പ്രേത നഗരമായി ബാഖ്മുത്; ജൂണ്‍ ഒന്നിന് റഷ്യക്ക് കൈമാറുമെന്ന് വാഗ്നര്‍ ഗ്രൂപ്പ്, അടുത്ത ലക്ഷ്യമെന്ത്?

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd May 2023 05:40 PM  |  

Last Updated: 22nd May 2023 05:40 PM  |   A+A-   |  

bakhmut

ചിത്രം: എഎഫ്പി

 

ങ്ങള്‍ പിടിച്ചെടുത്ത കിഴക്കന്‍ യുക്രൈന്‍ നഗരം ബാഖ്മുത് ജൂണ്‍ ഒന്നിന് റഷ്യന്‍ സേനയ്ക്ക് കൈമാറുമെന്നും അന്നുതന്നെ നഗരം വിടുമെന്നും റഷ്യയുടെ സ്വകാര്യ സേന വാഗ്നര്‍ ഗ്രൂപ്പിന്റെ മേധാവി യെവ്ഗെനി പ്രിഗോഷി. ബാഖ്മുത് റഷ്യ പിടിച്ചടക്കിയിട്ടില്ലെന്നും പോരാട്ടം തുടരുകയാണെന്നും യുക്രൈന്‍ അവകാശപ്പെടുമ്പോഴാണ് ജൂണ്‍ ഒന്നിന് നഗരം റഷ്യയ്ക്ക് കൈമാറുമെന്ന് വാഗ്നര്‍ ഗ്രൂപ്പ് വ്യക്തമാക്കിയിരിക്കുന്നത്. 

ബാഖ്മുത് നഗരം പിടിച്ചെടുത്തതില്‍ വാഗ്നര്‍ ഗ്രൂപ്പിനെയും റഷ്യന്‍ സൈന്യത്തെയും പ്രസിഡന്റ് പുടിന്‍ അഭിനന്ദിച്ചിരുന്നു. ബാഖ്മുതില്‍ റഷ്യന്‍ പതാകയേന്തി നില്‍ക്കുന്ന യെവ്ഗെനി പ്രിഗോഷിയുടെ ചിത്രവും പുറത്തുവന്നു. 

മെയ് 25 മുതല്‍ ജൂണ്‍ ഒന്നുവരെയുള്ള ദിവസങ്ങളില്‍ വാഗ്നര്‍ 'ആര്‍ട്ടെമൊവ്‌സ്‌ക്' വിടും. ആവശ്യമെങ്കില്‍ വാഗ്നര്‍ ഗ്രൂപ്പിലെ ചില സൈനികര്‍ ഇവിടെ തുടരും. ആയിരക്കണക്കിന് കമാന്‍ഡര്‍മാര്‍ ഞങ്ങള്‍ക്കുണ്ട്'-പ്രിഗോഷി പറഞ്ഞു. സോവിയറ്റ് യൂണിയന്റെ കാലത്തെ നഗരത്തിന്റെ പേരായിരുന്നു ആര്‍ട്ടെമൊവ്‌സ്‌ക്. പിന്നീട് യുക്രൈന്‍ ബാഖ്മുത് എന്ന് പേരുമാറ്റുകയായിരുന്നു. 


അടുത്ത ലക്ഷ്യമെന്ത്? 

വാഗ്നര്‍ സേന യുക്രൈനില്‍ തന്നെ തുടരുമോ അതോ റഷ്യയിലേക്ക് മടങ്ങി പോകുമോ എന്നാണ് ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്. നേരത്തെ, റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷൊയ്ഗുവും സൈനിക മേധാവി വലേരി ഗ്രസിമോവും രംഗത്തെത്തിയിരുന്നു. വാഗ്നര്‍ ഗ്രൂപ്പിന്റെ അച്ചടക്കമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ കാരണമാണ് റഷ്യന്‍ സേനയ്ക്ക് യുക്രൈനില്‍ കനത്ത നാശനഷ്ടമുണ്ടാകുന്നത് എന്നായിരുന്നു വിമര്‍ശനം. ഇതേത്തുടര്‍ന്ന് പുടിന്‍ വാഗ്നറിനെ പിന്‍വലിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. യുക്രൈനിലെ മറ്റു നഗരങ്ങളിലും വാഗ്നര്‍ ഗ്രൂപ്പിന്റെ സാന്നിധ്യമുണ്ട്. ഇവരെ തിരികെ വിളിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. യുദ്ധത്തിന്റെ തുടക്കം മുതല്‍ ബാഖ്മുത് കേന്ദ്രീകരിച്ചായിരുന്നു വാഗ്നറിന്റെ പ്രവര്‍ത്തനങ്ങള്‍. യുദ്ധത്തിന്റെ സമയത്ത് 80,000 പേരുണ്ടായിരുന്ന നഗരത്തില്‍ ഇപ്പോള്‍ ജനവാസമില്ലെന്നാണ് റിപ്പോര്‍ട്ട്. 

വാഗ്നര്‍ ഗ്രൂപ്പ് പുറത്തുവിട്ട വീഡിയോയില്‍ നിന്ന്‌
 


നിര്‍ണായകം, ബാഖ്മുത്

കഴിഞ്ഞവര്‍ഷം ഫെബ്രുവരി 24ന് റഷ്യ യുക്രൈനില്‍ അധിനിവേശം നടത്തിയത് മുതല്‍ ഏറ്റവും രക്തരൂക്ഷിത പോരാട്ടം നടന്ന മേഖലയാണ് ബാഖ്മുത്. യുക്രൈനിലെ തന്ത്രപ്രധാന മേഖലയാണ് ഇത്. യുക്രൈനിലെ വ്യാവസായ ഹൃദയഭൂമിയായ ഡോണ്‍ബാസ് എന്നറിയപ്പെടുന്ന ഡോണ്‍ടെസ്‌ക് മേഖലയില്‍ സ്ഥിതി ചെയ്യുന്ന ബാഖ്മുത്, പ്രധാന ജിപ്സം ഖനന മേഖലയാണ്. ബാഖ്മുത് പിടിച്ചെടുത്താല്‍, റഷ്യയ്ക്ക് കൂടുതല്‍ സൗകര്യപ്രദമായി യുക്രൈന്റെ മറ്റു മേഖലകളിലേക്ക് പ്രവേശിക്കാം. അതിനാല്‍ ഇവിടെ വന്‍ ചെറുത്തുനില്‍പ്പാണ് യുക്രൈന്‍ സൈന്യം നടത്തിവന്നത്. നഗരത്തിന്റെ മൂന്നു അതിര്‍ത്തികളില്‍ നിന്നും വാഗ്നര്‍ ഗ്രൂപ്പും റഷ്യന്‍ സൈന്യം ആക്രമണം നടത്തുകയായിരുന്നു. 2014ല്‍ റഷ്യ ക്രിമിയ പിടിച്ചെടുത്തതിന് പിന്നാലെ, റഷ്യയുടെ പിന്തുണയോടെ വിമതര്‍ ബാഖ്മുത് പിടിച്ചെടുത്തിരുന്നു. എന്നാല്‍ മാസങ്ങള്‍ക്കുള്ളില്‍ യുക്രൈന്‍ സൈന്യം നഗരം തിരിച്ചുപിടിച്ചു.