Journalists killed in Gaza: മാധ്യമ പ്രവര്‍ത്തകരുടെ ശവപ്പറമ്പായി ഗാസ; ഇതുവരെ കൊല്ലപ്പെട്ടത് ലോകയുദ്ധങ്ങളിലേക്കാള്‍ അധികം

യുഎസ് സിവില്‍വാര്‍, ഒന്ന് - രണ്ട് ലോക യുദ്ധങ്ങള്‍, കൊറിയന്‍ യുദ്ധം, വിയറ്റ്‌നാം യുദ്ധം, അഫ്ഗാനിലെ യുഎസ് സൈനിക നീക്കം എന്നിവയില്‍ മരിച്ചുവീണ മാധ്യമ പ്രവര്‍ത്തരേക്കാള്‍ കൂടുതല്‍ പേര്‍ ഗാസയില്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍
Israeli attack on tents housing journalists in Gaza
ഗാസയില്‍ മാധ്യമപ്രവര്‍ത്തരുടെ ടെന്റുകള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് ശേഷം Agency
Updated on

ഗാസ സിറ്റി: ഹമാസിനെതിരായ ആക്രണം എന്ന പേരില്‍ ഗാസയ്ക്ക് മേല്‍ ഇസ്രയേല്‍ നടത്തുന്ന സൈനിക നീക്കം ലോകത്ത് ഏറ്റവും അധികം മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട കാലം കൂടിയെന്ന് റിപ്പോര്‍ട്ട്. യുഎസ് സിവില്‍വാര്‍, ഒന്ന് - രണ്ട് ലോക യുദ്ധങ്ങള്‍, കൊറിയന്‍ യുദ്ധം, വിയറ്റ്‌നാം യുദ്ധം, അഫ്ഗാനിലെ യുഎസ് സൈനിക നീക്കം എന്നിവയില്‍ ജീവൻ നഷ്ടപ്പെട്ട മാധ്യമ പ്രവര്‍ത്തകരേക്കാള്‍ കൂടുതല്‍ പേര്‍ ഗാസയില്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗാസയിലെ ഇസ്രയേല്‍ സെനിക നീക്കം ഒന്നര വര്‍ഷം പിന്നിടുമ്പോഴാണ് ഗുരുതര സാഹചര്യം വെളിപ്പെടുത്തുന്ന കണക്കുകള്‍ പുറത്തുവരുന്നത്. 'യുദ്ധത്തിന്റെ നഷ്ടങ്ങള്‍' എന്ന പേരില്‍ ബ്രൗണ്‍ യൂണിവേഴ്‌സിറ്റി പുറത്തിറക്കിയ പഠനത്തില്‍ മാര്‍ച്ച് 26 വരെ 232 മാധ്യമ പ്രവര്‍ത്തകര്‍ ഗാസയില്‍ കൊല്ലപ്പെട്ടെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

ഏറ്റവും ഒടുവില്‍ ഗാസയില്‍ മാധ്യമ പ്രവര്‍ത്തകര്‍ തങ്ങുന്ന ക്യാംപിന് നേരെ ഉണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ടില്‍ എത്തിനില്‍ക്കുകയാണ് ഈ കണക്കുകള്‍. ഗാസ മുനമ്പിലെ രണ്ട് പ്രധാന ആശുപത്രികള്‍ക്ക് സമീപം ഉണ്ടായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ ക്യാംപിന് നേരെയായിരുന്നു ഞായറാഴ് രാത്രി ആക്രമണം ഉണ്ടായത്. രണ്ട് പേരുടെ ജീവനെടുത്ത സംഭവത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതില്‍ ആറ് പേര്‍ റിപ്പോര്‍ട്ടര്‍മാരാണ്. മരിച്ചവരില്‍ ഒരാള്‍ പ്രാദേശിക മാധ്യമ പ്രവര്‍ത്തകനാണെന്നും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

അന്താരാഷ്ട്ര നിയമങ്ങള്‍ പ്രകാരം മാധ്യമ പ്രവര്‍ത്തകര്‍ യുദ്ധ മേഖലകളില്‍ സംരക്ഷണം ലഭിക്കേണ്ട പൗരന്‍മാരുടെ ഗണത്തില്‍ ഉള്‍പ്പെടുന്നവരാണ്. ഈ സാഹചര്യം ഉള്‍പ്പെടെ നിലനില്‍ക്കെയാണ് ഗാസയില്‍ മാത്രം ഒന്നര വര്‍ഷത്തിനിടെ ഇരുന്നൂറില്‍ കൂടുതല്‍ പേര്‍ മരിച്ചെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.

ചരിത്രം പരിശോധിച്ചാല്‍ ഒന്ന്, രണ്ട് ലോക യുദ്ധങ്ങളില്‍ കൊല്ലപ്പെട്ടത് 69 മാധ്യമ പ്രവര്‍ത്തകരാണ്. ഇപ്പോഴും സംഘര്‍ഷം തുടരുന്ന റഷ്യ യുക്രെയ്ന്‍ യുദ്ധത്തില്‍ 19 മാധ്യമ പ്രവര്‍ത്തകരും ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട്. ഈ കണക്കുകള്‍ മാത്രം പരിശോധിച്ചാല്‍ ഇസ്രയേല്‍ സൈനിക നടപടി 'മാധ്യമങ്ങള്‍ക്ക് എതിരായ യുദ്ധം' എന്നു കൂടി വിലയിരുത്തേണ്ടിവരുമെന്നും ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയുടെ പഠനം ചൂണ്ടിക്കാട്ടുന്നു. മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായ കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ് ഉള്‍പ്പെടെ ഇതിനോടകം തന്നെ വിഷയം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍, ഗാസയിലെ സംഘര്‍ഷങ്ങളിലും സൈനിക നടപടികളിലും കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും പ്രാദേശിക റിപ്പോര്‍ട്ടര്‍മാരാണ്. അതിനാല്‍ തന്നെ ഹമാസിനോട് ചേര്‍ന്നു നില്‍ക്കുവരാണ് കൊല്ലപ്പെടുന്നത് എന്ന വാദം ഉയര്‍ത്തിയാണ് ഇസ്രയേല്‍ കണക്കുകളെ പ്രതിരോധിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com