കൊളംബോ: മരതകദ്വീപിനെ ചുവപ്പിച്ച മാര്‍ക്‌സിസ്റ്റ് നേതാവാണ് അനുര കുമാര ദിസനായകെ. അഴിമതിയില്‍ മനം മടുത്ത ഒരു ജനതയാണ് പുതിയ നേതാവായി അനുര കുമാരയെ ശ്രീലങ്കന്‍ പ്രസിഡന്റ് പദവിയിലിരുത്തിയത്. എംകെഡി എന്ന മൂന്നക്ഷരത്തില്‍ അറിയപ്പെടുന്ന 56കാരനായ ദിസനായകെ ഇന്ന് ശ്രീലങ്കയുടെ ഒന്‍പതാമത് പ്രസിഡന്റായി അധികാരമേറ്റു.
ശ്രീലങ്കയുടെ രാഷ്ട്രത്തലവനാകുന്ന ആദ്യത്തെ മാര്‍ക്‌സിസ്റ്റുപാര്‍ട്ടി നേതാവാണ് അനുര കുമാര. കടുത്ത അഴിമതി വിരുദ്ധ നിലപാടു പുലര്‍ത്തുന്ന, സംവിധാനങ്ങളുടെ സുതാര്യത ആവശ്യപ്പെടുന്ന നേതാവെന്ന പ്രതീതിയാണ് ദിസനായകെയ്ക്ക് തെരഞ്ഞെടുപ്പില്‍ തുണയായത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വെറും മൂന്ന് ശതമാനം വോട്ടുകള്‍ മാത്രമാണ് ദിസനായകെയുെട പാര്‍ട്ടി നേടിയത്. എന്നാല്‍ 2022 മുതല്‍ നാഷണല്‍ പീപ്പിള്‍ പവര്‍ സഖ്യത്തിന്റെ ജനപ്രീതി കുത്തനെ ഉയര്‍ന്നു. അധികാരമേറ്റ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ ഉദ്ഘാടന പ്രസംഗത്തില്‍, ജനാധിപത്യം സംരക്ഷിക്കുന്നതിനും, രാഷ്ട്രീയക്കാരുടെ ആദര്‍ശം വീണ്ടെടുക്കുന്നതിനുമായി താന്‍ പരാമാവധി ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്ത് അഴിമതി രഹിത ശക്തിക്ക് മാത്രമെ അഴിമതിക്കാര്‍ക്കെതിരെ നിലപാട് സ്വീകരിക്കാനാകൂ. 1994 മുതല്‍ ചന്ദ്രിക കുമാരതുംഗയുടെ കാലത്തുമുതല്‍ അഴിമതിക്കാരെ ശിക്ഷിക്കുമെന്ന് മുദ്രാവാക്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ആരും അഴിമതിക്കാരെ ശിക്ഷിച്ചില്ല. അഴിമതിക്കാര്‍ ഒരിക്കലും അഴിമതിക്കാരെ ശിക്ഷിക്കില്ല. അതുകൊണ്ട് അഴിമതി അവസാനിപ്പിക്കകുയെന്നതാണ് എന്‍പിപിയുടെ മുന്‍ഗണനയെന്ന് അനുര കുമാര നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
തന്റെ രാഷ്ട്രീയ പോരാട്ടം കേവലം ഒരു സര്‍ക്കാര്‍ രൂപീകരിക്കാനല്ലെന്നും ശ്രിലങ്കയുടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ഉള്‍പ്പെടെ സമുലമായ മാറ്റം കുറിക്കാനാണെന്നും ദിസനായകെ അഭിപ്രായപ്പെട്ടിരുന്നു. ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍നിന്ന് 100 കിലോമീറ്റര്‍ അകലെ തംബുട്ടെഗാമയിലെ തൊഴിലാളി കുടുംബത്തില്‍ 1968 നവംബര്‍ 24നായിരുന്നു ദിസനായകെയുടെ ജനനം. കൊളംബോ കെലനിയ സര്‍വകലാശാലയില്‍നിന്ന് സയന്‍സില്‍ ബിരുദം നേടിയ അദ്ദേഹം വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. 1987ല്‍ മാര്‍ക്‌സിസ്റ്റ് ജനത വിമുക്തി പെരമുനയില്‍ അംഗമായി. 1995ല്‍ സോഷ്യലിസ്റ്റ് സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ ദേശീയ ഓര്‍ഗനൈസറും ജെവിപിയുടെ കേന്ദ്ര വര്‍ക്കിങ് കമ്മിറ്റി അംഗവുമായി.
1998ല്‍ ജെവിപി പൊളിറ്റ് ബ്യൂറോയില്‍ ഇടം നേടിയ ദിസനായകെ 2000ല്‍ ആദ്യമായി ശ്രീലങ്കന്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2004ല്‍ ചന്ദ്രിക കുമാരതുംഗെയുടെ ശ്രീലങ്ക ഫ്രീഡം പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി കാര്‍ഷിക മന്ത്രിയായെങ്കിലും അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് 2005ല്‍ മന്ത്രിസ്ഥാനം രാജിവച്ചു. 2010-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കൊളംബോ ജില്ലയില്‍ നിന്ന് വീണ്ടും പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2014-ല്‍ പാര്‍ട്ടിയുടെ തലവനായി. 2015 ല്‍ കൊളംബോയില്‍ നിന്ന് വീണ്ടും വിജയിച്ച അദ്ദേഹം പ്രതിപക്ഷത്തിന്റെ ചീഫ് വിപ്പായി, 2019 വരെ ആ പദവി വഹിച്ചു.
ജനകീയ സര്‍ക്കാരുകളെ ലക്ഷ്യമിട്ട് നിരവധി രക്തരൂക്ഷിതമായ കലാപങ്ങള്‍ക്ക് ജെവിപി നേതൃത്വം നല്‍കി. ഓരോ തവണയും ക്രൂരമായ ഭരണകൂട അടിച്ചമര്‍ത്തലുകള്‍ നേരിടേണ്ടിവരികയും ചെയ്തു. ജനസ്വീകാര്യത പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ 2019-ല്‍ ജെവിപി സ്വയം എന്‍പിപിയായി പുനര്‍നാമകരണം ചെയ്തു. 1971 ലും 1987 നും 1990 നും ഇടയില്‍ ജനകീയ സര്‍ക്കാരുകളെ അട്ടിമറിക്കുന്നതിനായി പാര്‍ട്ടി രക്തരൂക്ഷിതമായ രണ്ട് കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കി, ഓരോ തവണയും ക്രൂരമായ ഭരണകൂട അടിച്ചമര്‍ത്തലുകള്‍ നേരിടേണ്ടി വന്നു. പണമില്ലാത്ത രാജ്യത്ത് സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഭാവി നിര്‍ണ്ണയിക്കുക എന്ന അടിയന്തര വെല്ലുവിളിയാണ് ദിസനായകെ നേരിടുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക