പാരിസ്: ഭാര്യക്ക് മയക്കുമരുന്ന് നല്‍കിയ ശേഷം നിരവധി അപരിചതരെക്കൊണ്ട് ബലാത്സംഗം ചെയ്യിപ്പിച്ച കേസില്‍ 72 കാരന്റെ വിചാരണ ആരംഭിച്ചു. ഫ്രാന്‍സിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പവര്‍ യൂട്ടിലിറ്റി കമ്പനിയായ ഇഡിഎഫിലെ മുന്‍ ജീവനക്കാരനാണ് പ്രതി. 72 പുരുഷന്‍മാര്‍ 92 തവണ ബലാത്സംഗം ചെയ്തതായാണ് പൊലീസ് റിപ്പോര്‍ട്ട്. ഇതില്‍ 51 പേരെ തിരിച്ചറിഞ്ഞു.
26നും 74 ഉം വയസിനിടയിലുള്ള പുരുഷന്‍മാരാണ് 72 കാരിയായ സ്ത്രീയെ ബലാത്സംഗം ചെയ്തതെന്നാണ് പരാതി. പരസ്യ വിചാരണ നടത്തണമെന്ന സ്ത്രീയുടെ ആവശ്യവും കോടതി അംഗീകരിച്ചു. ഒരു പതിറ്റാണ്ടായി തുടരുന്ന ചൂഷണത്തെക്കുറിച്ച് തിരിച്ചറിയാനോ പ്രതികരിക്കാനോ കഴിയാത്ത അവസ്ഥയിലായിരുന്നു സ്ത്രീയെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. ഭാര്യക്ക് ആവര്‍ത്തിച്ച് മയക്കുമരുന്നു നല്‍കിയാണ് ഇത്തരം ചൂഷണത്തിന് വിധേയമാക്കിയത്.
ഒരു ദശാബ്ദത്തോളം നീണ്ടുനിന്ന ഈ ദുരുപയോഗം 2020ല്‍ മാത്രമാണ് പുറത്തുവന്നത്. വിചാരണ തന്റെ കക്ഷിയെ സംബന്ധിച്ചിടത്തോളം അതി കഠിനമായിരിക്കുമെന്നും അവരുടെ അഭിഭാഷകന്‍ അന്റോയിന്‍ കാമുസ് പറഞ്ഞു. 2020 സെപ്തംബറില്‍ ഒരു ഷോപ്പിങ് സെന്ററില്‍ സ്ത്രീകളുടെ പാവാടയ്ക്കുള്ളിലൂടെ രഹസ്യമായി വിഡിയോ പിടിക്കുന്ന സമയത്താണ് ഇയാള്‍ പിടിയിലാകുന്നത്. ഇതെത്തുടര്‍ന്ന് അന്വേഷണം ആരംഭിച്ചപ്പോഴാണ് വീടിനുള്ളിലെ ബലാത്സംഗ കഥ അറിയാന്‍ കഴിയുന്നത്. മയക്കുമരുന്ന് കൊടുത്ത് ഭാര്യയെ നിരവധിപ്പേരെ കൊണ്ട് ബലാത്സംഗം ചെയ്യുകയും നൂറു കണക്കിന് വിഡിയോകളും ചിത്രങ്ങളും ഇയാള്‍ എടുക്കുകയും ചെയ്തിരുന്നു. പ്രതിയുടെ കമ്പ്യൂട്ടറില്‍ തന്നെയാണ് ഇത്തരം വിഡിയോകളും ഫോട്ടോകളും പൊലീസ് കണ്ടെടുത്തത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
2011 ല്‍ പാരിസില്‍ താമസിക്കുന്ന സമയത്ത് തുടങ്ങിയ ചൂഷണം മാസാനിലേയ്ക്ക് മാറിയ ശേഷവും തുടര്‍ന്നു. ചിലര്‍ ആറ് തവണ വരെ ബലാത്സംഗം ചെയ്തവരുണ്ടെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ഇയാള്‍ക്ക് മാനസിക പ്രശ്‌നമൊന്നും തന്നെയില്ലെന്നും പൊലീസ് പറയുന്നു. ഓണ്‌ലൈന്‍ സൈറ്റായ coco.frല്‍ ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഇയാള്‍ ആവശ്യപ്പെട്ടതിന്റെ ചാറ്റുകളും തെളിവായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഡ്രൈവര്‍മാര്‍, അഗ്നിശമനാ ഉദ്യോഗസ്ഥര്‍, കമ്പനി മേധാവിമാര്‍, പത്രപ്രവര്‍ത്തകര്‍ എന്നിവരും സ്ത്രീയെ ബലാത്സംഗം ചെയ്തവരില്‍ ഉള്‍പ്പെടുന്നു. വിവാഹിതരും അവിവാഹിതരും എല്ലാം പ്രതിപ്പട്ടികയിലുണ്ട്.
മൂന്ന് പേര്‍ മാത്രമാണ് അബോധാവസ്ഥയില്‍ കിടക്കുന്ന അവളെ കണ്ട് തിരിച്ചിറങ്ങിപ്പോയതെന്നും മറ്റുള്ളവര്‍ എല്ലാവരും താന്‍ പറഞ്ഞത് അനുസരിച്ചെന്നും ഭര്‍ത്താവ് കോടതിയില്‍ പ്രോസിക്യൂട്ടര്‍മാരോട് പറഞ്ഞു. കേസിനെ തുടര്‍ന്ന് ഫ്രാന്‍സില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. കോടതിക്ക് പുറത്ത് സ്ത്രീകള്‍ പ്രതിയെ എത്രയും വേഗം ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം നടത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ