'കാലമ്മാരേ നീയക്ക തൊണ്ണൂറാം കുരുപൊക്കി തെണ്ട വായ്ക്കരിയിട്ട് നിന്റേക്ക അമ്മച്ചിമാര്‍ക്ക് ഒതവാത പോട്ടെ'

പാറശ്ശാലയോട് ചേര്‍ന്ന് കിടക്കുന്ന തമിഴ്‌നാടന്‍ ഗ്രാമങ്ങള്‍: ഇവ സംസാരിക്കുന്നതൊരു പ്രത്യേക താളത്തിലുള്ള മലയാളവും തമിഴുമാണ്
'കാലമ്മാരേ നീയക്ക തൊണ്ണൂറാം കുരുപൊക്കി തെണ്ട വായ്ക്കരിയിട്ട് നിന്റേക്ക അമ്മച്ചിമാര്‍ക്ക് ഒതവാത പോട്ടെ'

തിരോന്തരം ഭാഷ പോലെ പ്രസിദ്ധമാണ് അതിന്റെ ശൈലി വ്യത്യാസങ്ങളും. നഗരത്തില്‍ നിന്നും ഗ്രാമാന്തരങ്ങളിലേക്ക് പോകുന്തോറും ഭാഷാപ്രയോഗത്തിലും സംസാരശൈലിയിലും വ്യത്യാസം പ്രകടമാണ്. തമിഴ്‌നാടിനോട് വളരെയടുത്ത് നില്‍ക്കുന്ന പാറശ്ശാല, അതുപോലെ പാറശ്ശാലയോട് ചേര്‍ന്ന് കിടക്കുന്ന തമിഴ്‌നാടന്‍ ഗ്രാമങ്ങള്‍: ഇവ സംസാരിക്കുന്നതൊരു പ്രത്യേക താളത്തിലുള്ള മലയാളവും തമിഴുമാണ്. പരസ്പരം അലിയാനും അലിയാതിരിക്കാനുമുള്ള ഭാഷാപരിശ്രമങ്ങള്‍. അവരുടെ ഹൃദയവികാരങ്ങളെ മുറിച്ചു കളഞ്ഞ് അതിലുള്ള (ഉണ്ടെന്ന് പറയപ്പെടുന്ന) തമാശയെ ചൂഷണം ചെയ്ത ചില മിമിക്രി താരങ്ങളാണ് തിരുവനന്തപുരത്തെ മൊത്തത്തില്‍ പ്രതിനിധാനം ചെയ്യുന്ന ഒന്നാണീ പാറശ്ശാല സ്‌ളാങ്ങെന്ന ('തള്ളേ എന്തരിത്' രീതി) അബദ്ധ പ്രതീതി കേരളം മുഴുവന്‍ പറഞ്ഞുപരത്തിയത്.

അവരുടെ ചാണകക്കുഴിയില്‍ വീഴുന്നതരം ഹാസ്യവേലകള്‍ പോലെ തന്നെ അത്തരം മിഥ്യാധാരണകളും ജനത്താല്‍ തിരസ്‌കരിക്കപ്പെടുന്നതും നാം കാണുന്നുണ്ട്. അതറിയുന്നതിന് പി.എ. ഉത്തമന്റെ നെടുമങ്ങാടന്‍ സ്‌ളാങ്ങ് നിറഞ്ഞ തുപ്പതുപ്പയോ ചാവൊലിയോ വായിക്കണമെന്ന് നിര്‍ബന്ധിക്കുന്നില്ല, തിരുവിതാംകൂറിന്റെ ഭാഷാചരിത്രം വായിച്ച് സമര്‍ഥിക്കാനും പോകുന്നില്ല. പകരം വരൂ വെഞ്ഞാറമ്മൂടിന്റെയും ആറ്റിങ്ങലിന്റെയും കിളിമാനൂരിന്റെയും ഇടവഴികളിലൂടെ അവര്‍ പറയുന്നത് കേട്ടൊന്ന് നടക്കാം.ചെവുത്ത (ബോധം) കെട്ടൊറങ്ങുന്ന കെട്ട്യോനെ കുലുക്കി ഒണത്തി ഒരു സ്ര്തീ തൊടങ്ങും ഏഴര വെളുപ്പിനേ ഒരു ദെവസം. തലങ്ങിണി (തലയണായും പായും (പരമ്പ്) മടക്കിവെയ്ക്കുന്ന അവരൊരു പ്രസ്ഥാനമായിരിക്കും. ഇരുട്ട്‌ന്നേര വായിത്തോണത് (അത് മറ്റുള്ളോരെ വെറുപ്പിക്കുന്നതാവാം കലിപ്പിക്കുന്നതാവാം എന്നൊന്നും ശ്രദ്ധിക്കാതെ) വിളിച്ച് പറഞ്ഞ് ഒരുവിധം കുടുമ്പം നിലയ്ക്ക് നിര്‍ത്തുന്നതവരായിരിക്കും.

മൊഹോം (മുഖം) കഴുകി കക്കൂസിലും പോയി (കക്കൂസില്ലാത്ത കാലത്ത് വെളിമ്പറമ്പുകളിലേക്ക് വെളിക്കിരിക്കാന്‍ പോകും), പേസ്റ്റാ ഉമിക്കരിയാ എട്ത്ത് പല്ലും തേച്ച് വാ കൊപ്‌ളിച്ച് തൈത്തെങ്ങീന്നൊര് ഈക്കില് (ഈര്‍ക്കില്‍) ഒടിച്ചെടുത്ത് നാക്കും വടിച്ച് റെഡിയാവും. വീട്ടില്‍ കെളവി (വൃദ്ധ അമ്മൂമ്മ)മാര് വല്ലതുമുണ്ടങ്കില്‍പിന്നെ ചെവിതല കേപ്പിക്കൂല. പഴേ കാര്യങ്ങളെ തിവട്ടി (തികട്ടി) തിവട്ടിയിരുന്ന് ആളേള (ആളുകളെ) കുറ്റം പറയും. കുഴീലോട്ട് കാലുന്നീട്ടി ഇരിക്കേ അല്ലേ, ചുമ്മാ പറയട്ട് കെളവി.ഞാന്‍ വളരെ കുഞ്ഞായിരുന്ന സമയത്ത് അമ്മൂമ്മയോടൊപ്പം കുളത്തില്‍ കുളിക്കാന്‍ പോകുമായിരുന്നു. ഒരുദിവസം അങ്ങനെ പോകവെ രണ്ട് പയ്യന്മാര് നമ്മടെ വഴിയില്‍ കയറി നിന്ന് അമ്മൂമ്മയോട് ഗൗരവത്തിലൊരു ചോദ്യം ''നിങ്ങക്ക് മൂക്കിപ്പഞ്ഞി വയ്ക്കണ്ടേ?' പൊയം (നടു) വേദനയുള്ള കെളവി ഒന്നും പിടികിട്ടാതെ വാ പിളര്‍ന്ന് നിന്നു. എനിക്കും അന്നൊന്നും പിടികിട്ടിയില്ല. കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ കുട്ടിക്കാല സമ്പവം (സംഭവം) മനസ്‌സിലിങ്ങനെ തെളിഞ്ഞ് കിടപ്പുണ്ട്. ''നിങ്ങക്ക് ചാവണ്ടേ (മരിക്കണ്ടേ) കെളവീ' എന്നാണവന്മാര് നാട്ടുശൈലികളുടെ ഉസ്താദിനിയായ അമ്മൂമ്മക്ക് പോലും മനസ്‌സിലാക്കാനാകാത്ത സ്‌ളാങ്ങില്‍ ചോയിച്ചത്.

അന്ന് അതവര്‍ക്ക് പിടികിട്ടിയിരുന്നെങ്കില്‍ 'കാലമ്മാരേ നീയക്ക തൊണ്ണൂറാം കുരുപൊക്കി തെണ്ട വായ്ക്കരിയിട്ട് നിന്റേക്ക അമ്മച്ചിമാര്‍ക്ക് ഒതവാത പോട്ടെ'ന്നോ 'പൂറിമ്മോമ്മാരേ നിന്റേക്കവതുപ്പ് (അഹങ്കാരം) അടങ്ങാന്‍ സമയമായെ'ന്നോ ഒക്കെ മണ്ണ് വാരിയിട്ട് പ്‌രാകിയേനെ. അതായിരുന്നു അവരുടെ സ്‌റ്റൈല്‍. പലതരം ചീത്തകള്‍ (അതൊക്കെ എഴുതാമോ) സ്വായത്തമായിരുന്ന, ശരീരത്തിന് തന്നെ പല പല നാടന്‍ പദപ്രയോഗങ്ങള്‍ നല്‍കിയിരുന്ന (നടുവിന് 'പൊയം' 'ലാപ്പുറം' എന്നൊക്കെ വെച്ച് കാച്ചുമായിരുന്നു), തൊഴ്ത് പ്‌രാക്കിന്റെ കേദാരമായ, വാ തുറന്നാല്‍ ജാതി പറയുന്ന (ഈഴത്തി, ചൂത്തരത്തി, പെലയി, കൊറത്തി, അമ്പട്ടന്‍, വേടര്, പണ്ടാരത്തി, മേത്തന്റെ പെണ്ടാട്ടി, അരപ്പെര (അറപ്പുര) മടത്തില പോറ്റിച്ചിയമ്മ എന്നൊക്കെ ഓരോ പെണ്ണുങ്ങളെ കാണുമ്പോഴും പതുക്കെ പറയുമായിരുന്നു) അവരെപ്പോലും മറ്റൊരു തലമുറ അവരുടേതായ ശൈലിയിലും സ്‌ളാങ്ങിലും വീഴ്ത്തി. അതാണ് തലമുറകള്‍ നവീകരിക്കുന്ന നാടന്‍ സ്‌ളാങ്ങ്. അമ്മയുടെ കൂട്ടുകാരികളെ 'അവള ശില്‍ബന്തികള്‍' എന്ന് വിളിച്ചിരുന്ന അവര്‍ ഇതുപോലെ മറ്റെവിടെയും കേട്ടിട്ടില്ലാത്ത, അടിച്ചുമാറ്റിയെടുക്കാന്‍ കഴിയാത്ത അനേകം നാടന്‍ പ്രയോഗങ്ങളും കൊണ്ടാണ് മരിച്ച് മണ്ണടിഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com