'ആഗഡീഗഡ്യാകട്യേയ്',  ഞെട്ടണ്ട! തൃശൂർഭാഷ സിംപിളാട്ടാ

മോഹൻലാലിന്റെ ജയകൃഷ്ണനു പിറകെ മമ്മൂക്കയുടെ പ്രാഞ്ച്യേട്ടനെ രണ്ട് കയ്യും നീട്ടിയങ്ങ് സ്വീകരിച്ചു
'ആഗഡീഗഡ്യാകട്യേയ്',  ഞെട്ടണ്ട! തൃശൂർഭാഷ സിംപിളാട്ടാ

തൃശൂർക്കാർക്ക് എല്ലാവരും ഗഡികളാ, ഇഷ്ടം കൂടുമ്പോൾ ഇഷ്ടനെന്നും ദേഷ്യം കേറുമ്പോൾ ശവിയുമാകും. കുട്ടികളെയാണെങ്കിൽ 'ഡാ ക്ടാവേ' എന്നങ്ങ് നീട്ടി വിളിക്കും. മരണവീട്ടിൽ ചെന്നാലുള്ള വിശേഷണമോ, 'ആള് ദേ ഇപ്പോ പടായിട്ടേയുള്ളൂ' എന്നായിരിക്കും. സെന്റിമെന്റ്സ് സീനിനെ മൊത്തം കോമഡിയാക്കുന്ന ടീമോളാണ് തൃശൂരിലേത്. ഒറ്റ ശ്വാസത്തിൽ 'ആഗഡീഗഡ്യാകട്യേയ്' എന്നു കേട്ടാ ഞെട്ടണ്ട 'ആ നിക്കണ ഗഡീം, ഈ നിക്കണ ഗഡീം കൂടി ആകെ അടിയാ'യെന്നാണ് കക്ഷി പറഞ്ഞത്. 

മലയാള സിനിമയ്ക്ക് തൃശൂർ ഭാഷ ഭാ​ഗ്യമാണ്. തൃശൂർ ഭാഷ വിഷയമായുള്ള സിനിമകളെല്ലാം വിജയിച്ചതാണ് ചരിത്രം. പത്മരാജൻ കാലത്തെ തൂവാനത്തുമ്പികൾ മുതൽ ഇന്ന് തൃശ്ശൂർപ്പൂരം വരെ. 

തൂവാനത്തുമ്പികൾക്കു ശേഷം തൃശൂർ ഭാഷയ്ക്ക് അത്ര നല്ലകാലമായിരുന്നില്ല. വല്ല പലിശക്കാരനോ ക്വട്ടേഷൻകാരനോ പറഞ്ഞ് മാത്രമാണ് തൃശൂർ ഭാഷ കേട്ടിരുന്നത്. അങ്ങനെ പരമദാരിദ്യത്തിൽ കഴിയുമ്പോഴാണ് രക്ഷകനായി പ്രാഞ്ച്യേട്ടൻ പുണ്യാളനെയും കൂട്ടുപിടിച്ച് അവതരിച്ചത്. മോഹൻലാലിന്റെ ജയകൃഷ്ണനു പിറകെ മമ്മൂക്കയുടെ പ്രാഞ്ച്യേട്ടനെ രണ്ട് കയ്യും നീട്ടിയങ്ങ് സ്വീകരിച്ചു. "പൂരങ്ങളുടെ ഈ പൂരങ്ങളുടെ...മാറ്റുവിൻ ചട്ടുകങ്ങളെ അല്ലെങ്കി അത് നിങ്ങളെ മറിച്ചിടും..."എന്നു വിയർത്ത അരിപ്രാഞ്ച്യേട്ടനെ മലയാളി എങ്ങനെ മറക്കാനാണ്. 

ഗ്യാങ്സ് ഓഫ് വടക്കുന്നാഥൻ എന്ന സിനിമയിൽ മൊത്തം ഇടിയും വെട്ടും തെറിവിളിയുമായി തൃശൂക്കാരൻ വന്നെങ്കിലും അതങ്ങ് ഏറ്റില്ല. തൃശൂക്കാരൻ കോമഡി പറയുന്നത് കേൾക്കാനേ രസമുള്ളൂവെന്നായി പ്രേക്ഷകർ. പിന്നെയങ്ങ് പുണ്യാളന്റെയും ജയസൂര്യയുടെയും നാളുകളായിരുന്നു. എറണാകുളത്തു നിന്ന് വണ്ടി കയറി ജയസൂര്യയും കോട്ടയത്തു നിന്ന് അജു വർഗീസും തൃശൂര് ടൗണിൽ വന്നിറങ്ങി നല്ല മണി മണി പോലെ തൃശൂർ ഭാഷ കാച്ചി. 

പിന്നീട് സപ്തമശ്രീ തസ്കരാ:, തൃശ്ശിവപേരൂര്‍ ക്ലിപ്തം, ജമ്‌നാപ്യാരി, ദിവാന്‍ജിമൂല, ജോര്‍ജേട്ടന്‍സ് പൂരം മുതൽ ഇപ്പോൾ തിയേറ്ററുകളിലോടുന്ന തൃശ്ശൂർപ്പൂരം വരെ എത്തിനിൽക്കുകയാണ് മലയാള സിനിമയുടെ ത‌ൃശൂർ പ്രിയം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com