ധാക്ക: ബംഗ്ലാദേശിന്റെ രണ്ടാം സ്വാതന്ത്ര്യപ്പിറവിയാണിതെന്ന് ഇടക്കാല സര്‍ക്കാരിന്റെ പ്രധാനമന്ത്രിയാകുന്ന നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ്. തലസ്ഥാനമായ ധാക്കയില്‍ വിമാനമിറങ്ങിയശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് മഹത്തായ ദിനമാണ്. ബംഗ്ലാദേശ് പുതിയ വിജയദിനം കുറിച്ചിരിക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പാരീസില്‍ നിന്നും ഉച്ചയ്ക്ക് 2.30 ഓടെയാണ് യൂനിസ് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെത്തിയത്. ക്രമസമാധാനം പുനഃസ്ഥാപിക്കാനാണ് പ്രഥമ പരിഗണനയെന്നും മുഹമ്മദ് യൂനുസ് പറഞ്ഞു. ക്രമസമാധാനം ഉറപ്പുവരുത്താതെ ഒരു ചുവടു പോലും മുന്നോട്ടു വെക്കാനാകില്ല. എല്ലാവരും നമ്മുടെ സഹോദരങ്ങളാണ്. എല്ലാവരെയും സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും മുഹമ്മദ് യൂനുസ് അഭിപ്രായപ്പെട്ടു.
'എന്നില്‍ വിശ്വാസം അര്‍പ്പിക്കുന്നുണ്ടെങ്കില്‍, രാജ്യത്ത് ഒരാളും എവിടെയും ആക്രമിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും' ജനങ്ങളോട് മുഹമ്മദ് യൂനുസ് അഭ്യര്‍ത്ഥിച്ചു. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ ഇന്ന് രാത്രി അധികാരമേല്‍ക്കും. മുഹമ്മദ് യൂനുസിനെ പ്രധാനമന്ത്രിയാക്കണമെന്ന പ്രക്ഷോഭരംഗത്തുണ്ടായിരുന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം സൈന്യം അംഗീകരിച്ചതോടെയാണ് ഇടക്കാല സര്‍ക്കാരിന് കളമൊരുങ്ങിയത്.
തൊഴിൽനിയമങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഈവർഷമാദ്യമാണ് മുഹമ്മദ് യൂനുസിനെയും മറ്റു മൂന്നുപേർക്കും കോടതി ആറുമാസത്തെ തടവുശിക്ഷ വിധിച്ചത്. പിന്നീട് മുഹമ്മദ് യൂനുസിന് ജാമ്യം ലഭിച്ചു. തുടർന്നാണ് അദ്ദേഹം യൂറോപ്പിലേക്ക് പോയത്. ഹസീനയുടെ കടുത്ത വിമർശകനായിരുന്നതിന്റെ പേരിൽ സർക്കാർ നിരന്തരം വേട്ടയാടിയ യൂനുസിന്റെപേരിൽ 100-ലധികം ക്രിമിനൽക്കേസുകളാണ് ചുമത്തിയിരുന്നത്. എന്നാൽ ഒരു കേസിൽ മാത്രമാണ് കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി ശിക്ഷിച്ചത്.
ആഭ്യന്തര കലാപത്തെത്തുടർന്ന് രാജിവെച്ച് നാടുവിട്ട മുൻ പ്രധാനമന്ത്രി ഷേഖ് ഹസീന ഇന്ത്യയിൽ തുടരുകയാണ്. ബംഗ്ലാദേശിൽ പുതിയ ഇടക്കാല സർക്കാർ അധികാരത്തിലേറുന്നതിൽ ശ്രദ്ധാപൂർവമായ മറുപടിയാണ് ഇന്ത്യ നല്‌കിയത്. ഇന്ത്യയിലെ ഗവൺമെൻ്റിനും ജനങ്ങൾക്കും ബംഗ്ലാദേശിലെ ജനങ്ങളുടെ താൽപ്പര്യമാണ് പ്രാധാന്യം കൽപ്പിക്കുന്നതെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ബംഗ്ലാദേശിലെ സ്ഥിതിഗതികൾ വിദേശകാര്യമന്ത്രി ജയ്ശങ്കർ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയുമായി ചർച്ച ചെയ്തുവെന്നും ജയ്സ്വാൾ പറഞ്ഞു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ