നാറ്റോ അംഗത്വം നേടി ഫിന്‍ലന്‍ഡ്; റഷ്യയ്ക്ക് കനത്ത തിരിച്ചടി
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th April 2023 08:33 PM |
Last Updated: 04th April 2023 08:33 PM | A+A A- |

നാറ്റോ ആസ്ഥാനത്ത് ഫിന്‍ലന്‍ഡ് പതാക ഉയര്‍ത്തിയപ്പോള്‍/എഎഫ്പി
നാറ്റോ സൈനിക സഖ്യത്തില്‍ അംഗത്വം നേടി ഫിന്‍ലന്‍ഡ്. റഷ്യയുടെ എതിര്‍പ്പ് നിലനില്‍ക്കെയാണ് ഫിന്‍ലന്‍ഡിന് നാറ്റോയില്‍ അംഗത്വം ലഭിച്ചിരിക്കുന്നത്. ഇതോടെ, നാറ്റോ അംഗരാജ്യങ്ങളുടെ എണ്ണം 31 ആയി. നാറ്റോയിലെ പ്രധാന സഖ്യകക്ഷിയായ തുര്‍ക്കി പാര്‍ലമെന്റ് ഫിന്‍ലന്‍ഡിന്റെ ആവശ്യം അംഗീകരിച്ചതോടെയാണ് സഖ്യ പ്രവേശനം സാധ്യമായത്. അതേസമയം, ഫിന്‍ലന്‍ഡിനൊപ്പം അപേക്ഷ നല്‍കിയ സ്വീഡന്റെ കാര്യത്തില്‍ ഇതുവരെയും തീരുമാനമായിട്ടില്ല.
യുക്രൈന്‍ യുദ്ധം കൊടുമ്പിരികൊണ്ടു നില്‍ക്കുമ്പോഴുള്ള അയല്‍രാജ്യത്തിന്റെ നാറ്റോ പ്രവേശനം റഷ്യയ്ക്ക് തിരിച്ചടിയാണ്. നാറ്റോയില്‍ ചേര്‍ന്നാല്‍ തിരിച്ചടി നേരിടേണ്ടിവരുമെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം, ചേരിചേരാ നയമാണ് ഫിന്‍ലന്‍ഡ് സ്വീകരിച്ചുവന്നിരുന്നത്. എന്നാല്‍ യുക്രൈന്‍ യുദ്ധത്തിന് പിന്നാലെ, നാറ്റോയ്‌ക്കൊപ്പം ചേരാന്‍ ഫിന്‍ലന്‍ഡ് തീരുമാനിക്കുകയായിരുന്നു. യുക്രൈന്റെ നാറ്റോ പ്രവേശന ആവശ്യം ഇതുവരെയും സാധ്യമായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ബ്രസല്‍സില്‍ ചേര്‍ന്ന നാറ്റോ അംഗരാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗമാണ് ഫിന്‍ലന്‍ഡിന് അംഗത്വം നല്‍കിയത്. ശേഷം, നാറ്റോ ആസ്ഥാനത്ത് ഫിന്‍ലന്‍ഡ് പതാക ഉയര്‍ത്തി.
ഈ വാര്‍ത്ത കൂടി വായിക്കൂ ബാഖ്മുതില്‍ റഷ്യന്‍ പതാക നാട്ടി വാഗ്നര്‍ സേന; പിടിച്ചെടുത്തതായി പ്രഖ്യാപനം, കൂട്ട പലായനം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ