
ദുബായ്: ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷത്തില്‍ യുഎസ് ഇടപെടലിന് പിന്നാലെ ആക്രമിക്കപ്പെട്ട ഇറാന്റെ ഫൊര്‍ദോ ആണവകേന്ദ്രത്തിനു നേര്‍ക്ക് വീണ്ടും ആക്രമണം നടന്നതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച ആണവ കേന്ദ്രം വീണ്ടും ആക്രമിപ്പെട്ടെന്നാണ് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, തിങ്കളാഴ്ചത്തെ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ആരാണെന്നതില്‍ വ്യക്തയില്ല.
ഞായറാഴ്ച, ആയിരുന്നു ഇറാന്‍ ആണകേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി അമേരിക്ക ആക്രമണം നടത്തിയത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നെയാണ് ഇക്കാര്യം ലോകത്തോട് അറിയിച്ചത്. യുഎസ് ആക്രമണത്തില്‍ ഭൂഗര്‍ഭ ആണവ നിലയമായ ഫൊര്‍ദോയ്ക്ക് കാര്യമായ കേടുപാടുകള്‍ പറ്റിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിന് ശേഷം പുറത്തുവന്ന ചിത്രങ്ങളും ഇക്കാര്യം വ്യക്തമാക്കുന്നു.
എന്നാല്‍, ആണവ കേന്ദ്രത്തിന്‍ ഉണ്ടായിട്ടുള്ള നാശനഷ്ടങ്ങളുടെ വ്യാപ്തി ഇതുവരെ കണക്കാക്കാന്‍ സാധിച്ചിട്ടില്ലെന്ന് ഐക്യരാഷ്ട്രസംഘടനയുടെ ആണവ ഏജന്‍സി തലവന്‍ റാഫേല്‍ ഗ്രോസി ചൂണ്ടിക്കാട്ടുന്നു. രാജ്യാന്തര ആറ്റമിക് എനര്‍ജി ഏജന്‍സിയുടെ അടിയന്തര യോഗത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
അതേസമയം, ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷം 11-ാം ദിവസത്തിലേക്ക് കടക്കുമ്പോഴും ആക്രമണങ്ങള്‍ രൂക്ഷമായി തുടരുകയാണ്. ഇസ്രയേല്‍ തിങ്കളാഴ്ച നടത്തിയ ആക്രമണത്തില്‍ ടെഹ്‌റാനിലെ എവിന്‍ ജയിലിന് കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ജയില്‍ സമുച്ചയത്തിന്റെ കവാടം തകര്‍ന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
ഇറാനിലെ വിവിധ കേന്ദ്രങ്ങളില്‍ ശക്തമായ ആക്രമണം നടത്തിയതായി ഇസ്രയേല്‍ സൈന്യവും സ്ഥിരീകരിക്കുന്നു. ഇറാന്‍ ഇസ്രയേലിലേക്ക് മിസൈലുകള്‍ വിക്ഷേപിക്കാന്‍ ഉപയോഗിച്ച വ്യോമതാവളങ്ങളില്‍ ആക്രമണം നടത്തിയെന്നാണ് സൈന്യത്തിന്റെ അവകാശവാദം. പടിഞ്ഞാറന്‍, കിഴക്കന്‍, മധ്യ ഇറാന്‍ പ്രദേശങ്ങളിലെ ആറു വ്യോമതാവളങ്ങളിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ഇറാന്റെ എഫ്-14, എഫ്-5, എഎച്ച്-1 വിമാനങ്ങളും, ഇവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ധനം എത്തിക്കുന്ന വിമാനവും നശിപ്പിച്ചുവെന്നും ഇസ്രയേല്‍ സൈന്യം അറിയിച്ചു. 15ല്‍ അധികം യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം എന്നും ഇസ്രയേല്‍ സൈന്യം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ഇസ്രയേലിന് നേര്‍ക്ക് ഇറാനും ഇന്ന് ആക്രമണങ്ങള്‍ നടത്തിയിരുന്നു. വടക്ക്, മധ്യ ഇസ്രയേല്‍ പ്രദേശങ്ങളിലായിരുന്നു ആക്രമണങ്ങള്‍. ഹൈഫ, ടെല്‍ അവീവ് നഗരങ്ങളാണ് ഇറാന്‍ ലക്ഷ്യമിട്ടതെന്ന് ഇറാന്റെ ഔദ്യോഗിക ടെലിവിഷനും പറഞ്ഞു. ജറുസലമിലും സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായും മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ ഇറാനെതിരായ ആക്രമണങ്ങള്‍ക്ക് ശക്തമായി തിരിച്ചടിക്കും എന്ന് വ്യക്തമാക്കുകയാണ് ഇറാനിയന്‍ സായുധ സേനയുടെ സംയുക്ത മേധാവി അബ്ദുള്‍റഹീം മൗസവി. യുഎസ് നടത്തിയ ആക്രമണം ഇറാനിയന്‍ സേനയ്ക്ക് തിരിച്ചടിക്കാനുള്ള അവകാശം നല്‍കിയതായി അബ്ദുള്‍റഹീം മൗസവി വ്യക്തമാക്കുന്നു. പതിനായിരക്കണക്കിന് പതിനായിരക്കണക്കിന് അമേരിക്കന്‍ സൈനികര്‍ പശ്ചിമേഷ്യയിലെ വിവിധ കേന്ദ്രങ്ങളിലുണ്ട്. ഇവയില്‍ ഭൂരിഭാഗവും ഇറാന്റെ ഹ്രസ്വ-ദൂര മിസൈലുകളുടെ പരിധിയിലുള്ള സ്ഥലങ്ങളിലാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.
Iran’s underground enrichment site at Fordo was hit again Monday. Iran fired a salvo of missiles and drones at Israel and warned the United States.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates