കമാന്‍ഡര്‍ കൊല്ലപ്പെട്ടതായി അമേരിക്ക. യൂറോപ്പിലും അമേരിക്കയിലും ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടിരുന്ന ഭീകരനെയാണ് വധിച്ചതെന്ന് യുഎസ് സെന്‍ഡ്രല്‍ കമാന്‍ഡ് അറിയിച്ചു. 

ഖാലിദ് അയുബ് അഹമ്മദ് അല്‍-ജബൗരി എന്ന കമാന്‍ഡര്‍ ആണ് കൊല്ലപ്പെട്ടത്. ഇയാളെ ഇല്ലാതാക്കിയതിലൂടെ, സിറിയയ്ക്ക് പുറത്ത് ആക്രമണം നടത്താനുള്ള ഐഎസിന്റെ കഴിവിനെ താത്ക്കാലികമായി തടയാന്‍ സാധിക്കുമെന്ന് യുഎസ് സെന്‍ഡ്രല്‍ കമാന്‍ഡ് അവകാശപ്പെട്ടു. 

ഖെഫ്തീന്‍ മേഖലയില്‍ ആണ് അമേരിക്കന്‍ ഡ്രോണ്‍ ആക്രമണം നടന്നത്. ഡ്രോണ്‍ ആക്രമണത്തില്‍ സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടിട്ടില്ലെന്ന് യുഎസ് വ്യക്തമാക്കി. 

സിറിയയില്‍ നടന്ന ഭൂകമ്പത്തിന് പിന്നാലെ, ഒളിവിലായിരുന്ന ഇസ്ലാമിക് സ്റ്റേറ്റ്‌സ് നിരവധി ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് യുഎസ് വീണ്ടും സൈനിക നീക്കത്തിലേക്ക് തിരിഞ്ഞത്. 

2019ല്‍ അമേരിക്കന്‍ സൈന്യം ഇസ്ലാമിക് സ്റ്റേറ്റിന്റെ കൈവശമുണ്ടായിരുന്ന അവസാന മേഖലയും തിരികെപ്പിടിച്ചിരുന്നു. ഭൂരിഭാഗം ഐഎസ് ഭീകരരെയും തടവിലാക്കി. എന്നാല്‍ രക്ഷപ്പെട്ട സംഘാംഗങ്ങളാണ് ഭൂകമ്പം മറയാക്കി ആക്രമണം നടത്തിയത്.  ഇവര്‍ കിഴക്കന്‍ സിറിയയിലെ മരുഭൂമികളില്‍ ഒളിവില്‍ കഴിയുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ ബാഖ്മുതില്‍ റഷ്യന്‍ പതാക നാട്ടി വാഗ്നര്‍ സേന; പിടിച്ചെടുത്തതായി പ്രഖ്യാപനം, കൂട്ട പലായനം 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ