റിയാദ് : ഒട്ടകങ്ങൾ എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസിൽ ഓടിയെത്തുന്നത് പൂഴി മണലിലൂടെ നടന്നു നീങ്ങുന്ന ആ സാധു മൃഗത്തെ ആയിരിക്കും. 46 രാജ്യങ്ങളിൽ ഒട്ടകങ്ങൾ ഉണ്ടെന്നാണ് കണക്കുകൾ പറയുന്നത്. 3.5 കോടി ഒട്ടകങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ളത് എന്നാണ് അനൗദ്യോഗിക കണക്കുകൾ പറയുന്നത്. ഇക്കഴിഞ്ഞ ജൂൺ 22 ലോക ഒട്ടക ദിനം ആയിരുന്നു. ആഗോളതലത്തിൽ വളരെയധികം വിപുലമായി തന്നെ ആണ് ഈ വർഷത്തെ ഒട്ടകദിനം ആഘോഷിച്ചത്.
ലോക ഒട്ടകദിനാചരണത്തോടനുബന്ധിച്ച് സൗദി പരിസ്ഥിതി മന്ത്രാലയം രാജ്യത്തെ ഒട്ടകങ്ങളുടെ സ്ഥിതിവിവരക്കണക്കുകൾ പുറത്തുവിട്ടിരുന്നു. രാജ്യത്ത് വിവിധ ഇനങ്ങളിൽപ്പെട്ട 22 ലക്ഷം ഒട്ടകങ്ങളുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. 656,400 ഒട്ടകങ്ങളുള്ള റിയാദ് മേഖലയാണ് മുന്നിൽ. കിഴക്കൻ പ്രവിശ്യയിൽ 361,100 ഉം മക്കയിൽ 281,100 ഉം ഒട്ടകങ്ങളുണ്ട്.
ലോക ഒട്ടകദിനത്തോട് അനുബന്ധിച്ച് ചരിത്രപരമായും സാമ്പത്തിക മേഖലയിലും ഒട്ടകങ്ങൾ വഹിക്കുന്ന പങ്ക് സൗദി മന്ത്രാലയം അവലോകനം ചെയ്തു.
ഒട്ടകപ്രജനനത്തെയും ഉൽപാദനത്തെയും പിന്തുണക്കുന്നതിനുള്ള സംവിധാനങ്ങൾ മന്ത്രാലയം ഒരുക്കുന്നു. മദീന മേഖലയിൽ 167,600 ഉം അൽ ഖസീമിൽ 138,800 ഉം ഹാഇലിൽ 128,100 ഉം അസീറിൽ 98,900 ഉം തബൂക്കിൽ 96,200 ഉം വടക്കൻ അതിർത്തി മേഖലയിൽ 88,300 ഉം ഒട്ടകങ്ങളുണ്ട്. അൽ ജൗഫിൽ 94,500, നജ്റാനിൽ 59,600, ജിസാനിൽ 36,900, അൽ ബാഹയിൽ 27,000 ഒട്ടകങ്ങൾ ഉള്ളതായി ആണ് റിപ്പോർട്ടിൽ പറയുന്നത്.
ഒട്ടകം അത്ര നിസ്സാരക്കാരനല്ല !
ഏത് ചുട്ടുപൊള്ളുന്ന മരുഭൂമിയിലും ജീവിക്കാൻ കഴിയുന്ന പ്രത്യേക ശാരീരിക സവിശേഷതകൾ ഒട്ടകങ്ങൾക്കുണ്ട്. ശരീരത്തിലെ കട്ടിയുള്ള രോമങ്ങളാണ് ഒട്ടകങ്ങളുടെ പ്രധാന സവിശേഷത. പൊള്ളിക്കുന്ന ചൂടിൽ നിന്നും മരംകോച്ചുന്ന തണുപ്പത്തു നിന്നും ശരീരത്തെ കാത്ത് സംരക്ഷിക്കുന്നത് ഈ രോമങ്ങളാണ്. ഇതിന് പുറമേ വയറിന്റെ ഭാഗത്തും കാൽമുട്ടുകളിലുമുള്ള കട്ടിയേറിയ മാംസഭാഗം നിലത്തെ ചൂടിനെ തടയാൻ സഹായിക്കും. അത് കൊണ്ട് ഏതു ചൂട് മണലിലും വളരെ ഈസിയായി നടക്കാൻ ഒട്ടകങ്ങൾക്ക് കഴിയും.
ഒട്ടകത്തിന്റെ പുറത്തെ കൂനാണ് മറ്റൊരു പ്രത്യേകത. വെള്ളവും ഭക്ഷണവും കഴിക്കാതെ ദിവസങ്ങളോളം മരുഭൂമിയിൽ കഴിയാൻ ഇവയെ സഹായിക്കുന്നത് ഈ പ്രത്യേകതയാണ്. വെറും 13 മിനിറ്റു കൊണ്ട് 113 ലിറ്റർ വെള്ളം കുടിക്കാൻ കഴിയുന്ന ജീവികൂടിയാണ് ഒട്ടകങ്ങൾ.
ഒട്ടകങ്ങളുടെ നീളവും വീതിയുമുള്ള കാലുകൾ ചൂടിൽ നിന്നും അവയെ സംരക്ഷിക്കുകയും പൊടിമണലിൽ താഴ്ന്നു പോകാതിരിക്കാൻ സഹായിക്കുകയും ചെയ്യും. നീളമുള്ള സമൃദ്ധമായ കൺപീലികൾ ഉള്ളത് കൊണ്ട് കാറ്റത്ത് മണൽ കണ്ണിൽ വീഴില്ല. രോമം, പാൽ , മാംസം, തുടങ്ങിയവയ്ക്കും മരുഭൂമിയിലെ യാത്രകൾക്കുമാണ് ഒട്ടകങ്ങളെ കൂടുതൽ ആയി ഉപയോഗിക്കുന്നത്. 40-50 വർഷം വരെയാണ് ഇവയുടെ ആയുസ്സ്.
When we hear the word camel, the first thing that comes to our mind is that humble animal that walks on the dusty sand. According to statistics, camels are found in 46 countries. Unofficial estimates say that there are 3.5 crore camels in different parts of the world.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates