ദുരന്ത ഭൂമിയായി തുര്‍ക്കിയും സിറിയയും; വീണ്ടും വന്‍ ഭൂചലനം, മരണം 1,300, സഹായമെത്തിക്കാന്‍ ഇന്ത്യ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th February 2023 05:14 PM  |  

Last Updated: 06th February 2023 05:14 PM  |   A+A-   |  

turkey

ചിത്രം: എഎഫ്പി 

 

തുര്‍ക്കിയില്‍ വീണ്ടും വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തി. തുര്‍ക്കിയിലെ തെക്ക്-കിഴക്കന്‍ മേഖലയിലാണ് പുതിയ ഭൂകമ്പം സംഭവിച്ചിരിക്കുന്നത്. ആദ്യമുണ്ടായ ഭൂചലനത്തില്‍ തുര്‍ക്കിയിലും സിറിയയിലുമായി 1,300 പേര്‍ കൊല്ലപ്പെട്ടു. തുര്‍ക്കിയില്‍ മാത്രം ഇതുവരെ 912 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 2,818 കെട്ടിടങ്ങള്‍ നിലംപൊത്തി. 1939ലെ 2,818 കെട്ടിടങ്ങള്‍ തകര്‍ന്ന ദുരന്തത്തിന് ശേഷം ആദ്യമായാണ് ഇത്രയും വലിയ ദുരന്തം സംഭവിക്കുന്നതെന്ന് തുര്‍ക്കി പ്രസിഡന്റ് തയ്യീപ് എര്‍ദോഗന്‍ പറഞ്ഞു. സിറിയയില്‍ 326 പേര്‍ കൊല്ലപ്പെട്ടെന്നാണ് പ്രഥാമിക വിവരം. 

ഇരു രാജ്യങ്ങള്‍ക്കും ഐക്യരാഷ്ട്ര സഭയും വിവിധ രാജ്യങ്ങളും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. തുര്‍ക്കിയിലേക്ക് എന്‍ഡിആര്‍എഫ് അടക്കമുള്ള രക്ഷാ സംഘത്തെ അയക്കുമെന്ന് ഇന്ത്യ അറിയിച്ചു. നൂറുപേര്‍ അടങ്ങുന്ന എന്‍ഡിആര്‍എഫിന്റെ രണ്ട് സംഘത്തെയാണ് അയക്കുന്നത്. ദുരന്ത മുഖത്ത് അടിയന്തര സേവനം നടത്താനായി പരിശീലനം ലഭിച്ച ഡോക്ടര്‍മാരും ഡോഗ്‌സ്‌ക്വാഡും സംഘത്തിനൊപ്പമുണ്ടാകും. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി കെ മിശ്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് രക്ഷാ സംഘത്തെ അയക്കാന്‍ തീരുമാനമെടുത്തത്. 

തുര്‍ക്കിയിലെയും സിറിയയിലേയും ജനങ്ങള്‍ക്കൊപ്പം ഇന്ത്യ നിലകൊള്ളുന്നു. ദുരന്തം മറികടക്കാന്‍ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നുവെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 

എമര്‍ജന്‍സി മെഡിക്കല്‍ ടീം നെറ്റ്‌വര്‍ക്കുകള്‍ പ്രവര്‍ത്തന നിരതമാണെന്നും ദുരന്തത്തില്‍ പരിക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നടത്തിവരുന്നതായും ലോകാരോഗ്യ സംഘടന അറിയിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോര്‍ഡിനേഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചതായും എമര്‍ജന്‍സി സാറ്റലൈറ്റ് മാപ്പിങ് അടക്കമുള്ള സേവനങ്ങള്‍ ആരംഭിച്ചതായും യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു. 

തുര്‍ക്കിയിലെ ജനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ സന്നദ്ധമാണെന്ന് യുക്രൈന്‍ അറിയിച്ചു. നൂറു രക്ഷാ പ്രവര്‍ത്തകരുമായി തങ്ങളുടെ ഐഎല്‍ 76 എയര്‍ക്രാഫ്റ്റ് ഉടന്‍ സിറിയയില്‍ എത്തുമെന്ന് റഷ്യ അറിയിച്ചു. തുര്‍ക്കിയിലേക്കും ആവശ്യമെങ്കില്‍ രക്ഷാ പ്രവര്‍ത്തകരെ വിടാന്‍ സന്നദ്ധമാണെന്നും റഷ്യ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ ഞൊടിയിടയില്‍ നിലംപൊത്തി ബഹുനില മന്ദിരം; തുര്‍ക്കിയില്‍നിന്നുള്ള നടുക്കുന്ന വിഡിയോ, ഭൂകമ്പത്തില്‍ കൊടുംനാശം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ