വാഷിങ്‌ടൺ: നവംബർ അഞ്ചിന് നടക്കാനിരിക്കുന്ന അമേരിക്കൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി കമല ഹാരിസുമായി ഇനി ഒരു സംവാദത്തിനില്ലെന്ന് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണള്‍ഡ് ട്രംപ്. ചൊവ്വാഴ്ച രാത്രി ഫിലാഡൽഫിയയിൽ എബിസി ന്യൂസ് സംഘടിപ്പിച്ച സംവാദത്തിൽ താൻ വിജയിച്ചെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ അവകാശപ്പെട്ടിരുന്നു.
ട്രംപിന്റെ പോസ്റ്റ് വൈറൽ ആയതോടെ മറ്റൊരു സംവാദത്തിന് കൂടി തയ്യാറാണെന്ന് കമല ഹാരിസ് പറഞ്ഞു. എന്നാൽ സംവാദം വേണമെന്ന കമലയുടെ ആവശ്യം ആദ്യത്തെ സംവാദത്തിൽ തോറ്റതിന്‍റെ ക്ഷീണം മറികടക്കാനാണെന്ന് ട്രംപ് പരിഹസിച്ചു. എന്നാൽ സംവാദത്തിന് പിന്നാലെ പുറത്തുവന്ന മിക്ക സർവേകളിലും കമല റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ട്രംപിനെക്കാൾ മികച്ച പ്രകടനം നടത്തിയെന്ന് സൂചിപ്പിക്കുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കമലയുടെ നുണകളും എബിസി ചാനൽ മോഡറേറ്റർമാരുടെ പക്ഷപാതവും ജനം തിരിച്ചറിഞ്ഞെന്നു പറഞ്ഞാണ് ട്രംപ് സംവാദത്തിൽ നിന്ന് ഒഴിവായത്. എന്നാൽ ഒരു സംവാദം കൂടി നടത്തേണ്ടത് വോട്ടർമാരോടുള്ള ഉത്തരവാദിത്തമാണെന്ന് കമല പ്രതികരിച്ചു. തെരഞ്ഞെടുപ്പ് നവംബർ അഞ്ചിന് ആണെങ്കിലും തപാൽ വോട്ടു മുൻകൂർ വോട്ടും പല സംസ്ഥാനങ്ങളിലും തുടങ്ങിക്കഴിഞ്ഞു. കൂടാതെ സംവാദത്തിലെ പ്രകടനം പ്രശംസ നേടിയതിനു പിന്നാലെ കമലയുടെ പ്രചാരണസംഘം 24 മണിക്കൂറിനിടെ 4.7 കോടി ഡോളർ സമാഹരിച്ചതും ശ്രദ്ധേയമായി.
ട്രംപിന്റെ രണ്ടാമത്തെ സംവാദമായിരുന്നു ഇത്. ജൂണിലെ ആദ്യ സംവാദത്തിൽ ട്രംപിന് മുന്നിൽ പരാജയപ്പെട്ടതോടെയാണ് പ്രസിഡന്റ് ജോ ബൈഡൻ തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയതും പകരം കമല എത്തിയതും. അതേസമയം, റിപ്പബ്ലിക്കൻ നോമിനി ജെഡി വാൻസും ഡെമോക്രാറ്റിക് നോമിനി ടിം വാൽസും ഏറ്റുമുട്ടുന്ന ആദ്യ വൈസ് പ്രസിഡൻഷ്യൽ സംവാദം ഒക്ടോബർ 1ന് നടക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക