17,000 പേരെ കൊന്നിട്ടില്ല; 5,000 പേരെ കൊന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാമെന്ന് പ്രധാനമന്ത്രി; നേപ്പാളില്‍ രാഷ്ട്രീയ കോളിളക്കം

മാവോയിസ്റ്റ് ആഭ്യന്തര യുദ്ധ കാലത്ത് 5,000 പേര്‍ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍
പുഷ്പ കമാല്‍ ദഹല്‍/എഎഫ്പി
പുഷ്പ കമാല്‍ ദഹല്‍/എഎഫ്പി

മാവോയിസ്റ്റ് ആഭ്യന്തര യുദ്ധ കാലത്ത് 5,000 പേര്‍ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍. '17,000 പോരെ കൊന്നു എന്നാണ് എനിക്കെതിരെയുള്ള ആരോപണം. ഇത് ശരിയല്ല. സംഘര്‍ഷത്തിനിടെ 5000 പേരെ കൊന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഞാന്‍ തയ്യാറാണ്. ബാക്കി 12,000 പേരെ കൊന്നത് രാജകുടുംബം ആണ്' കഠ്മണ്ഡുവില്‍ നടന്ന മാഘി ഉത്സവത്തില്‍ നേപ്പാള്‍ പ്രധാനമന്ത്രി പറഞ്ഞു. 

പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തലിന് പിന്നാലെ, നേപ്പാളില്‍ വന്‍ രാഷ്ട്രീയ കോളിളക്കമാണ് സംഭവിച്ചിരിക്കുന്നത്. പ്രചണ്ഡയ്ക്ക് എതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് നേപ്പാള്‍ സുപ്രീംകോടതിയില്‍ ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടു. കലാപത്തിന്റെ ഇരകള്‍ സമര്‍പ്പിച്ച രണ്ട് റിട്ട് പെറ്റീഷനുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ നേപ്പാള്‍  സുപ്രീംകോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

1996 ഫെബ്രുവരിയില്‍ ആരംഭിച്ച ആഭ്യന്തര യുദ്ധം വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെടാന്‍ മാവോയിസ്റ്റ് പാര്‍ട്ടി സമ്മതിച്ചതിനെ തുടര്‍ന്ന് 2006ലാണ് അവസാനിച്ചത്. 17,000പേര്‍ ഈ കാലഘട്ടത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് കണക്കാക്കുന്നത്. മാവോയിസ്റ്റ് ആഭ്യന്തര യുദ്ധത്തിന് ഒളിവിലിരുന്ന് നേതൃത്വം നല്‍കിയിരുന്നത് പ്രചണ്ഡ എന്നറിയിപ്പെടുന്ന പുഷ്പ കമാല്‍ ദഹല്‍ ആയിരുന്നു. അതേസമയം, സമാധാന കരാറിനെ ചോദ്യം ചെയ്തുകൊണ്ടുള്ള നീക്കത്തെ ചെറുക്കുമെന്ന് മാവോയിസ്റ്റ് പാര്‍ട്ടി വ്യക്തമാക്കി. 

മുന്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലിയുടെ സിപിഎന്‍ യുഎംഎല്‍ ദഹലിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ചിരുന്നു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നേപ്പാളി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാനുള്ള ദഹലിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചായിരുന്നു ഒലി പിന്തുണ പിന്‍വലിച്ചത്. 


നേപ്പാളി കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയാണ് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പുഷ്പകമാല്‍ ദഹലിന്റെ സിപിഎന്‍ മാവോയിസ്റ്റ് മത്സരിച്ചത്. തീവ്ര ഹിന്ദുത്വ പാര്‍ട്ടിയായ രാഷ്ട്രീയ പ്രജാതന്ത്ര പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയാണ് കെപി ശര്‍മ ഒലിയുടെ സിപിഎന്‍-യുഎംഎല്‍ മത്സരിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം, ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും സഖ്യമുണ്ടാക്കുകയായിരുന്നു. പ്രധാനമന്ത്രി സ്ഥാനം രണ്ടര വര്‍ഷം പുഷ്പകമാല്‍ ദഹലിനും അടുത്ത രണ്ടര വര്‍ഷം കെ പി ശര്‍മ ഒലിക്കും എന്നായിരുന്നു ധാരണ.

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com