ഷിയുടെ 'ഫോര്‍മുലയില്‍' കണ്ണുനട്ട് ലോകം; യുക്രൈന്‍ യുദ്ധത്തിന് അറുതിവരുമോ?, പുടിനുമായി നിര്‍ണായക കൂടിക്കാഴ്ച
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th March 2023 04:22 PM |
Last Updated: 20th March 2023 04:22 PM | A+A A- |

ഷി ജിന്‍പിങ്, പുടിന്‍/എഎഫ്പി
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ന് റഷ്യയിലെത്തും. രണ്ടു ദിവസത്തെ സന്ദര്‍ശനത്തില്‍ യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ച് ഇരു രാഷ്ട്ര നേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തും. യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനായി നേരത്തെ, ചൈന നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. ഇതിനോട് റഷ്യയ്ക്ക് അനുകൂല സമീപനമാണ് എന്നാണ് റിപ്പോര്‍ട്ട്.
യുക്രൈന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം, ആദ്യമായാണ് ചൈനീസ് പ്രസിഡന്റ് റഷ്യയിലെത്തുന്നത്. ചൊവ്വാഴ്ച ഇരു നേതാക്കളും തമ്മില്‍ യുക്രൈന്‍ വിഷയം ചര്‍ച്ച ചെയ്യുമെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഷിയുടെ സന്ദര്‍ശനം സൗഹൃദത്തിനും സമാധാനത്തിനും വേണ്ടിയാണ് എന്ന് ബീജിങ് പ്രതികരിച്ചു. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ ദൃഢമാക്കാനും വിവിധ മേഖലകളില്‍ സമഗ്ര പങ്കാളിത്തം ഉറപ്പാക്കാനും ചൈനീസ് പ്രസിഡന്റിന്റെ റഷ്യന്‍ സന്ദര്‍ശനം വഴിയൊരുക്കുമെന്നും ബീജിങ് പ്രതികരിച്ചു.
റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന് എതിരെ ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോര്‍ട്ട് പുറപ്പെടുവിച്ച അറസ്റ്റ് വാറന്റിനെയും ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് വാങ് വെന്‍ബിന്‍ വിമര്‍ശിച്ചു. അന്താരാഷ്ട്ര നീതിന്യായ കോടതിയ്ക്ക് ഇരട്ടത്താപ്പാണെന്നും കോടതി വസ്തുനിഷ്ഠവും നിഷ്പക്ഷവുമായ നിലപാട് ഉയര്‍ത്തിപ്പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ചൈനീസ് പ്രസിഡന്റിന്റെ റഷ്യന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി, ചൈനീസ് ദിനപ്പത്രത്തില്‍ പുടിന്റെ ലേഖനം പ്രസിദ്ധീകരിച്ചു. ഷി ജിന്‍പിങ് തന്റെ നല്ല സുഹൃത്താണെന്ന് വിശേഷിപ്പിച്ച പുടിന്‍, യുക്രൈന്‍ പ്രതിസന്ധി അവസാനിപ്പിക്കാനുള്ള ചൈനയുടെ ചുവടുവയ്പ്പിനെ സ്വാഗതം ചെയ്യുന്നതായും കൂട്ടിച്ചേര്‍ത്തു.
ചൈനീസ് പ്രസിഡന്റിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി, റഷ്യന്‍ സൈന്യത്തെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് യുക്രൈന്‍ രംഗത്തെത്തി. 'യുദ്ധം അവസാനിപ്പിക്കാനുള്ള ചൈനയുടെ ഫോര്‍മുലയില്‍ ആദ്യമായി പറയുന്നത് യുക്രൈന്‍ പ്രദേശങ്ങളില്‍ നിന്ന് റഷ്യന്‍ സേനയെ പിന്‍വലിക്കണം എന്നാണ്'- യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി പറഞ്ഞു.
നേരത്തെ പുടിനുമായും സെലന്‍സ്‌കിയുമായും ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് ഷി ജിന്‍പിങ് അറിയിച്ചിരുന്നു. യുദ്ധം അവസാനിപ്പിക്കാനായി ചൈന ഇടപെടണമെന്ന സെലന്‍സ്‌കിയും ആവശ്യപ്പെട്ടിരുന്നു. യുദ്ധത്തിന് രാഷ്ട്രീയപരമായി പരിഹാരം തേടണം എന്നാണ് ചൈന മുന്നോട്ടുവച്ച സമാധാന പദ്ധതിയില്‍ പറയുന്നത്. ഏകപക്ഷീയമായ ഉപരോധങ്ങള്‍ അവസാനിപ്പിക്കണമെന്നും ചൈന നിര്‍ദേശിച്ചു.
ഈ വാർത്ത കൂടി വായിക്കൂ ഉറക്കം പോലുമില്ലാതെ ഫോണില്‍; 11കാരനെ 17 മണിക്കൂര്‍ തുടര്‍ച്ചയായി വിഡിയോ ഗെയിം കളിപ്പിച്ച് അച്ഛന്റെ ശിക്ഷ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ