ടെക്‌സാസ്: ബഹിരാകാശ വിക്ഷേപണത്തില്‍ ചരിത്ര നേട്ടവുമായി ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ്. ലോകത്തെ ഏറ്റവും വലുതും കരുത്തുറ്റതുമായ സ്റ്റാര്‍ഷിപ് റോക്കറ്റിന്റെ ബൂസ്റ്റര്‍ഭാഗം വിക്ഷേപിച്ചു മിനിറ്റുകള്‍ക്കുള്ളില്‍ അതേ ലോഞ്ച്പാഡില്‍ വിജയകരമായി തിരിച്ചിറക്കി. സ്റ്റാര്‍ഷിപ് റോക്കറ്റിന്റെ അഞ്ചാമത്തെ പരീക്ഷണത്തിലാണു സ്‌പേസ്എക്‌സ് നേട്ടം കൈവരിച്ചത്.
ഇതിന്റെ വിഡിയോ ഇലോണ്‍ മസ്‌ക് പങ്കുവച്ചു. പരീക്ഷണം വിജയകരമായതോടെ എന്‍ജിനീയര്‍മാര്‍ ആവേശത്തോടെ കയ്യടിക്കുന്നതും വിഡിയോയിലുണ്ട്. ടെക്സാസിലെ ബ്രൗണ്‍സ്വില്ലില്‍ വിക്ഷേപണം നടന്ന് 7 മിനിറ്റിനുശേഷമാണു സ്റ്റാര്‍ഷിപ് റോക്കറ്റിന്റെ ബൂസ്റ്റര്‍ വിക്ഷേപണത്തറയിലേക്കു തിരിച്ചെത്തിയത്.
121 മീറ്റര്‍ ഉയരമുള്ള സ്റ്റാര്‍ഷിപ്പിന് 100 മുതല്‍ 150 ടണ്‍ വരെ ഭാരമുള്ള വസ്തുക്കള്‍ ബഹിരാകാശത്തേക്ക് അയയ്ക്കാനാകും. റോക്കറ്റിന്റെ ഒന്നാം ഭാഗത്തെ വിജയകരമായി തിരികെ ലാന്‍ഡ് ചെയ്യിക്കുകയായിരുന്നു അഞ്ചാം പരീക്ഷണ വിക്ഷേപണത്തിലെ ലക്ഷ്യം.
ബഹിരാകാശത്തുവച്ച് രണ്ടാം ഘട്ടവുമായി വേര്‍പെട്ട ശേഷം, ഒന്നാം ഭാഗത്തെ ലോഞ്ച്പാഡില്‍ വിജയകരമായി ലാന്‍ഡ് ചെയ്യിക്കുക എന്ന വെല്ലുവിളിയാണ് സ്‌പേസ്എക്സ് മറികടന്നത്. ബഹിരാകാശ വിനോദസഞ്ചാരത്തിനും ബഹിരാകാശത്തുനിന്ന് മടങ്ങുമ്പോള്‍ ഭൂമിയില്‍ സുരക്ഷിതമായി ഇറങ്ങുന്നതിനും ഈ പരീക്ഷണവിജയം ഗുണകരമാകും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക