
ന്യൂഡല്‍ഹി: സമൂഹത്തിലെ സ്ത്രീ പുരുഷ തുല്യതയും സ്ത്രീകളുടെ അവകാശങ്ങളും പ്രതിപാദിച്ച കേസില്‍ ഇന്ത്യന്‍ സുപ്രീംകോടതിയുടെ വിധിന്യായം ഉയര്‍ത്തിക്കാട്ടി പാകിസ്ഥാന്‍ സുപ്രീം കോടതി. പിതാവിന്റെ മരണത്തെത്തുടര്‍ന്നുള്ള ആശ്രിത നിയമനത്തിന് വിവാഹിതയായ മകള്‍ക്ക് അര്‍ഹതയില്ലെന്ന് നിലപാട് സ്വീകരിച്ച പെഷവാറിലെ ട്രൈബ്യൂണല്‍ പരാമര്‍ശത്തെ നിരാകരിച്ചുകൊണ്ടാണു പാകിസ്ഥാന്‍ സുപ്രീം കോടതി വിധി പറഞ്ഞത്.
വിവാഹം കഴിച്ച മകള്‍ പിതാവിന്റെ ഉത്തരവാദിത്തമല്ലെന്നും ഭര്‍ത്താവിന്റെ ഉത്തരവാദിത്തമാണെന്നും ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള ട്രൈബ്യൂണല്‍ വിധിയാണ് സുപ്രീം കോടതി തള്ളിയത്.
2021ല്‍ മധ്യപ്രദേശില്‍ നിന്നുള്ള അപര്‍ണാ ഭട്ട് കേസില്‍ ഇന്ത്യന്‍ സുപ്രീം കോടതി നടത്തിയതുള്‍പ്പെടെയുള്ള വിധിന്യായങ്ങള്‍ നിരത്തിയായിരുന്നു പാകിസ്ഥാന്‍ സുപ്രീംകോടതിയുടെ വിധി. വിവാഹിതയായ മകളുടെ ബാധ്യത ഭര്‍ത്താവിനാണെന്ന തരത്തിലുള്ള പരാമര്‍ശം നിയമപരമായി നിലനില്‍ക്കില്ലെന്നും അത് സൂചിപ്പിക്കുന്നത് ആഴത്തിലുള്ള പുരുഷാധിപത്യ പ്രവണതയാണെന്നും പാക് സുപ്രീംകോടതി നിരീക്ഷിച്ചു. ഭരണഘടനാ മൂല്യങ്ങള്‍ക്കെതിരായ ഇത്തരം നിലപാടുകള്‍ അംഗീകരിക്കാനാവില്ലെന്നും പാകിസ്ഥാന്‍ സുപ്രീംകോടതി വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക