ചിക്കാഗോ: ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ദേശീയ കണ്‍വെന്‍ഷനില്‍ ഇന്ത്യക്കാരിയായ തന്റെ അമ്മയേയും ജമൈക്കന്‍ സ്വദേശിയായ പിതാവിനെക്കുറിച്ചും വാചാലയായി പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസ്. യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഡെമോക്രാറ്റിക് നാമനിര്‍ദേശം സ്വീകരിച്ചുകൊണ്ടായിരുന്നു അമ്മ കഠിനാധ്വാനിയും ധൈര്യശാലിയുമാണെന്ന് കമല ഹാരിസ് പറഞ്ഞത്.
പിതാവ് ഡോണള്‍ഡ് ജാസ്പര്‍ ഹാരിസ് എന്നും പേടിയില്ലാതെയിരിക്കാന്‍ പഠിപ്പിച്ചപ്പോള്‍ അമ്മ ശ്യാമള ഗോപാലന്‍ അനീതിയെക്കുറിച്ച് പരാതിപ്പെടുകയല്ല പ്രതികരിക്കുകയാണ് വേണ്ടതെന്ന് തന്നെയും തന്റെ സഹോദരിയെയും പഠിപ്പിച്ചുവെന്നും കമല പറഞ്ഞു.
ശാസ്ത്രജ്ഞയാകുക എന്ന സ്വപ്‌നവുമായാണ് അമ്മ ഇന്ത്യയില്‍ നിന്നും അമേരിക്കയിലേയ്ക്ക് എത്തിയത്. സ്തനാര്‍ബുദം ഭേദമാക്കുന്ന കണ്ടുപിടിത്തങ്ങള്‍ നടത്തണമെന്ന് ആഗ്രഹിച്ച് ഒറ്റക്ക് ഇന്ത്യയില്‍ നിന്നും അമേരിക്കയിലേയ്ക്ക് എത്തിയപ്പോള്‍ അവര്‍ക്ക് പ്രായം 19 വയസ് മാത്രമാണ്. ജമൈക്കയില്‍ നിന്നുള്ള വിദ്യാര്‍ഥിയായ എന്റ പിതാവ് ഡോണാള്‍ഡ് ഹാരിസിനെ കണ്ടുമുട്ടുകയും ഇരുവരും പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. പക്ഷേ, എന്റെ മാതാപിതാക്കള്‍ തമ്മിലുള്ള ഐക്യം ഒരുപാട് കാലം നിന്നില്ല. എന്റെ സ്‌കൂള്‍ കാലത്ത് തന്നെ അവര്‍ വേര്‍പിരിഞ്ഞു. പല ജോലികള്‍ ചെയ്ത് അമ്മ ഞങ്ങള്‍ മക്കളെ ഒറ്റയ്ക്ക് വളര്‍ത്തി. ഇന്നവരെ ഞാന്‍ ഒരുപാട് മിസ് ചെയ്യുന്നു. ആകാശത്തിരുന്ന് അവരിപ്പോള്‍ കാണുന്നുണ്ടാകാം.
അഭിഭാഷകയാകണമെന്നാണ് ചെറുപ്പംമുതല്‍ ഞാന്‍ ആഗ്രഹിച്ചത്. അതിനും ഒരു വലിയ അനുഭവ കഥയുണ്ട്. ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ എന്റെ ഉറ്റ സുഹൃത്ത് വാന്‍ഡയായിരുന്നു. അവളിലെ ചില മാറ്റങ്ങള്‍ പെട്ടെന്ന് ശ്രദ്ധിക്കാന്‍ തുടങ്ങി. അവളുടെ രണ്ടാനച്ഛന്‍ അവളെ പീഡിപ്പിക്കുന്ന കാര്യം അവളെന്നോട് പറഞ്ഞു. അവളെ ഞങ്ങള്‍ക്കൊപ്പം താമസിപ്പിച്ചു. സുരക്ഷിതത്വത്തിനും നീതിക്കും എല്ലാവര്‍ക്കും അവകാശമുണ്ട്. വാന്‍ഡയെപ്പോലുള്ളവരെ സംരക്ഷിക്കണമെങ്കില്‍ ഞാന്‍ പ്രോസിക്യൂട്ടറായി മാറണമെന്ന് ആഗ്രഹിച്ചു. അങ്ങനെയാണ് ആഗ്രഹിച്ച കരിയര്‍ നേടിയെടുത്തതെന്നും കമല പറഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടി ഓരോ അമേരിക്കക്കാരന്റേയും പേരില്‍ പാര്‍ട്ടി, വംശം, ലിംഗം, ഭാഷ എന്നിവ പരിഗണിക്കാതെ അമ്മയ്ക്കും അമേരിക്കക്കാര്‍ക്കു വേണ്ടിയും സംസാരിക്കുമെന്നും അമേരിക്കക്കാരെ ഒരുമിപ്പിക്കുന്ന പ്രസിഡന്റായിരിക്കും താനെന്നും കമല പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പ്രസംഗത്തില്‍ ഗാസ-ഇസ്രയേല്‍ യുദ്ധത്തെക്കുറിച്ചും കമല ഹാരിസ് പറഞ്ഞു. ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ കൊണ്ടുവരണമെന്ന് കമല പറഞ്ഞു. ഗാസയിലെ പ്രതിസന്ധി അവസാനിപ്പിക്കാന്‍ പ്രസിഡന്റ് ജോ ബൈഡനൊപ്പം പ്രവര്‍ത്തിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഗാസയിലെ രക്തച്ചൊരിച്ചില്‍ ഹൃദയഭേദകം ആണെന്നും വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടാക്കാനുള്ള സമയമാണിതെന്നും അവര്‍ പറഞ്ഞു.
ഗാസയിലെ അവസ്ഥ ഹൃദയഭേദകമാണ്. കഴിഞ്ഞ 10 മാസമായി ഗാസയില്‍ സംഭവിച്ചത് വിനാശകരമാണ്. നിരവധി നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെട്ടു. പട്ടിണി കിടക്കുന്ന ആളുകള്‍ ജീവന്‍ രക്ഷിക്കുന്നതിനായി പലായനം ചെയ്യുന്നു. ഇത് ഹൃദയത്തെ മുറിപ്പെടുത്തുന്നതാണ്. കമല ഹാരിസ് പറഞ്ഞു. ഈ വര്‍ഷം ജൂലൈയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കമല ഹാരിസും ജോ ബൈഡനും കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലും വെടി നിര്‍ത്തല്‍ കരാറിനെക്കുറിച്ചാണ് അമേരിക്ക സംസാരിച്ചത്. ട്രംപിന്റെ കാലത്തേക്ക് തിരിച്ചു പോക്കില്ല എന്ന് മുദ്രാവാക്യത്തോടെ പ്രസംഗിച്ച കമല ഞങ്ങള്‍ സ്ത്രീകളെ വിശ്വസിക്കുന്നുവെന്നും പ്രത്യുല്‍പ്പാദന സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന ബില്‍ കോണ്‍ഗ്രസ് പാസാക്കിയിട്ടുണ്ട്. പ്രസിഡന്റായാല്‍ ഞാനതില്‍ അഭിമാനത്തോടെ ഒപ്പുവെച്ച് നിയമമാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ