ബെയ്‌റൂട്ട്: ഹിസ്ബുല്ല പ്രവര്‍ത്തകര്‍ ഉപയോഗിച്ചിരുന്ന പേജറുകള്‍ ഒരേസമയം ലെബനനിലും സിറിയയിലും പൊട്ടിത്തെറിച്ച് നിരവധിപ്പേരാണ് മരിച്ചത്. മരിച്ചവരില്‍ എട്ടുവയസുള്ള പെണ്‍കുട്ടിയും ഉള്‍പ്പെടും. ആയിരക്കണക്കിന് ആളുകള്‍ക്കാണ് പരിക്കേറ്റത്. സ്‌ഫോടനത്തിന് പിന്നില്‍ ഇസ്രയേല്‍ ആണെന്നാണ് ഹിസ്ബുല്ല ആരോപിക്കുന്നത്. പേജറുകളില്‍ നിറച്ചിരുന്ന സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് നിഗമനം. എന്നാല്‍ ഇതിന് പിന്നില്‍ ആരാണ് എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരാനുണ്ട്.
ഒരു റേഡിയോ ഫ്രീക്വന്‍സി സിഗ്‌നലിലൂടെ സംഖ്യകളോ അല്ലെങ്കില്‍ അക്കങ്ങളും അക്ഷരങ്ങളും അടങ്ങിയിട്ടുള്ള ആല്‍ഫാന്യൂമെറിക്കോ ആയിട്ടുള്ള സന്ദേശങ്ങള്‍ സ്വീകരിക്കുന്ന ഒരു ചെറിയ, പോര്‍ട്ടബിള്‍ ആശയവിനിമയ ഉപകരണമാണ് പേജര്‍. സെല്‍ ഫോണുകള്‍ ജനപ്രിയമാകുന്നതിന് മുമ്പാണ് പേജറുകള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നത്. ഡോക്ടര്‍മാര്‍, പത്രപ്രവര്‍ത്തകര്‍, സാങ്കേതിക വിദഗ്ധര്‍, മാനേജര്‍മാര്‍ തുടങ്ങിയ പ്രൊഫഷണലുകളാണ് ഇത് കൂടുതലായി ഉപയോഗിച്ചിരുന്നത്. വിദൂര പ്രദേശങ്ങളില്‍ പോലും പ്രധാനപ്പെട്ട സന്ദേശങ്ങള്‍ സ്വീകരിക്കാന്‍ ഇതുവഴി സാധിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
റേഡിയോ തരംഗങ്ങള്‍ വഴി ഒരു സന്ദേശം അയയ്ക്കുമ്പോള്‍, പേജര്‍ ഒരു പ്രത്യേക ബീപ്പ് ശബ്ദം പുറപ്പെടുവിച്ച് ഉപയോക്താവിന് മുന്നറിയിപ്പ് നല്‍കുന്ന തരത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം. സന്ദേശത്തോട് പ്രതികരിക്കുന്നതിന് ഉപയോക്താവിനോട് സമീപത്തുള്ള പൊതു അല്ലെങ്കില്‍ ലാന്‍ഡ്ലൈന്‍ ഫോണ്‍ കണ്ടെത്താന്‍ ആവശ്യപ്പെടുന്ന തരത്തിലാണ് ഇതിന്റെ തുടക്കത്തിലുള്ള പ്രവര്‍ത്തനം. സാങ്കേതികവിദ്യയില്‍ മാറ്റം വന്നപ്പോള്‍ പേജറുകള്‍ കാര്യമായ പുരോഗതിക്ക് വിധേയമായി. പുതിയ മോഡലുകളില്‍ ഒരു ചെറിയ സ്‌ക്രീന്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇതുവഴി ഉപകരണത്തില്‍ നോക്കി ഹ്രസ്വ സന്ദേശങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും. മൊബൈല്‍ ഫോണുകളുടെ വരവോടെയാണ് ഇതിന്റെ പ്രാധാന്യം നഷ്ടപ്പെട്ടത്. മൊബൈല്‍ ഫോണുകളിലുള്ള സൗകര്യം പേജറുകള്‍ക്കുള്ള ഡിമാന്‍ഡ് കുറയാന്‍ കാരണമായി. 1990കളുടെ അവസാനത്തോടെ പേജറുകള്‍ പൊതു ഉപയോഗത്തില്‍ നിന്ന് അപ്രത്യക്ഷമായി.
ഗ്രൂപ്പിന്റെ നീക്കങ്ങള്‍ ട്രാക്കുചെയ്യാന്‍ ഇസ്രയേലിന് എളുപ്പം സാധിക്കുമെന്നതിനാല്‍ സെല്‍ഫോണുകള്‍ കൈവശം വയ്ക്കരുതെന്ന് ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്രല്ല മുമ്പ് ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്നാണ് ആശയവിനിമയം നടത്താന്‍ ഹിസ്ബുല്ല പേജറുകള്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയത്. ഇത് മനസിലാക്കി ഇസ്രയേല്‍ നടത്തിയ ആക്രമണമാണിത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പൊട്ടിത്തെറിച്ച ഉപകരണങ്ങള്‍ തങ്ങളുടേതല്ലെന്നാണ് ഹിസ്ബുല്ലയുടെ അവകാശവാദം. ഗ്രൂപ്പ് മുമ്പ് ഉപയോഗിച്ചിട്ടില്ലാത്ത ഒരു പുതിയ ബ്രാന്‍ഡില്‍ നിന്നുള്ളതാണ് ഈ പേജറുകള്‍ എന്നാണ് ഹിസ്ബുല്ലയുടെ വിശദീകരണത്തില്‍ പറയുന്നത്. ആക്രമണത്തിന് മാസങ്ങള്‍ക്ക് മുന്‍പ് ഹിസബുല്ല ഇറക്കുമതി ചെയ്ത പേജറുകളില്‍ ഇസ്രയേല്‍ ചാര സംഘടനയായ മൊസാദ് സ്‌ഫോടകവസ്തു നിറയ്ക്കുകയായിരുന്നുവെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
ഈ തോതിലുള്ള ആക്രമണം ആസൂത്രണം ചെയ്യാന്‍ വളരെ സമയമെടുത്തു കാണാമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഏതാനും മാസങ്ങള്‍ മുതല്‍ രണ്ട് വര്‍ഷം വരെ സമയമെടുത്ത് കാണാം. നീണ്ടക്കാലം രഹസ്യാന്വേഷണം നടത്തിയ ശേഷമായിരിക്കാം ആക്രമണം ആസൂത്രണം ചെയ്തത്. പേജറുകള്‍ ഹിസ്ബുല്ലയ്ക്ക് വിതരണം ചെയ്യുന്നതിന് മുമ്പ് അവയില്‍ സ്‌ഫോടകവസ്തു നിറയ്ക്കണമെങ്കില്‍ ആവശ്യമായ ബന്ധങ്ങള്‍ കെട്ടിപ്പടുക്കേണ്ടതുണ്ട്. ഉപകരണങ്ങളില്‍ സ്‌ഫോടകവസ്തു നിറയ്ക്കുന്നതിന് ആവശ്യമായ സാങ്കേതികവിദ്യ വികസിപ്പിക്കേണ്ടതുണ്ട്. കൂടാതെ ലക്ഷ്യമിടുന്ന ആളുകളുടെ കൈവശം തന്നെയാണ് പേജറുകള്‍ ഉള്ളതെന്ന് സ്ഥിരീകരിക്കാന്‍ കഴിയുന്ന ഉറവിടങ്ങളും വികസിപ്പിക്കേണ്ടതുണ്ട്.
ആക്രമണത്തിന് മുമ്പ് കുറച്ച് നാള്‍ പേജറുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പുവരുത്തിയ ശേഷമായിരിക്കാം പദ്ധതി നടപ്പാക്കിയത്. പേജറുകള്‍ ആറ് മാസത്തോളം സാധാരണ നിലയില്‍ പ്രവര്‍ത്തിച്ച ശേഷമാകാം പൊട്ടിത്തെറിച്ചത്. ആറുമാസം മുന്‍പാണ് പേജറുകള്‍ വാങ്ങിയത് എന്ന് ഹിസ്ബുല്ല അംഗം പറഞ്ഞതായാണ് റിപ്പോര്‍ട്ട്. എല്ലാ ഉപകരണങ്ങളിലേക്കും അയച്ച ഒരു തെറ്റായ സന്ദേശമാകാം സ്‌ഫോടനത്തിലേക്ക് നയിച്ച ട്രിഗര്‍. അതായത് ഇത്തരത്തിലുള്ള ഒരു തെറ്റായ സന്ദേശം വഴി സ്‌ഫോടനം നടത്താനായിരിക്കാം പദ്ധതിയിട്ടിട്ടുണ്ടാവുക എന്നും വിദഗ്ധര്‍ പറയുന്നു. 3 മുതല്‍ 5 ഗ്രാം വരെ സ്ഫോടകശേഷിയുള്ള പദാര്‍ത്ഥം പേജറില്‍ ഒളിപ്പിച്ചിരിക്കാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക