ഉപ്പിന് എന്താണോളീ വില?, ഗാന്ധി  ചോദിച്ചു; വികെഎന്നിന്റെ ചിരിച്ചിന്തകള്‍

ഉപ്പിന് എന്താണോളീ വില?, ഗാന്ധി  ചോദിച്ചു; വികെഎന്നിന്റെ ചിരിച്ചിന്തകള്‍
ഉപ്പിന് എന്താണോളീ വില?, ഗാന്ധി  ചോദിച്ചു; വികെഎന്നിന്റെ ചിരിച്ചിന്തകള്‍


മലയാളത്തിന്റെ ചിരിഭാവവും ചിന്താഭാരവുമാണ് വികെഎന്നിന്റെ എഴുത്ത്. നര്‍മത്തിന്റെ പുതിയ വ്യാകരണം തീര്‍ത്ത വികെഎന്‍ സാഹിത്യത്തിലെ ഏതാനും വരികളിലൂടെ..

ന്ത്യയില്‍ ഉപ്പു കണ്ടുപിടിച്ചത് മഹാത്മാഗാന്ധിയും അദ്ദേഹത്തിന്റെ ഇസവുമാകുന്നു. ആയിരത്തി തൊള്ളായിരത്തി മുപ്പതുകള്‍ അവസാനമായപ്പോഴേക്കും ഇവിടെ അഭ്യസ്തവിദ്യരും തൊാഴില്‍രഹിതരുമായ ഒരു മദ്ധ്യവര്‍ഗ്ഗം രൂപപ്പെട്ടിരുന്നു. മട്രിക്കുലേഷന്‍, എഫ്.എ., ബി.എ., പരീക്ഷകള്‍ പാസ്സായ ഒരു പരിഷ. കല്പിച്ചെങ്കിലെറാനെന്നല്ലാ
തിപ്പരിഷക്ക്, വേറൊന്നും ഉരിയാടാനും അറിയില്ലായിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റു സോവിയറ്റ് യൂണിയന്‍ സന്ദര്‍ശിച്ച ശേഷം സഞ്ചാരസാഹിത്യമെഴുതാന്‍ വട്ടം കൂട്ടുകയും ചെയ്തിരുന്നു. കേരളത്തിലാകട്ടെ, മഹാകവി കെ.പി.ജി. നമ്പൂതിരി, 
സോവിയറ്റെന്നൊരു നാടുണ്ടത്രെ
പോവാന്‍ തരായാലെന്തു ഭാഗ്യം 
എന്നിപ്രകാരം പാടിയുമിരുന്നു. ഇന്ത്യയില്‍ രക്തരൂക്ഷിതമായ ഒരു വിപ്ലവത്തിനുള്ള ലോട്ടറി ടിക്കറ്റുകള്‍ സാമി ബീഡി പോലെ വിറ്റഴിയുകയുമായിരുന്നു.
ഗാന്ധിക്കു കാര്യം മനസ്സിലായി. ഒരു വിപ്ലവം സംഘടിപ്പിക്കുവാന്‍ മാത്രം ഇന്ത്യന്‍ സമൂഹം വികസിച്ചിട്ടില്ല. ആയതിനു ശീട്ടു മോഷ്ടിക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന അഭ്യസ്തവിദ്യരെ അഹിംസാത്മകമായ വേറെ വല്ല വിപ്ലവത്തിലേക്കും തിരിച്ചു വിടേണ്ടിയിരിക്കുന്നു. ആകെ ഗുലുമാലാവാതിരിക്കാന്‍ എന്തുവഴി എന്ന് അതിചിന്ത വഹിച്ച് ആശാന്‍ ഗുജറാത്തിലെ ഒരു കമ്പോളത്തിലൂടെ നടക്കുമ്പോള്‍ പലവ്യഞ്ജനം വില്‍ക്കുന്ന ഒരു നീതിസ്‌റ്റോറുകാരന്‍ ക്ഷണിച്ചു. -റാം റാം ജി കി. എന്റെ കടയിലോട്ടൊന്നു കയറിയാട്ടെ. ശ്ശടേന്നു തിരിച്ചുപോകാം. 
ഗാന്ധി കയറിച്ചെന്നു. ഉപ്പ്, മുളക് തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ നിറച്ച് തുറന്നുവച്ച ചാക്കുകള്‍ നോക്കി ചോദിച്ചു:
-ഉപ്പിന് എന്താണോളീ വില? 
കടക്കാരന്‍ പറഞ്ഞു:
-ഏതാണോളി ഇപ്പനോളി എന്നു ചോദിക്കുന്ന മാതിരിയുണ്ടല്ലോ.
രണ്ടുപേരും കോഴിക്കോട് ദിശയിലേക്കു നോക്കി ചിരിച്ചു. ബുദ്ധന്‍ ചണ്ടായീന്റെ ചേല്ക്ക്ള്ള ചിരി.  ഗാന്ധി പറഞ്ഞു:
-അത് വിട്. ആദിക്ക്. ഒരു ശങ്കരന്‍ ഉണ്ടായിരുന്നെങ്കില്‍ ഓന്ക്ക് ഇന്ന ദിക്കിലേ ജനിച്ചുടൂ എന്നില്ലല്ലോ. ഹൂശ്. ഉപ്പിന് ബെല പറ.
സേറിന് ഒരു മുക്കാലെന്നു കച്ചവടക്കാരന്‍ പറഞ്ഞു. സാറന്മാര്‍ക്കായതുകൊണ്ടാണ് അത്രയും വില കുറച്ചു വില്‍ക്കുന്നത്. 
ഗാന്ധി ഐസായി.
-ഉശിരിന് പകരം വില്‍ക്കുന്ന ഉപ്പിനു പോലും സേറിനു ഒരു മുക്കാലോ? ഹൈറാം
ചില്ലി നികുതിയടക്കമാണ് വില, മഹാത്മന്‍!
ഉപ്പിനും നികുതിയോ? -
-ജി. 
അനന്തസാദ്ധ്യതകളുള്ള ഒരു പെരുവഴി മുന്നില്‍ തുറന്നുകിട്ടിയ ഗാന്ധി, താനറിയാതെ കൂവി.
മഹാത്മാഗാന്ധി കീ ജയ്!
ഭാരതമാതാവിനും അങ്ങനെ തന്നെ. 
അദ്ദേഹം തന്റെ അനുയായികളോട് പറഞ്ഞു. 
കേട്ടോ ബ്രിട്ടണ്‍ നമ്മെ ചൂഷണം ചെയ്യുന്ന മാതിരി. മനുഷ്യരാശിയുടെ പൊതുമുതല്‍ സാഗരം സാഗരോപമം എന്നു പദ്യം. കഞ്ഞി കുടിക്കാന്‍ ഉപ്പിനും നികുതി. അഭ്യസ്തവിദ്യരേ, നിരക്ഷരരേ, കോണ്‍ഗ്രസ്സുകാരേ, തൊപ്പിയിടുന്നതില്‍ വരെ എന്നെ അനുകരിച്ചോരേ, പോരേ പൂരം! ചലോ ചലോ സകലതും തങ്ങള്‍ക്കടുത്തുള്ള കടല്‍ക്കരയിലേക്ക്. 
ജനം പുഴ പോലെ കടലിലൊഴുകിയെത്തി. കത്തിയവാഡ് മുതല്‍ കടലുണ്ടിനഗരം വരെ. പോര്‍ബന്തര്‍ മുതല്‍ പയ്യന്നൂര്‍ വരെ. കല്ലുപ്പു കുറുക്കി. തല്ലുകൊണ്ടു. തല പൊട്ടി. തടവിലുമായി. ചാക്കരിയാണെങ്കിലും ഒരുനേരത്തെ ചോറും കിട്ടി.
അക്കാലം ഏതോ രാത്രി ഗാന്ധി ഉറക്കത്തില്‍ പറഞ്ഞത്രെ. ''സോവിയറ്റ് യൂണിയം എന്ന ദേശത്ത് ബിപ്ലവം കൊണ്ടുചെന്ന ദാസ്ഗുപ്തന്മാര്‍ക്ക് ഒരു ശുക്കുമറിയില്ല. മറ്റവന്റേതല്ലാതെ, സ്വയം ചോര ശിന്തി നാം ബിപ്ലവത്തെ ഒരരുക്കാക്കിയത് കണ്ടാ?
സ്വാതന്ത്ര്യം കിട്ടിയശേഷം ഈ സത്യാഗ്രഹികളൊക്കെ തങ്ങള്‍ ചെയ്ത ത്യാഗം വിറ്റു കാശാക്കി. താമ്രപത്രം, പെന്‍ഷന്‍, കൈക്കൂലി, കരിഞ്ചന്ത, ഇന്നതൊന്നേ ബാക്കിവച്ചുള്ളൂ എന്നില്ലാത്തവിധം. 
ഇവന്മാരുടെ സന്തതിപരമ്പരകളാണ് ഇക്കാലം ജനത്തെ വിഴുങ്ങുന്ന അയൊഡിന്‍ ചേര്‍ത്ത ഉപ്പിന്റെ പിന്നിലും. ഇരുപത്തഞ്ചുകോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ടാറ്റാചായയുടെ ഫാക്ടറിയിലുണ്ടാക്കുന്നത് ലവണനിമന്‍ എന്ന് ദൂരദര്‍ശനില്‍ പരസ്യം. ഒരു പൊടി പൊടിയനുമാണിവന്‍. ഭാരതമാതാവ് പെറ്റുകൂട്ടിയ കോടിക്കണക്കിന് ജനം മൊത്തമായി അമ്പതുകോടി രൂപ ചിലവാക്കി ഉപ്പിവനെ ചേര്‍ത്താവണം ഭക്ഷണം പാകം ചെയ്യുന്നതും അവനെ വിഴുങ്ങുന്നതും. ഈ വിധം ഉപ്പിട്ടു വയ്പവന് മരണമില്ല. 
കല്ലുപ്പ് കഴിപ്പവന് തൊണ്ടവീക്കവും പംഗുത്വവും അടിയന്തിരം. മുജ്ജന്മം ചെയ്ത പാപം അനുഭവിച്ചുകൊണ്ടേയിരിക്കും.
പൂര്‍വജന്മ കൃതം പാപം 
കല്ലുപ്പായി ജനിപ്പതേ 
എന്നു പ്രമാണം.
അയൊഡിന്‍ ചേര്‍ത്ത ലവണം പൂര്‍ണ്ണമായി സേവിച്ചവന് വേറെയുമുണ്ട് നേരമ്പോക്ക്. ആറോ ഏഴോ രൂപയ്ക്കു വാങ്ങുന്ന ഒരു പായ്ക്കറ്റ് ഉപ്പൊപ്പം ലവണാസുരവധം കഥകളി ഒരരങ്ങ് സൗജന്യമായി കാണാനുള്ള പാസ്സും കിട്ടും.

കയറ്റിറക്ക്
ചരക്കുകളുടെ കയറ്റിറക്ക് സുഗമമാക്കാന്‍ ഇംഗ്ലണ്ടില്‍ ഒരു യന്ത്രം വികസിപ്പിച്ചെടുത്തിരിക്കുന്നു. ഈ യന്ത്രത്തിന്റേതെന്നല്ല, ഒരു തന്ത്രത്തിന്റേയും സഹായമില്ലാതെ തന്നെ അതു നടപ്പായ നാള്‍ തൊട്ട് ചരക്കുകയറ്റിറക്കുമതി വഴി നേരമ്പോക്ക് കേരളത്തില്‍ നിര്‍ബാധം ടന്നിരുന്നു. പുലരും വരെ, പത്തറുപത് വിധത്തിലും തരത്തിലും ഇക്കളി തീക്കളിയുണ്ടെന്ന് ലന്ത പറങ്കിയുമിങ്കരിയസ്സും ദിക്‌സഞ്ചാരികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പെണ്‍മലയാളത്തെ 
ആസ്പദമാക്കി നാം തന്നെ നിര്‍മ്മിച്ച 'മഞ്ചല്‍' എന്നു പേരായ ഒരു നോവല്‍ബുക്ക് ഇക്കാലവും പ്രചുരപ്രചാരത്തിലുണ്ട്. അതില്‍. 'അരതാമര'യുള്ള നാകലോകക്കളരിയില്‍ വിരുതും കെട്ടി മേലോട്ടു ചാടിയ ഒരു തരുണിയുടെ വിഭ്രാന്തം സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്.
വേറെ, ഒരു രാത്രി 'നിങ്ങളേയുമെടുത്തു പറക്കും ഞാന്‍' എന്ന് സ്ത്രീവിമോചന വിഷയത്തില്‍ നിഷ്ണാതയും ചാരിത്രവതിയുമായ ഒരു ദേവസ്ത്രീ തൊണ്ടയിടറി ഭര്‍ത്താവിനോട് കൂവിയത്രെ. അന്നേരം മുറിക്കു പുറത്ത് കോലായില്‍ പായില്‍ കിടന്ന് എണ്ണം പിടിച്ചിരുന്ന മര്വോന്‍ ചെക്കന്‍ 'അയ്യോ, രാവിലെ കഞ്ഞി വിളമ്പിയി ശേഷം പറഞ്ഞാല്‍ മതി അമ്മായി', എന്ന് കര്‍ണ്ണാരുന്തുദമായി യാചിക്കയുമുണ്ടായത്രെ.
തിരുവിതാംകൂറില്‍ റേഡിയോ പ്രക്ഷേപണം തുടങ്ങിയ കാലത്ത് സ്റ്റേഷനില്‍ ചുവര്‍ഘടികാരം ഉണ്ടായിരുന്നില്ല. രാത്രി പത്തിന് പരിപാടി നിര്‍ത്തുകയും വേണം. 'അതിനെന്തു ചെയ്‌വൂ' എന്ന് ജീവനക്കാര്‍ വിഷമിക്കെ, കൃത്യം പത്തുമണിക്ക്. (സ്റ്റാഫില്‍ ഒരാളുടെ കൈയ്ക്ക് റിസ്റ്റ് വാച്ചുണ്ടായിരുന്നു) അയലത്തെ വീട്ടില്‍, തന്റെ 'മേല്‍' പുരുഷനെ താളി മുതല്‍ ഒരു വീര്‍പ്പ് തെറിയോ തെറി ചൊല്ലി, പെണ്ണാള്‍ 'ഹന്ത പൂങ്കോഴി കൂവി'യത്രെ്. പിന്നീട് മരിക്കുന്നതുവരേക്കുംം ടിയാരിയുടെ കൂവല്‍ കേട്ടായിരുന്നത്രെ രാത്രി കൃത്യം പത്തിന് നിലയം പൂട്ടി മുദ്ര വച്ചിരുന്നത്. മേലാള്‍ ഇല്ലാത്ത ദിവസം സ്റ്റേഷനില്‍നിന്ന് ആള്‍ പോയി അവരെ കയറി കൂവിക്കും. ഒരു കൂവലിനിടക്കാണത്രെ കേമി കാലഗ്രാസീഭൂതയായതും.
അഹോ! ഭാഗ്യവതീ നാരീ 
കളകണ്‌ഠേന കൂവിയോള്‍
തുറമുഖത്ത് കപ്പലിലെത്തുന്ന ചരക്കുകളുടെ കയറ്റുമതിയെ ഉദ്ദേശിച്ചുള്ളതാണ് ഒന്നാം ഖണ്ഡികയില്‍ പരാമൃഷ്ടമായ യന്ത്രം എന്ന് രണ്ടാം വായനയില്‍ കാണുന്നു. നന്നായി. നമ്മുടെ കാര്യം നാമായി. മൂന്നാമതൊരു യന്ത്രത്തിന്റെ ആവശ്യമില്ല.

ഫുട്‌ബോള്‍
വര്‍ഷങ്ങള്‍ക്കു മുന്‍പ് ബ്രസീലിന്റെ തലസ്ഥാനത്ത് ഒരു സഞ്ചാരസാഹിത്യകാരന്‍ അവിടുത്തെ പ്രസിഡന്റിനോട് സംസാരിച്ചിരിക്കുകയായിരുന്നു. 
പെട്ടെന്ന് പുറത്ത് അന്തരീക്ഷം പ്രക്ഷുബ്ധമായി. വെടിയൊച്ച, മുദ്രാവാക്യം വിളി, ബഹളം.
സഞ്ചാരി രാഷ്ട്രപതിയോട് തെക്കന്‍ മട്ടില്‍ ചോദിച്ചു:
-ഒയ്യൊ, വല്ല വിപ്ലവമോ മറ്റോ...
രാഷ്ട്രപതി വള്ളവനാടന്‍ മട്ടില്‍ പറഞ്ഞു:
-ച്ചാല്‍, ഒന്നൂല്ലാര്‍ത്ഥം. ബ്രസീല്‍ ഏതെങ്കിലും ലോകകപ്പ് ഫുട്‌ബോള്‍ ജയിച്ചതിന്റെ കിഞ്ചിച്ഛേഷമാവും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com