ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ ഷേഖ് ഹസീനയുടെ പതനത്തിന് പിന്നാലെ ഹിന്ദു ആരാധനാലയങ്ങള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി സിപിഎം. ബംഗ്ലാദേശില്‍ ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്ക് നേരെയും അവരുടെ ആരാധനാലയങ്ങള്‍ക്ക് നേരെയും കടുത്ത ആക്രമണമാണ് നടക്കുന്നത്. ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളും വീടുകളും സ്ഥാപനങ്ങളും സംരക്ഷിക്കാന്‍ പുതുതായി അധികാരമേറ്റ ഇടക്കാല സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സര്‍ക്കാരിന്റെ പതനത്തിന്റെ ഫലമായുണ്ടായ അരാജക സാഹചര്യം മുതലെടുക്കുന്ന മതമൗലികവാദികളാണ് ന്യൂനപക്ഷ സമുദായത്തെ ലക്ഷ്യം വയ്ക്കുന്നത് എന്നും സിപിഎം പിബി കുറ്റപ്പെടുത്തി. ഹിന്ദു ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്താന്‍ ഇന്ത്യയിലെ നരേന്ദ്രമോദി സര്‍ക്കാര്‍ ബംഗ്ലാദേശ് അധികാരികളില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും പിബി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റാലികളും മറ്റും നടത്തിയ സിപിഎം, ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ ആക്രമിക്കപ്പെടുമ്പോള്‍ നിശബ്ദത പാലിക്കുകയാണെന്ന് സംഘപരിവാര്‍ ആരോപിച്ചിരുന്നു. ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളും, 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് തിരിച്ചടികളും കൂടി കണക്കിലെടുത്താണ് സിപിഎം ഇത്തരമൊരു പ്രസ്താവന ഇറക്കാന്‍ തയ്യാറായതെന്നാണ് സൂചന.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം കേരള സിപിഎമ്മിന്റെ കണ്ണുതുറപ്പിക്കുന്നതായിരുന്നു. പശ്ചിമ ബംഗാളിലാകട്ടെ സ്ഥിതി അതേപടി തുടര്‍ന്നു. ഒരു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. പ്രധാന വോട്ട് ബാങ്കായ ഹിന്ദു മതേതര വോട്ടുകള്‍ കേരളത്തില്‍ ഭദ്രമാണെന്നാണ് പാര്‍ട്ടി കരുതിയത്.എന്നാല്‍ ഭൂരിപക്ഷ സമുദായ വോട്ടുകളില്‍ ഇടിവുണ്ടായി. ചില പാര്‍ട്ടി അംഗങ്ങള്‍ പോലും കേരളത്തില്‍ ബിജെപിക്ക് വോട്ട് ചെയ്തു. ബംഗാളിലും കേരളത്തിലും സിപിഎം മുസ്ലീം സമുദായത്തെ പ്രീണിപ്പിക്കുന്നുവെന്ന ബിജെപി-സംഘപരിവാര്‍ പ്രചാരണം പാര്‍ട്ടിക്ക് ക്ഷീണമായി.
ന്യൂനപക്ഷ സംരക്ഷണം പാര്‍ട്ടിയുടെ പ്രഖ്യാപിത നയമാണ്. അതേസമയം മാറുന്ന രാഷ്ട്രീയ സാഹചര്യം കൂടി കണക്കിലെടുക്കേണ്ടതുണ്ടെന്ന് സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം കൂട്ടിച്ചേര്‍ത്തു. സിപിഎമ്മിന്റെ മുഖപത്രമായ 'പീപ്പിള്‍സ് ഡെമോക്രസി'യുടെ ഏറ്റവും പുതിയ എഡിറ്റോറിയല്‍ ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരായ ആക്രമണങ്ങളില്‍ ജമാഅത്തെ ഇസ്ലാമിയേയും അതിന്റെ വിദ്യാര്‍ത്ഥി വിഭാഗത്തേയും രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. ഷേഖ് ഹസീനയുടെ ഏകാധിപത്യ ഭരണത്തിനെതിരായ വിദ്യാര്‍ത്ഥികളുടെ സ്വാഭാവിക പ്രതികരണമാണ് പ്രക്ഷോഭമായി മാറിയതെന്ന് സിപിഎം പിബി അംഗം എംഎ ബേബി അഭിപ്രായപ്പെട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ