
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്‍പ് ശതകോടീശ്വരനും യുഎസ് സര്‍ക്കാര്‍ ഏജന്‍സി ഡിപാര്‍ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി (ഡോജ്) യുടെ തലവനുമായ ഇലോണ്‍ മസ്‌കുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വാഷിങ്ടണിലെ ബ്ലെയര്‍ ഹൗസിലായിരുന്നു കൂടിക്കാഴ്ച. യുഎസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് മൈക്കല്‍ വാള്‍ട്‌സ്, യുഎസ് ഇന്റലിജന്‍സ് മേധാവി തുള്‍സി ഗബ്ബാര്‍ഡ്, വ്യവസായി വിവേക് രാമസ്വാമി തുടങ്ങിയവരുമായും മോദി കൂടിക്കാഴ്ച നടത്തി.
നാലു വയസുകാരനായ മകന്‍ എക്‌സ് ഉള്‍പ്പെടെ കുടുംബാംഗങ്ങളുമായാണ് മസ്‌ക് മോദിയെ കാണാന്‍ ബ്ലെയര്‍ ഹൗസിലെത്തിയത്. ബഹിരാകാശ രംഗത്ത് പുതിയ ഉയരങ്ങള്‍ ലക്ഷ്യമിടുന്ന ഇന്ത്യ സ്റ്റാര്‍ലിങ്കുമായി സഹകരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കൂടിക്കാഴ്ചയില്‍ ഉണ്ടായോയെന്ന് അറിവായിട്ടില്ല. ചെലവുകുറഞ്ഞ ടെസ്‌ല ഇലക്ട്രിക് കാറുകള്‍ ഇന്ത്യയില്‍ എത്തിക്കുന്നതിനെക്കുറിച്ചും നേരത്തെ മസ്‌ക് സംസാരിച്ചിരുന്നു.
ഇതിനു മുന്‍പും മസ്‌കുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. 2015ല്‍ സാന്‍ ഹോസെയിലെ ടെസ്‌ല പ്ലാന്റിലും മോദി സന്ദര്‍ശനം നടത്തി. എന്നാല്‍ അന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി അനുകൂലിയായിരുന്ന മസ്‌ക് ഇന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സര്‍ക്കാരില്‍ ഉന്നതസ്ഥാനം വഹിക്കുന്നുവെന്ന പ്രത്യേകതയും ഇത്തവണത്തെ കൂടിക്കാഴ്ചയ്ക്കുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക