സല്‍മാന്‍ റുഷ്ദിയുടെ തിരിച്ചുവരവ്; ആക്രമണത്തിന് ആറുമാസത്തിന് ശേഷം നോവല്‍, വിക്ടറി സിറ്റി പുറത്തിറങ്ങി
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th February 2023 03:45 PM |
Last Updated: 06th February 2023 03:45 PM | A+A A- |

സല്‍മാന്‍ റുഷ്ദി/എഎഫ്പി
സല്‍മാന്‍ റുഷ്ദിയുടെ പുതിയ പുസ്തകം പ്രസിദ്ധീകരിച്ചു. 'വിക്ടറി സിറ്റി' എന്നാണ് നോവലിന്റെ പേര്. കത്തിക്കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ ആയി ആറുമാസത്തിന് ശേഷമാണ് റുഷ്ദിയുടെ പുതിയ നോവല്‍ പ്രസിദ്ധീകരിക്കുന്നത്. വിജയനഗര സാമ്രാജ്യത്തിന്റെ ചരിത്രത്തെ ആസ്പദമാക്കിയുളളതാണ് നോവല്‍. ദേവതയില്‍ നിന്ന് അനുഗ്രഹം ലഭിച്ച് അത്ഭുത ശക്തി ലഭിച്ച പമ്പ കമ്പാന എന്ന അനാഥ പെണ്‍കുട്ടി ബിസ്‌നാഗ എന്ന നഗരം സ്ഥാപിക്കുന്നതാണ് നോവലിന്റെ ഇതിവൃത്തം.
അമേരിക്കയില്‍ വെച്ച് ആക്രമിക്കപ്പെടുന്നതിന് മുന്‍പ് പൂര്‍ത്തിയാക്കിയ നോവലാണ് ഇത്. റുഷ്ദിയുടെ പതിനഞ്ചാമത്തെ നോവലാണ് വിക്ടറി സിറ്റി. ആരോഗ്യാവസ്ഥ പൂര്‍ണമായി മെച്ചപ്പെടാത്തതിനാല്‍ അദ്ദേഹം നോവലിന്റെ പ്രചാരണ പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 12നാണ് റുഷ്ദിക്ക് നേരെ ന്യൂയോര്‍ക്കില്‍ വെച്ച് ആക്രമണം നടന്നത്.
ന്യൂയോര്‍ക്കിലെ ഷതോക്വ ഇന്‍സ്റ്റിറ്റിയൂഷനിലെ സാഹിത്യ ചര്‍ച്ചാവേദിയില്‍ വെച്ചാണ് ഇരുപത്തിനാലുകാരനായ ഹാദി മതാര്‍ എഴുപത്തിനാലുകാരനായ റുഷ്ദിയെ കുത്തിവീഴ്ത്തിയത്. ആക്രമണത്തില്‍ അദ്ദേഹത്തിന് ഒരു കണ്ണിന്റെ കാഴ്ചയും ഒരു കൈയുടെ ചലനശേഷിയും നഷ്ടപ്പെട്ടിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ ഞൊടിയിടയില്‍ നിലംപൊത്തി ബഹുനില മന്ദിരം; തുര്‍ക്കിയില്‍നിന്നുള്ള നടുക്കുന്ന വിഡിയോ, ഭൂകമ്പത്തില്‍ കൊടുംനാശം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ