സന്തുഷ്ട രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 118ാമത്; ഫിന്‍ലാന്‍ഡ് ഒന്നാമത്

ഡെന്‍മാര്‍ക്, ഐസ് ലന്‍ഡ് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. റാങ്കിങില്‍ ഏറ്റവും അവസാനം അഫ്ഗാന്‍ ആണ്. സിയറ ലിയോണും ലബനനുമാണ് തൊട്ടുമുന്നില്‍.
India ranks 118th in World Happiness Report 2025
പ്രതീകാത്മക ചിത്രം
Updated on

വാഷിങ്ടണ്‍: ഐക്യരാഷ്ട്ര സഭയുടെ വേള്‍ഡ് ഹാപ്പിനെസ് റിപ്പോര്‍ട്ട് പ്രകാരം ലോകത്തിലെ സന്തുഷ്ട രാജ്യങ്ങളില്‍ ഇന്ത്യ 118ാം സ്ഥാനത്ത്. ഫിന്‍ലാന്‍ഡ് ആണ് ഒന്നാമത്. ഡെന്‍മാര്‍ക്, ഐസ് ലന്‍ഡ് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. റാങ്കിങില്‍ ഏറ്റവും അവസാനം അഫ്ഗാന്‍ ആണ്. സിയറ ലിയോണും ലബനനുമാണ് തൊട്ടുമുന്നില്‍. നേപ്പാള്‍ (92ാം സ്ഥാനം), പാകിസ്ഥാന്‍ (109ാം സ്ഥാനം), ചൈന (68ാം സ്ഥാനം) എന്നിങ്ങനെ പോകുന്നു കണക്കുകള്‍. പതിവുപോലെ തന്നെ നോര്‍ഡിക്ക് രാജ്യങ്ങളാണ് ഇത്തവണയും വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടില്‍ മുന്‍പന്തിയിലെത്തിയത്.

147 രാജ്യങ്ങളില്‍ ഇന്ത്യ എട്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് 118ാം സ്ഥാനത്ത് എത്തിയത്. 2024ലും 2023ലും ഇന്ത്യയുടെ സ്ഥാനം 126 ആയിരുന്നു. 2012 ഇന്ത്യയുടെ റാങ്കിങ് 144 ആയിരുന്നു. സാമ്പത്തികവും സാമൂഹികവുമായി വെല്ലുവിളികള്‍ ഉണ്ടെങ്കിലും പട്ടികയില്‍ ഇന്ത്യയെക്കാള്‍ മുന്നിലാണ് പാകിസ്ഥാന്‍.

സന്തോഷത്തിനുള്ള 6 വിശദീകരണ ഘടകങ്ങള്‍ പഠനം പരിഗണിക്കുന്നു: സാമൂഹിക പിന്തുണ, പ്രതിശീര്‍ഷ ജിഡിപി, ആരോഗ്യ-ആയുര്‍ദൈര്‍ഘ്യം, സ്വാതന്ത്ര്യം, ദയ, അഴിമതിയെക്കുറിച്ചുള്ള ധാരണ എന്നിവയാണവ. പാശ്ചാത്യ രാജ്യങ്ങള്‍, പ്രത്യേകിച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍, ആദ്യ 20 സ്ഥാനങ്ങളില്‍ ആധിപത്യം പുലര്‍ത്തിയപ്പോള്‍, കോസ്റ്റാറിക്കയും മെക്സിക്കോയും ആദ്യമായി ആദ്യ പത്തില്‍ പ്രവേശിച്ചു. അതേസമയം, പട്ടികയില്‍ ലോകശക്തിയായ അമേരിക്ക പിന്നിലായി. 24-ാം സ്ഥാനമാണ് ഇക്കുറി അമേരിക്കയ്ക്ക് വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടില്‍ ലഭിച്ചത്. ഇതാദ്യമായാണ് അമേരിക്ക പട്ടികയില്‍ ഇത്രയും പിന്നിലാകുന്നത്. പൗരന്മാര്‍ തമ്മിലുള്ള സാമ്പത്തിക അന്തരമാണ് അമേരിക്കയെ പിന്നിലാക്കിയ ഘടകമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

കുറവുകള്‍ക്ക് പ്രാധാന്യം നല്‍കാതെ അവരവര്‍ക്കുള്ളതുവെച്ച് സന്തോഷത്തോടെ ജീവിക്കുന്നവരാണ് ഫിന്‍ലന്‍ഡ് ജനതയെന്നും പട്ടികയില്‍ ഒന്നാം സ്ഥാനം നേടാന്‍ സഹായിച്ചത് ഈ ഘടകമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പരിസ്ഥിതിയുമായി ഇണങ്ങിയുള്ള ജീവിതത്തിനാണ് ഫിന്നിഷ് ജനത മുന്‍തൂക്കം നല്‍കുന്നത്. പരസ്പരമുള്ള വിശ്വാസത്തിനും മനുഷ്യബന്ധത്തിനും ഇവര്‍ മൂല്യം കല്‍പ്പിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com