ധാക്ക: ബംഗ്ലാദേശില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെയും ജഡ്ജിമാരുടെയും രാജി ആവശ്യപ്പെട്ട് വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമായതോടെ രാജി സന്നദ്ധത അറിയിച്ച് ബംഗ്ലാദേശ് ചീഫ് ജസ്റ്റിസ് ഒബൈദുല്‍ ഹസ്സന്‍. പ്രതിഷേധക്കാര്‍ ധാക്കയിലെ ബംഗ്ലാദേശ് സുപ്രീം കോടതി വളഞ്ഞ് സ്ഥാനമൊഴിയാന്‍ അന്ത്യശാസനം നല്‍കിയതിനെ തുടര്‍ന്നാണ് തീരുമാനം.
രാവിലെ 10.30 ഓടെ സുപ്രീം കോടതി വളപ്പില്‍ എത്തിയ നൂറുകണക്കിന് പ്രതിഷേധക്കാര്‍ ചീഫ് ജസ്റ്റിസിനും ജഡ്ജിമാര്‍ക്കും ഉച്ചയ്ക്ക് 1 മണിക്ക് (പ്രാദേശിക സമയം) സ്ഥാനമൊഴിയാന്‍ അന്ത്യശാസനം നല്‍കുകയായിരുന്നു. വൈകുന്നേരം പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീനുമായി കൂടിയാലോചിച്ച ശേഷം ഒബൈദുല്‍ ഹസ്സന്‍ രാജി സമര്‍പ്പിക്കുമെന്ന് ധാക്ക ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
നിര്‍ദേശിച്ച സമയപരിധിക്ക് മുമ്പ് രാജിവെച്ചില്ലെങ്കില്‍ ജഡ്ജിമാരുടെ വസതികള്‍ ഉപരോധിക്കുമെന്ന് പ്രതിഷേധക്കാര്‍ ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്. നേരത്തെ, ചീഫ് ജസ്റ്റിസ് ഒബൈദുല്‍ ഹസന്‍ രാജിവയ്ക്കണമെന്നും ഫുള്‍ കോര്‍ട്ട് മീറ്റിങ് നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് ഇടക്കാല സര്‍ക്കാരിന്റെ യുവജന കായിക മന്ത്രാലയത്തിന്റെ ഉപദേഷ്ടാവ് ആസിഫ് മഹമൂദ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.
പുതുതായി രൂപവത്കരിച്ച ഇടക്കാല സര്‍ക്കാരിനോട് ആലോചിക്കാതെ ചീഫ് ജസ്റ്റിസ് വിളിച്ചുചേര്‍ത്ത ഫുള്‍ കോര്‍ട്ട് യോഗമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് യോഗമെന്നാരോപിച്ചാണ് വിദ്യാര്‍ഥി പ്രതിഷേധക്കാര്‍ കോടതി വളഞ്ഞ് പ്രക്ഷോഭം ആരംഭിച്ചത്. പ്രതിഷേധത്തിനിടെ ബംഗ്ലാദേശ് ചീഫ് ജസ്റ്റിസ് സുപ്രീം കോടതി ജഡ്ജിമാരുടെ ഫുള്‍ കോര്‍ട്ട് മീറ്റിങ് മാറ്റിവച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ