
ടെഹ്റാന്‍: ഇസ്രയേല്‍ ആക്രമണത്തില്‍ ( Israel Attack ) ഇറാന്‍ സൈനിക മേധാവിയും റെവലൂഷന്‍ ഗാര്‍ഡ് കോര്‍പ്സ് മേധാവിയും കൊല്ലപ്പെട്ടു. ഇറാന്റെ സംയുക്ത സൈനിക മേധാവി മുഹമ്മദ് ബാഗേരി ( Mohammad Bagheri) , ഇസ്ലാമിക് റെവലൂഷന്‍ ഗാര്‍ഡ് കോര്‍പ്സ് (ഐആര്‍ജിസി) മേധാവി മേജര്‍ ജനറല്‍ ഹൊസൈന്‍ സലാമി ( Hossein Selami ) എന്നിവര്‍ കൊല്ലപ്പെട്ടു. ടെഹ്റാനില്‍ വെള്ളിയാഴ്ച രാത്രിയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലാണ് സൈനിക മേധാവി കൊല്ലപ്പെട്ടതെന്ന് ഇറാന്‍ സ്റ്റേറ്റ് മീഡിയ അറിയിച്ചു.
ഇറാന്റെ മറ്റു ഉന്നത സൈനിക ഉദ്യോഗസ്ഥരും ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. രണ്ട് മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ആറ്റമിക് എനര്‍ജി ഓര്‍ഗനൈസേഷന്‍ ഓഫ് ഇറാന്റെ മുന്‍ തലവന്‍ ഫെറൈഡൂണ്‍ അബ്ബാസി, ടെഹ്‌റാനിലെ ഇസ്ലാമിക് ആസാദ് സര്‍വകലാശാല പ്രസിഡന്റ് മുഹമ്മദ് മെഹ്ദി തെഹ്‌റാഞ്ചി എന്നിവരാണ് കൊല്ലപ്പെട്ടത്. നടാൻസിലുള്ള ഇറാന്റെ പ്രാഥമിക ആണവ സമ്പുഷ്ടീകരണ കേന്ദ്രത്തിനും ബാലിസ്റ്റിക് മിസൈൽ പദ്ധതിക്കും നേരെയും ഇസ്രയേൽ വ്യോമാക്രമണം നടത്തിയിട്ടുണ്ട്.
ഓപ്പറേഷന്‍ റൈസിങ് ലയണ്‍ എന്ന പേരില്‍ ഇറാന്റെ ആണവകേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേലിന്റെ മിസൈൽ ആക്രമണം. ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ മാത്രം ആറു സ്ഫോടനങ്ങൾ നടന്നതെന്നാണ് റിപ്പോർട്ട്. ഇറാന്റെ ആണവ പ്ലാന്റുകൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് അറിയിച്ചു. ഇറാന്റെ ഭീഷണിയെ നേരിടുന്നതിനായി ‘ഓപ്പറേഷൻ റൈസിങ് ലയൺ’ തുടരുമെന്നും ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇറാനുനേരെ സൈനിക നടപടി ആരംഭിച്ചതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. ഇസ്രയേലിന്റേത് ഏകപക്ഷീയമായ നടപടിയാണെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ പ്രതികരിച്ചു. ഇറാന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വെള്ളിയാഴ്ച രാവിലെ ദേശീയ സുരക്ഷ കൗണ്‍സിലിന്റെ അടിയന്തര യോഗം വിളിച്ചുചേര്‍ത്തു. ഇറാനില്‍ ഇസ്രയേല്‍ ആക്രമണമുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് മിഡില്‍ ഈസ്റ്റിലുള്ള നയന്തന്ത്ര പ്രതിനിധികളെ അമേരിക്ക ഭാഗികമായി പിന്‍വലിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates