സിറിയയില്‍ ആഭ്യന്തര സംഘര്‍ഷം രക്തരൂക്ഷിതമാകുന്നു; രണ്ട് ദിവസത്തിനിടെ കൊല്ലപ്പെട്ടത് ആയിരത്തോളം പേര്‍

അലവൈറ്റ് ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട നൂറുകണക്കിന് സാധാരണക്കാര്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍
സിറിയയില്‍ ആഭ്യന്തര സംഘര്‍ഷം  രക്തരൂക്ഷിതമാകുന്നു; രണ്ട് ദിവസത്തിനിടെ കൊല്ലപ്പെട്ടത് ആയിരത്തോളം പേര്‍
Updated on

ദമാസ്‌കസ്: ഇരുപത്തിനാല് വര്‍ഷം നീണ്ട ബഷാര്‍ അല്‍ അസദ് ഭരണം അവസാനിപ്പിച്ച വിമത നീക്കത്തിന് പിന്നാലെ സിറിയയില്‍ തുടരുന്ന ആഭ്യന്തര സംഘര്‍ഷങ്ങള്‍ രക്തരൂക്ഷിതമാകുന്നു. സിറിയന്‍ സുരക്ഷാ സേനയും അസദ് അനുകൂലികളും തമ്മിലുണ്ടായ സംഘര്‍ഷങ്ങളില്‍ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ആയിരത്തോളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സിറിയന്‍ തീര മേഖലകളായ ലതാകിയ, ടാര്‍ട്ടസ് പ്രവിശ്യകളില്‍ കേന്ദ്രീകരിച്ചാണ് സംഘര്‍ഷം രൂക്ഷമായി തുടരുന്നത്. മേഖലയില്‍ അലവൈറ്റ് ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട നൂറുകണക്കിന് സാധാരണക്കാര്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ് (എസ്ഒഎച്ച് ആര്‍) കണക്കുകള്‍ പ്രകാരം 745 പേര്‍ കഴിഞ്ഞ ദിവസങ്ങളിലായി കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു. അലവൈറ്റ് വിഭാഗത്തെ ലക്ഷ്യമിട്ട് മുപ്പതോളം കൂട്ടക്കൊലകളാണ് വെള്ളി, ശനി ദിവസങ്ങളില്‍ അരങ്ങേറിയത് എന്നും എസ്ഒഎച്ച് ആര്‍ കണക്കുകളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

വിമത നീക്കത്തെ തുടര്‍ന്ന് നാടുവിടേണ്ടിവന്ന ബഷാര്‍ അല്‍ അസദിന്റെ പ്രദേശമാണ് ഇപ്പോഴത്തെ സംഘര്‍ഷമേഖല. അല്‍ അസദും അലവൈറ്റ് വിഭാഗത്തില്‍പ്പെട്ട വ്യക്തിയായിരുന്നു എന്നതിനാല്‍ ഇപ്പോഴത്തെ കൂട്ടക്കൊലകള്‍ക്ക് പിന്നില്‍ സിറിയന്‍ സുരക്ഷാ സേനയാണെന്ന ആക്ഷേപവും ശക്തമാണ്.

2024 ഡിസംബറില്‍ അസദ് ഭരണകൂടം തകര്‍ന്നതിന് ശേഷം രാജ്യം നേരിട്ട ഏറ്റവും രൂക്ഷമായ അക്രമങ്ങളാണ് ഇപ്പോള്‍ അരങ്ങേറുന്നത് എന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സുരക്ഷാ സേനയിലെ ഏകദേശം 125 അംഗങ്ങളും 148 അസദ് അനുകൂലികളും രണ്ട് മൂന്ന് ദിവസങ്ങള്‍ക്കിടെ കൊല്ലപ്പെട്ടിട്ടുണ്ടെന്നും എസ്ഒഎച്ച്ആര്‍ റിപ്പോര്‍ട്ട് പറയുന്നു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നിരവധി പേര്‍ ഇതിനോടകം പ്രദേശത്തുനിന്നും പലായനം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. സിറിയന്‍ ജനസംഖ്യയുടെ ഏകദേശം പത്ത് ശതമാനത്തോളം വരുന്നതാണ് അലവൈറ്റ് വിഭാഗക്കാര്‍. ഷിയ മുസ്ലീങ്ങളിലെ ഉപ വിഭാഗമാണ് അലവൈറ്റുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com